കൊയ്ത്തൊഴിഞ്ഞ് ചേകാടിയിലെ നെൽപാടങ്ങൾ
text_fieldsചേകാടിയിലെ നെൽപാടം
മാനന്തവാടി: പച്ച പുതച്ചും സ്വർണപ്പട്ടണിഞ്ഞും കർഷകരുടെ മനസ്സിനെ കുളിരണിയിച്ച ചേകാടിയിലെ നെൽപാടങ്ങൾ ഇപ്പോൾ കൊയ്ത്തൊഴിഞ്ഞതിന്റെ വിജനതയിൽ.
നഞ്ചകൃഷിയാണ് ഇവിടെ പ്രധാനമായും ചെയ്യുന്നത്. വിശാലമായി പരന്നു കിടക്കുന്ന ഏക്കർ കണക്കിന് വയലിലാണ് ഒരേ സമയം കൊയ്ത്തും മെതിയും നടന്നത്. യന്ത്രങ്ങൾ ഉപയോഗിച്ചാണ് കൊയ്ത്തും മെതിയും നടത്തിയത്.
പരമ്പരാഗത നെൽവിത്തുകളായ ഗന്ധകശാലയും ജീരകശാലയും ഉൾപ്പെടെ അത്യുൽപാദന ശേഷിയുള്ള നെൽവിത്തുകൾ വരെ കൃഷിക്കായി ഉപയോഗിച്ചിട്ടുണ്ട്. ചെട്ടി സമുദായത്തിൽ പെടുന്നവരാണ് ഇവിടത്തെ ഭൂരിഭാഗം കർഷകരും. അതു കൊണ്ടു തന്നെ ലാഭകരമല്ലെങ്കിലും ഇവർ നെൽകൃഷി ഉപേക്ഷിക്കാറില്ല.
കന്നുകാലികൾക്ക് വൈക്കോൽ ലഭിക്കുമെന്നതുമാണ് ഇവരെ നെൽകൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.