കർഷകർ ചോദിക്കുന്നു നെല്ല് വിറ്റ പണമെവിടെ
text_fieldsകോട്ടയം: നെല്ല്വിറ്റ പണം നൽകാതെ സര്‍ക്കാര്‍ കബളിപ്പിക്കുന്നതായി കര്‍ഷകർ. സപ്ലൈകോ വഴി വിറ്റ നെല്ലിന് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വരെ പണം നൽകിയെന്നും തെരഞ്ഞെടുപ്പിന് ശേഷം ബാങ്കില്പണം വന്നിട്ടില്ലെന്നുമുള്ള ആക്ഷേപമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. നെല്ല് സംഭരണത്തിൽ മെല്ലപ്പോക്ക് സ്വീകരിക്കുന്ന സർക്കാർ നെല്ലിന്റെ വില നൽകുന്നതിലും തട്ടിപ്പ് കാണിക്കുന്നതായാണ് ആരോപണം.
വിറ്റ നെല്ലിന് പാഡി ഓഫിസര്‍ നല്കിയ പി.ആര്.എസ് തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബാങ്കില്‍ നല്കിയ കര്‍ഷകര്‍ക്ക് പണം കിട്ടി. എന്നാൽ പന്ത്രണ്ടിന് ശേഷം പി.ആര്.എസ് കൊടുത്തവര്‍ക്കാണ് പണം വരാത്തത്. ഈര്‍പ്പമില്ലാത്ത നെല്ല് ക്വിന്റലിന് നാലും അഞ്ചും കിലോ കിഴിവ് നല്‍കിയാണ് മില്ലുകൾ സംഭരിക്കുന്നത്. ഇത്തരത്തില്‍ ഓരോ ക്വിന്റലിനും 150 രൂപ വരെയാണ് കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടമെന്നും അവർ പറയുന്നു. മഴമൂലം വൈക്കോൽ ചീഞ്ഞു പോയതിനാല്‍ അതിൽ നിന്നുള്ള വരുമാനവും നഷ്ടപ്പെട്ടതായി അവർ ചൂണ്ടിക്കാട്ടുന്നു.
മുമ്പ് ഒരേക്കറിലെ വൈക്കോൽ വിറ്റാൽ 500 രൂപ മുതല്‍ 1,500 രൂപവരെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. മഴമൂലം ചീഞ്ഞവൈക്കോൽ വാരിമാറ്റാനും കഴിയാത്ത അവസ്ഥയാണെന്ന് കർഷകർ പരാതിപ്പെടുന്നു. സംഭരിക്കുന്ന നെല്ലിന്റെ പണം സമയബന്ധിതമായി ലഭിച്ചാൽ മാത്രമേ കൃഷിക്കെടുത്ത ബാങ്ക് വായ്പ ഉൾപ്പെടെ തിരിച്ചടക്കാൻ കഴിയൂ എന്ന് കർഷകർ പറയുന്നു.


