നെല്ല് സംഭരണം അടുത്തയാഴ്ച തുടങ്ങും
text_fieldsആലപ്പുഴ: ഈ സീസണിലെ ഒന്നാംവിള നെൽ സംഭരണം അടുത്തയാഴ്ച തുടങ്ങും. ഒന്നാംവിള കൊയ്ത്തു തുടങ്ങിയെങ്കിലും സംഭരണത്തിന് മില്ലുകാർ മടിച്ച് നിൽക്കുകയാണ്. മില്ലുടമകളുടെ സംഘടനയുമായി സിവിൽ സപ്ലൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ചർച്ച നടക്കും. അതിനുശേഷം മില്ലുകാർ സംഭരണത്തിന് തയാറാകുമെന്നാണ് പ്രതീക്ഷ. നെല്ലിന്റെ ഗുണനിലവാരക്കുറവിനെയും കിഴിവിനെയുംചൊല്ലി കർഷകരും മില്ലുകാരും തമ്മിൽ തർക്കം വ്യാപകമായതോടെയാണ് മില്ലുകാർ ഇത്തവണ സംഭരണത്തിന് മടിച്ചു നിൽക്കുന്നത്.
കിലോക്ക് 28.32 രൂപ നിരക്കിലാണ് ഇപ്പോൾ നെൽ സംഭരണം നടക്കുന്നത്. സംഭരണ വില വർധിപ്പിക്കാത്ത സർക്കാർ നടപടിയിൽ കർഷകർക്കിടയിൽ പ്രതിഷേധം വ്യാപകമാണ്. മില്ലുടമകളുമായി നേരത്തേ രണ്ടുതവണ ചർച്ച നടന്നുവെങ്കിലും ധാരണയായിരുന്നില്ല. അതിനാലാണ് ചൊവ്വാഴ്ച വീണ്ടും ചർച്ച നടക്കുന്നത്. ഒക്ടോബർ ആദ്യവാരം സംഭരണം തുടങ്ങുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. മില്ലുകാരുടെ തർക്കം പരിഹരിക്കാത്തതിനാൽ അതിന് കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് കൊയ്ത്ത് വ്യാപകമാകും. സംഭരണം വൈകിയാൽ വലിയ കർഷകരോഷം ഉയരും.
പൊതുമേഖല സ്ഥാപനമായ ഓയിൽ പാം ഇന്ത്യക്കുവേണ്ടി കോഓപറേറ്റിവ് മാർക്കറ്റിങ് സൊസൈറ്റികൾ നെല്ല് സംഭരിക്കുന്നുണ്ടെങ്കിലും അത് പരിമിതമാണ്. കേന്ദ്ര-സംസ്ഥാന സഹകരണ സംഘങ്ങൾ നെല്ലുസംഭരണത്തിന് മുന്നൊരുക്കം ആരംഭിച്ചെങ്കിലും അന്തിമ തീരുമാനമായില്ല. ജില്ലയിൽ ഇതുവരെ ഒരു മില്ലുകാർ മാത്രമാണ് സംഭരണത്തിന് തയാറായി എത്തിയിട്ടുള്ളത്. മറ്റുള്ളവർ സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റുമായി ധാരണപത്രം ഒപ്പുവെക്കാൻ തയാറായിട്ടില്ല. ഹരിപ്പാട് താലൂക്കിലാണ് ഇപ്പോൾ കൊയ്ത്ത് തുടങ്ങിയത്. വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചാലേ കരാർ ഒപ്പിടുവെന്ന നിലപാടിലാണ് അരിമിൽ ഉടമകൾ.
മുൻവർഷങ്ങളിൽ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നാണ് അവരുടെ പരാതി. കേന്ദ്രനിബന്ധന പ്രകാരം നെല്ല് സംസ്കരിച്ച് 68 ശതമാനം അരി തിരികെ നൽകണം. കേരളത്തിൽ 64.503 ശതമാനം അരിയേ ലഭിക്കുന്നുള്ളൂ എന്നാണ് മില്ലുകാരുടെ വാദം. വ്യത്യാസം വരുന്ന 3.50 ശതമാനം അരിയുടെ വില മില്ലുകാർക്ക് നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഈ തുക ഇതുവരെ അനുവദിച്ചിട്ടില്ല. നെല്ല് അരിയാക്കുന്നതിന് കൈകാര്യച്ചെലവ് 272 രൂപയായി ഉയർത്തുക, കൈകാര്യച്ചെലവിന് ജി.എസ്.ടി ഏർപ്പെടുത്തിയത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും മില്ലുകാർ ഉന്നയിക്കുന്നു. അക്കാര്യത്തിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ല.
നയപരമായ തീരുമാനം അതിന് ആവശ്യമാണ്. സംസ്ഥാനത്ത് സംഭരണവില പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സീസണിലെ നെല്ല് സംഭരിച്ച ഇനത്തിൽ ജില്ലയിൽ 257 കർഷകർക്കായി മൂന്നു കോടി ഇനിയും നൽകാനുണ്ട്. ഇതിൽ ഭൂരിഭാഗം പേർക്കും തുക നൽകാനാവാത്തത് അവകാശത്തെ ചൊല്ലിയുള്ള തർക്കങ്ങളും രേഖകൾ ഹാജരാക്കുന്നതിലെ വീഴ്ചകളും നിമിത്തമാണെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറയുന്നു.