നെല്ല് സംഭരണ വില 30 രൂപയാക്കി; കർഷകർക്ക് 31 രൂപയുടെ പ്രയോജനം
text_fieldsകൽപറ്റ: സംസ്ഥാനത്തെ കർഷകരിൽ നിന്നും സിവിൽ സൈപ്ലസ് കോർപറേഷൻ മുഖേന 2025-26 സീസണിൽ സംഭരിക്കുന്ന നെല്ലിന്റെ വില കിലോഗ്രാമിന് 30 രൂപയായി സർക്കാർ നിശ്ചയിച്ചു. എന്നാൽ, കേന്ദ്രസർക്കാറിന്റെ താങ്ങുവില കൂടി കണക്കാക്കുമ്പോൾ കർഷകന് 31 രൂപ ലഭിക്കും. കേന്ദ്രം 2026-27 സീസണിൽ കിലോഗ്രാമിന് കോമൺ ഗ്രേഡ് പാഡിക്ക് 24.41 രൂപയും എ ഗ്രേഡ് പാഡിക്ക് 24.61 രൂപയും വർധനവ് വരുത്തിയിരുന്നു. കേരളത്തിൽ 30 രൂപ വില നിശ്ചയിച്ച് നൽകാൻ സൈപ്ലകോ മാനേജിങ് ഡയറക്ടർ സർക്കാറിനോട് അഭ്യർഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ നിരക്ക് നടപ്പിൽ വരുത്തി ഉത്തരവായത്. സുസ്ഥിര നെൽകൃഷി ഉറപ്പാക്കുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണിതെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡി. ബാലമുരളിയുടെ പുതിയ ഉത്തരവിൽ പറയുന്നു. നെല്ല് സംഭരണത്തിനായി 37 മില്ലുകളുമായി സർക്കാർ കരാറായിട്ടുമുണ്ട്.
കർഷകരിൽ നിന്നും സിവിൽ സൈപ്ലസ് കോർപറേഷൻ മുഖാന്തിരം സംഭരിക്കുന്ന നെല്ലിന് കേന്ദ്രസർക്കാറിന്റെ താങ്ങുവിലയും (എം.എസ്.പി) സംസ്ഥാന സർക്കാറിന്റെ പ്രോത്സാഹന ബോണസ് വിഹിതവും (എസ്.ഐ.ബി) ചേർത്ത് 2026-27 സീസണിൽ കിലോഗ്രാമിന് 31രൂപയാണ് ഇതോടെ ലഭിക്കുക. 2022-23ൽ 7,31,182 മെട്രിക് ടൺ നെല്ലാണ് സൈപ്ലകോ സംഭരിച്ചത്. എന്നാൽ, 2023-24ൽ ഇത് 4,99,768 മെട്രിക് ടണായി കുറഞ്ഞു. 30 ശതമാനത്തിന്റെ കുറവാണുണ്ടായത്. സംഭരണവില കൂട്ടിയത് കേരളത്തിലെ നെൽകർഷകർക്ക് ആശ്വാസം പകരുന്ന തീരുമാനമാണെന്നും ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നെൽകർഷകർക്ക് അർഹമായ പ്രതിഫലം ഉറപ്പാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്നും കൃഷി മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു.
നെൽ ഉൽപാദനം കുറഞ്ഞു
2023-24ൽ 1.78 ലക്ഷം ഹെക്ടർ പാടത്ത് നിന്ന് 5.30 ലക്ഷം ടൺ നെല്ലാണ് കേരളത്തിൽ ആകെ ഉൽപാദിപ്പിച്ചത്. എന്നാൽ, 2022-23നെ അപേക്ഷിച്ച് ഉൽപാദനം 10.5% കുറഞ്ഞു.
കൃഷി വിസ്തീർണം 5.9 ശതമാനം കുറഞ്ഞു. കേരളത്തിന് ആവശ്യമായ അരിയുടെ 15-20 ശതമാനം മാത്രമേ ഉൽപാദിപ്പിക്കാൻ കഴിയുന്നുള്ളൂ. ബാക്കി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരികയാണ്. തൊഴിലാളികളുടെ കുറവ്, കൂലിച്ചെലവ്, ന്യായവില കിട്ടാത്തത്, വന്യമൃഗ ശല്യം, വരൾച്ച, കാലാവസ്ഥാ മാറ്റം തുടങ്ങിയവയാണ് കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധികൾ.



