രണ്ടാംവിള നെല്‍കൃഷിക്ക് ഭീഷണിയായി ഓലചുരുട്ടി പുഴു
text_fieldsനടീല്‍ നടത്തിയ ആനക്കര പാടശേഖരത്തിലെ നെല്‍ച്ചെടികള്‍ പുഴു നശിപ്പിച്ച നിലയില്‍
ആനക്കര: രണ്ടാം വിള നെല്‍കൃഷിക്ക് കടുത്ത ഭീഷണിയായി പുഴുശല്യം. വിവിധ തരം പുഴുക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. രണ്ട് തവണ മരുന്ന് തളിച്ചിട്ടും രക്ഷയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ആനക്കര പാടശേഖരത്താണ് പുഴു ശല്യമുളളത്. ആനക്കര കൃഷിഭവന് വിതരണം ചെയ്ത പൊന്മണി വിത്ത് പഴയതും പകുതി പോലും മുളക്കാത്തതുമാണന്ന പരാതി നിലനില്‍ക്കെയാണ് ഈ വിത്ത് ഉപയോഗിച്ച് നട്ട ഞാറ്റടിക്ക് പുഴു ശല്യം കൂടി വന്നത്. നേരത്തെ ഞാറ്റടിക്ക് മഞ്ഞളിപ്പ് വന്നപ്പോള്‍ മരുന്ന് തളിച്ചു. ഇപ്പോഴും നടീല്‍ നടത്തിയ ശേഷവും നെല്‍ച്ചെടികള്‍ക്ക് കടുത്ത രോഗബാധയാണ് ഉണ്ടായിട്ടുളളത്. നടീല്‍ കഴിഞ്ഞ് 10 മുതല്‍ 15 ദിവസം പിന്നിട്ട നെല്ച്ചെടികള്ക്കാണ് രോഗം കൂടുതലുളളത്. നേരത്തെ നടീല്‍ നടത്തിയ പാടശേഖരത്തിന് സമീപം അടുത്തിടെ നടീല്‍ നടത്തിയിരുന്നു. ഇവക്കും ഇപ്പോള്‍ രോഗ ബാധയുണ്ടായിട്ടുണ്ട്. പല നെല്‍ച്ചെടികളുടെ ഇലകളും പുഴു തിന്ന് കുറ്റി മാത്രമായിരിക്കുകയാണ്.
കാലാവസ്ഥ വ്യതിയാനമാണ് രോഗബാധ വർധിക്കാന്‍ കാരണം. ഇപ്പോള്‍ നടീല്‍ നടത്തി ഏറെ നാള് പിന്നിട്ട നെല്‍ച്ചെടിക്ക് ഭീഷണിയായി ഓലചുരുട്ടി പുഴു ഉള്‍പ്പെടെയുളള ശല്യത്തിന് പുറമെ കളശല്യം കൂടുതലായിട്ടുണ്ട്. പാടങ്ങളിലെ കള പറിച്ച് കളഞ്ഞിട്ടുവേണം നേരത്തെ നടില്‍ നടത്തിയ പാടങ്ങളില്‍ വളപ്രയോഗം നടത്താന്‍. എന്നാല്‍ കള വ്യാപകമായ സാഹചര്യത്തില്‍ കള പറിച്ച് കളയുന്നത് കൂലി ചിലവ് ഏറെയുണ്ട്. ഇപ്പോള്‍ നടീല്‍ കഴിഞ്ഞ ശേഷം കളകള്‍ വരാതിരിക്കാന്‍ വിവിധ തരം പൊടികളും കുമ്മായവും ഇടുന്നുണ്ടെങ്കിലും കളകള്‍ക്ക് യാതൊരു കുറവുമില്ല.