കുരുമുളക് കൃഷിയിൽ പുതുമാതൃക; ഇത് കാക്കിക്കുളളിലെ കര്ഷകന്
text_fieldsകുരുമുളക് കൃഷികള്‍ക്കായി പി.വി.സി.പൈപ്പുകള്‍ താങ്ങുകാലാക്കിയിരിക്കുന്നു
നെടുങ്കണ്ടം: കുരുമുളക് കൃഷിയില്‍ നൂതന മാതൃകകള്‍ സൃഷ്ടിക്കുകയാണ് നെടുങ്കണ്ടം കല്ലാര്‍ സ്വദേശിയായ പൊലീസ് ഓഫീസർ. കട്ടപ്പന ട്രാഫിക് പൊലീസിലെ അഡീഷണല്‍ എസ.ഐ ആയ രാധകൃഷ്ണനാണ് പുതുമാതൃക സൃഷ്ടിക്കുന്നത്.കുരുമുളക് കൃഷി ഏലത്തിന് വഴിമാറിക്കൊണ്ടിരിക്കുമ്പോഴാണ് കുരുമുളക് കൃഷിയില്‍ ഇദ്ദേഹം നൂതന മാതൃക സൃഷ്ടിച്ചിരിക്കുന്നത്.
പി.വി.സി.പൈപ്പുകള്‍ താങ്ങുകാലാക്കിയാണ് ഇദ്ദേഹത്തിന്റെ കൃഷിരീതി. 40 സെന്റ് ഭൂമിയില്‍ 400 ഓളം കുരുമുളക്ചെടികളാണ് മൂന്ന് ഇഞ്ച് പി.വി.സി.പൈപ്പുകള്‍ താങ്ങു കാലാക്കി കൃഷി ചെയ്തിരിക്കുന്നത്.പരമാവധി എട്ട് അടി ഉയരത്തില്‍ മുറിച്ച പൈപ്പുകള്‍ ഒന്നര അടി മണ്ണില്‍ താഴ്ത്തി അഞ്ച് അടി അകലത്തില്‍ ആണ് നാട്ടിയിരിക്കുന്നത്. ഉയരം കുറഞ്ഞ രീതിയായതിനാല്‍ കാറ്റിന്റെ ശല്യം കുറഞ്ഞിരിക്കും.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുരുമുളക് പറിച്ചെടുക്കാന്‍ എളുപ്പമാണ്. കൃഷി പരിപാലനവും വിളവെടുപ്പും സ്വയം ചെയ്യാമെന്നതാണ് കൃഷിരീതിയുടെ പ്രത്യേകത. ഒന്നരഅടി കുഴി എടുത്ത് ചാണകപൊടി ഇട്ടാണ് കൃഷി.കുരുമുളക് കൂടാതെ കാപ്പി,ഏലം വിവിധ ഇനം ഫല വൃക്ഷങ്ങളും മീന്‍ വളര്‍ത്തലും എല്ലാം അടങ്ങിയ സമ്മിശ്ര കൃഷി രീതിയാണ് പിന്തുടരുന്നത്.
നൂതന കൃഷി രീതികള്‍ പരീക്ഷിക്കുന്നതിനൊപ്പം, കര്‍ഷകര്‍ക്ക് പകര്‍ന്ന് നല്‍കാനും ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തുന്നു. ഭാര്യ ശ്രീകല വണ്ടന്മേട് സ്റ്റേഷനിലെ എ.എസ്.ഐ ആണ്.ഒഴിവു സമയങ്ങള്‍ ഈ പൊലിസ് ദമ്പതികള്‍ ചിലവിടുന്നത് കൃഷിയിടത്തില്‍ ആണ്.