Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightവരവ്‌ കുറഞ്ഞ്...

വരവ്‌ കുറഞ്ഞ് കുരുമുളക്‌, പ്രതീക്ഷയിൽ ഏലം കർഷകർ

text_fields
bookmark_border
വരവ്‌ കുറഞ്ഞ് കുരുമുളക്‌, പ്രതീക്ഷയിൽ ഏലം കർഷകർ
cancel

അന്തർസംസ്ഥാന വാങ്ങലുകാർ കുരുമുളക്‌ വില നിത്യേന ഉയർത്തിയിട്ടും കാർഷിക മേഖല വിൽപനക്ക്‌ ഉത്സാഹം കാണിച്ചില്ല. ഉത്തരേന്ത്യൻ വ്യാപാരികളിൽനിന്നുള്ള അന്വേഷണങ്ങളുടെ ചുവടുപിടിച്ച്‌ മുളക്‌ വില തുടർച്ചയായ രണ്ടാം വാരത്തിലും വർധിച്ചതോടെ ചരക്ക്‌ ക്ഷാമം രൂക്ഷമെന്ന്‌ കാർഷിക മേഖലയും വിലയിരുത്തി.

വാങ്ങലുകാർ കരുതലോടെയാണ്‌ വിപണിയെ സമീപിക്കുന്നത്‌. തിരക്കുപിടിച്ച്‌ വൻ ഓർഡറുകളുമായി ഇറങ്ങിയാൽ നിരക്ക്‌ കുതിച്ചു കയറുമെന്ന്‌ അവർക്ക്‌ അറിയാം. ഗ്രാമീണ മേഖലകളിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും കൊച്ചി ടെർമിനൽ മാർക്കറ്റിലും കുരുമുളക്‌ വരവ്‌ ഗണ്യമായി കുറഞ്ഞു. വെള്ളിയാഴ്ച വിൽപനക്ക്‌ വന്നത്‌ 22 ടൺ ചരക്ക്‌ മാത്രമാണ്‌. ശനിയാഴ്ച നേർ പകുതിയായി 11 ടണിൽ ഒതുങ്ങി. അൺ ഗാർബ്ൾഡ്‌ കുരുമുളക്‌ കിലോ 669 രൂപയിലും ഗാർബ്ൾഡ്‌ 689 രൂപയിലും വിപണനം നടന്നു. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ വില ടണിന്‌ 8200 ഡോളർ.

ഹൈറേഞ്ചിലെ തോട്ടങ്ങളിൽ ഏലം വിളവെടുപ്പ്‌ പുരോഗമിക്കുന്നു, വൈകാതെ പുതിയ ചരക്ക്‌ ലേല കേന്ദ്രങ്ങളിൽ എത്തുമെന്ന പ്രതീക്ഷയിലാണ്‌ ആഭ്യന്തര വിദേശ വാങ്ങലുകാർ. ഉത്സവ സീസണിന്‌ ഒരുങ്ങുന്ന ഉത്തരേന്ത്യയിൽനിന്ന് അടുത്ത നാല്‌ മാസ കാലയളവിൽ സുഗന്ധവ്യഞ്‌ജനങ്ങൾക്ക്‌ ആവശ്യം വർധിക്കും.

മികച്ച കാലാവസ്ഥ കണക്കിലെടുത്താൽ ഉൽപാദനം അഞ്ചാം റൗണ്ട്‌ വരെ നീളുമെന്ന പ്രതീക്ഷയിലാണ്‌ കർഷകർ. ചരക്ക്‌ വരവ്‌ ഉയർന്നതോടെ വാങ്ങലുകാർ ലേല കേന്ദ്രങ്ങളിൽ പിടിമുറുക്കാനുള്ള തയാറെടുപ്പിലാണ്‌. പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്ന് കൂടുതൽ ആവശ്യക്കാർ ജൂലൈ രണ്ടാം പകുതിയിൽ പുതിയ ഓർഡറുകളുമായി എത്തുമെന്ന പ്രതീക്ഷയിലാണ്‌ ഏലം ഉൽപാദന മേഖല. ആഭ്യന്തര മാർക്കറ്റിലും ഉൽപന്നത്തിന്‌ ആവശ്യക്കാരുണ്ട്‌. ശരാശരി ഇനങ്ങൾ 2450 രൂപയിൽ നീങ്ങുന്നു.

