കൈതച്ചക്ക ചട്ടികളിലും വളർത്താം...ഗ്രീൻഗാർഡൻ ഉസ്സന്റെ പരീക്ഷണം വിജയം
text_fieldsഗ്രീൻഗാർഡൻ ഉസ്സൻ മെക്സിക്കൻ ജയന്റെ കൈതച്ചക്കയുമായി
മുക്കം:ചെടികളും, പച്ചക്കറികളും നട്ടു പിടിപ്പിക്കുന്നതുപോലെ വീട്ടുമുറ്റത്തും, ടെറസിനു മുകളിലും ചട്ടികളിൽ കൈതച്ചക്കയും നട്ടു പിടിപ്പിച്ചു വിളവെടുക്കാമെന്നു തെളിയിച്ചിരിക്കുകയാണ് നോർത്ത് കാരശ്ശേരിയിലെ ഗ്രീൻ ഗാർഡൻ ഉസ്സൻ. തന്റെ വീട്ടുമുറ്റത്തും, ടെറസിനു മുകളിലും, നഴ്സറിയിലുമൊക്കെയായി നിരവധി ഇനം കൈത ചക്കകളാണ് ഇദ്ദേഹം ചട്ടികളിൽ നട്ടുപിടിപ്പിച്ചു വിളവെടുക്കുന്നത്. നിരവധി അന്യ രാജ്യ പഴവർഗങ്ങൾ മലയോരമേഖലയിൽ പരിചയപ്പെടുത്തിയ ഉസ്സൻ അടുത്തകാലത്താണ് കൈതച്ചക്കയിൽ പരീക്ഷണം നടത്തുന്നത്. പന്ത്രണ്ടോളം ഇനം കൈതച്ചക്കകളാണ് ഇദ്ദേഹം നട്ടു പരിപാലിക്കുന്നത്. മെക്സിക്കൻ ജയന്റ് , ഹാൻഡ് പുൾ, മെഡൂസ , മക്കൾ കൂന്താണി, എം.ബി.2 , എന്നിവയാണ് ഇതിൽ പ്രധാനമായവ. മെക്സിക്കൻ ജയന്റ് ഇനത്തിൽ പെട്ട കൈതച്ചക്ക പൂർണ വളർച്ചയെത്തിയാൽ ഏഴു കിലോവരെ തൂക്കം ലഭിക്കും. സാധാരണ നാടൻ കൈതച്ചക്കയെക്കാൾ മധുരമുണ്ടാവും എന്നതാണ് മറ്റൊരു പ്രത്യേകത. ഹാൻഡ് പുൾ ഇനത്തിൽ പെട്ട കൈതച്ചക്ക പഴുത്താൽ മുറിക്കാതെ തന്നെ കൈകൊണ്ടു അടർത്തിയെടുത്തു കഴിക്കാനാകും. മെഡൂസ ഒരു ചെടിയിൽ തന്നെ ഒന്നിനോടൊന്നു ഒട്ടിച്ചേർന്നു നിരവധി ഫലങ്ങളുണ്ടാവുമെന്ന പ്രത്യേകതയുമുണ്ട്. അത്യാവശ്യത്തിനു വെള്ളവും വളവും നല്ല വെയിലും ലഭിച്ചാൽ ഒരു വർഷം കൊണ്ട്
മെക്സിക്കൻ ജയന്റ് കായ്ച്ചു തുടങ്ങും. ഈ ഇനത്തിൽ പെട്ട കൈതച്ചക്കകൾ നമ്മുടെ സാധാരണ വിപണികളിൽ ലഭ്യമല്ല. പക്ഷെ ഇപ്പോൾ നിരവധി ആളുകൾ ഇതിന്റെ തൈ അന്വേഷിച്ചെത്തുന്നുണ്ടെന്നും, കൂടുതലും ഓൺലൈനിലൂടെയാണ് തൈകൾ വിറ്റഴിക്കുന്നതെന്നും ഉസ്സൻ പറഞ്ഞു.


