പോളി ഹൗസ് കസ്തൂരിമഞ്ഞൾ കൃഷിയുമായി യുവകർഷകർ
text_fieldsപോളി ഹൗസ് കസ്തൂരിമഞ്ഞൾ കൃഷിയുമായി യുവകർഷകർ
കൂത്തുപറമ്പ്: കസ്തൂരി മഞ്ഞൾ പോളി ഹൗസിൽ കൃഷിയിറക്കി വ്യത്യസ്തമായ കൃഷിരീതി അവലംഭിക്കുകയാണ് മാങ്ങാട്ടിടത്തെ രണ്ട് യുവകർഷകർ. ആമ്പിലാട് കുന്നത്ത് മഠത്തിൽ വീട്ടിലെ യുവകർഷകരായ സാരംഗ്, ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായാണ് പോളി ഹൗസ് കൃഷി.
ഇന്ത്യൻ നാവികസേനയിൽ ഉദ്യോഗസ്ഥനായ സാരംഗ് വിവിധ സംസ്ഥാനങ്ങളിലെത്തി പോളി ഹൗസ് കൃഷി കണ്ട് മനസ്സിലാക്കിയാണ് കസ്തൂരി മഞ്ഞൾ കൃഷി തുടങ്ങിയത്. 18 ലക്ഷം രൂപ ചെലവിൽ 2400 ഗ്രോ ബാഗിലാണ് വിത്തിട്ടത്. സെൻസർ ഉപയോഗിച്ചാണ് തുള്ളി നനയും വളപ്രയോഗങ്ങളും. സൗന്ദര്യ സംരക്ഷണത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന കസ്തൂരി മഞ്ഞളിന്റെ വിപണന സാധ്യത കണക്കിലെടുത്താണ് വിപുലമായ കൃഷിയിറക്കിയത്. 800 ഗ്രോ ബാഗിൽ കരിമഞ്ഞൾ കൃഷിയും ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് പോളി ഹൗസിൽ വിപുലമായ കസ്തൂരി മഞ്ഞൾ കൃഷിയിറക്കുന്നത്.
കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നടീൽ ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. പടന്നക്കാട് കാർഷിക കോളജ് അസി. പ്രഫ. ആർ.എൽ. അനൂപ് മുഖ്യാതിഥിയായി. ജനപ്രതിനിധികളായ എം. ഷീന, എം. വിജേഷ്, കെ.പി. അബ്ദുൽ ഖാദർ, കെ. യശോദ, കൃഷി അസി. ഡയറക്ടർ എ. സൗമ്യ, കൃഷി ഓഫിസർ കെ. അഖില, കൃഷി അസിസ്റ്റന്റുമാരായ കെ. വിജേഷ്, ആർ. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.