റബർ ടാപ്പിങ്‌ ഉഷാറാക്കാനുള്ള ഒരുക്കങ്ങൾ ഒട്ടുമിക്ക ഭാഗങ്ങളിലും പൂർത്തിയാക്കി. കഴിഞ്ഞമാസം കനത്ത മഴമൂലം റബർ വെട്ടിന്‌ അവസരം ലഭിക്കാഞ്ഞത്‌ വൻകിട ചെറുകിട ഉൽപാദകരെ സാമ്പത്തികമായി ഞെരുക്കി. അതേസമയം, ഒട്ടുമിക്ക ഭാഗങ്ങളിലും തോട്ടങ്ങളിൽ മഴമറ ഒരുക്കിയ സാഹചര്യത്തിൽ ഡിസംബർ ജനുവരി വരെ കാലയളവിൽ ഉൽപാദനം പരമാവധി ഉയർത്താനാവും. ഉൽപാദകർ വിപണിയിലുള്ള ആത്മവിശ്വാസം ഉയർത്താൻ കമ്പനികൾ ആർ.എസ്‌.എസ്‌ നാലാം ഗ്രേഡ്‌ ഷീറ്റ്‌ വില 20,000 രൂപക്ക്‌ മുകളിൽ തുടർച്ചയായ രണ്ടാം വാരത്തിലും നിലനിർത്തി. വെട്ട്‌ പുനരാരംഭിച്ചാലും പുതിയ ഷീറ്റ്‌ വരവിന്‌ രണ്ടാഴ്ചയെങ്കിലും കാലതാമസം നേരിടുന്നതിനാൽ ചരക്ക്‌ ക്ഷാമം ഉടൻ വിട്ടുമാറില്ല. അതേസമയം, ടയർ നിർമാതാക്കൾ റബർ സംഭരണത്തിന്‌ കാര്യമായ ഉത്സാഹം കാണിക്കുന്നില്ല.

ബാങ്കോക്കിൽ റബർ വില 194 രൂപയിലേക്ക്‌ താഴ്‌ന്നു. ജപ്പാൻ എക്‌സ്‌ചേഞ്ചിൽ പിന്നിട്ടവാരം വില കിലോ 308-317 യെന്നിൽ ചാഞ്ചാടി. തായ്‌ലൻഡ്‌ അടക്കമുള്ള മുൻനിര റബർ ഉൽപാദന രാജ്യങ്ങളിൽ മാസത്തിന്റെ രണ്ടാം പകുതിയിൽ കാലാവസ്ഥയിൽ മാറ്റം കണ്ടുതുടങ്ങുമെന്ന പ്രതീക്ഷയിലാണ്‌ കർഷകർ. പുതിയ ഷീറ്റ്‌ ലഭ്യത മുന്നിൽക്കണ്ട്‌ ആഗോള ടയർ വ്യവസായികൾ കരുതലോടെയാവും നീങ്ങുക.

നാളികേരോൽപന്നങ്ങൾ വീണ്ടും പുതിയ ഉയരം കണ്ടു. ദക്ഷിണേന്ത്യയിലെ മുഖ്യ വിപണികളിലെ കൊപ്ര ക്ഷാമം തീരാൻ മാസങ്ങൾ വേണ്ടിവരും. ഏഷ്യയിലെ ഇതര ഉൽപാദന രാജ്യങ്ങളിലും ചരക്ക്‌ ക്ഷാമത്തിൽ നാളികേരോൽപന്നങ്ങൾ റെക്കോഡ്‌ വിലയിലാണ്‌. നിലവിലെ റെക്കോഡ്‌ വില കർഷകരെ വളം പ്രയോഗങ്ങൾക്ക്‌ പ്രേരിപ്പിച്ചാൽ അടുത്ത സീസണിൽ ഉൽപാദനം ഉയരാൻ അവസരം ഒരുക്കും. ജനുവരിയിൽ 22,500 രൂപയിൽ വ്യാപാരം നടന്ന വെളിച്ചെണ്ണ ആറുമാസം പിന്നിടുമ്പോൾ 38,000 രൂപയിലെത്തി. കൊപ്ര 15,000 രൂപയിൽനിന്ന് 24,400 രൂപ വരെ കയറി. വെളിച്ചെണ്ണ വില അമിതമായി ഉയർന്നതിനാൽ വിപണി ഒരു തിരുത്തലിന്‌ ശ്രമം നടത്താം.

ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വില വീണ്ടും ചാഞ്ചാട്ടം. വാരത്തിന്റെ തുടക്കത്തിൽ 71,440 രൂപയിൽ വ്യാപാരം നടന്ന പവൻ 72,840 രൂപ വരെ ഉയർന്ന ശേഷം വാരാവസാനം 72,480 രൂപയായി ഗ്രാമിന്‌ വില 9060 രൂപ. രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ്‌ ഔൺസിന്‌ 3333 ഡോളർ.

Show Full Article
TAGS:Latest News Agriculture News cardamom Black Pepper 
News Summary - Pepper arrivals drop, cardamom farmers hopeful
Next Story