നെല്ലിന്റെ ഗുണനിലവാരക്കുറവ്; വീഴ്ച സർക്കാറിന്റെ, ശിക്ഷ കർഷകർക്കും
text_fieldsപ്രതീകാത്മക ചിത്രം
ആലപ്പുഴ: ഗുണനിലവാരമില്ലാത്ത നെല്ല് എടുക്കുന്നതിൽ സപ്ലൈകോക്ക് തീരുമാനം എടുക്കാമെന്ന വ്യവസ്ഥ, സർക്കാറിന്റെ വീഴ്ചക്ക് കർഷകരെ ശിക്ഷിക്കുന്നതിനു തുല്ല്യമെന്ന് വിമർശനം. നെല്ല് സംഭരണത്തിനുള്ള ഓൺലൈൻ കർഷക രജിസ്ട്രേഷൻ അപേക്ഷയിലാണ് പുതിയ വ്യവസ്ഥ. നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ച് എടുക്കണോ വേണ്ടയോ എന്ന് സപ്ലൈകോ തീരുമാനിക്കുമെന്നാണ് വ്യവസ്ഥ.
ഗുണനിലവാരമില്ലാത്ത വിത്താണ് വിള മോശമാകാൻ കാരണമാകുന്നതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. വിത്ത് നൽകുന്നത് കൃഷി വകുപ്പാണ്. ‘ഉമ’ഇനം വിത്താണ് സംസ്ഥാനത്തെ കർഷകർ ഭൂരിഭാഗവും കൃഷി ചെയ്യുന്നത്. കാലങ്ങളായി ഒരേ വിത്ത് കൃഷി ചെയ്യുന്നതിനാൽ നെല്ലിന് കറവൽ, മുഞ്ഞ ബാധയും ദൃഢതകുറവും കൂടുതലാണ്. ‘ഉമ’ക്ക് പകരം മികച്ച ഇനം വിത്ത് കർഷകർക്ക് ലഭ്യമാക്കാൻ കൃഷിവകുപ്പിന് കഴിഞ്ഞിട്ടില്ല. സംഭരണത്തിന് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ നെല്ല് എടുക്കാതിരിക്കുന്നതിനു സമ്മതമാണെന്ന് കർഷകർ മുൻകൂർ സത്യവാങ്മൂലം നൽകണമെന്നാണ് പുതിയ വ്യവസ്ഥ.
കഴിഞ്ഞ സീസണിൽ ഗുണനിലവാരമില്ലെന്നാരോപിച്ച് മില്ലുകൾ നെല്ലെടുക്കുന്നത് നിർത്തിയിരുന്നു. വലിയതോതിൽ കിഴിവും ചോദിച്ചു. ഇതേച്ചൊല്ലി കർഷകരും മില്ലുടമകളും തമ്മിൽ സർവത്ര തർക്കമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയത്.
വിത്തിന്റെ ഗുണനിലവാരം, കാലാവസ്ഥ, രോഗബാധ എന്നിവ നെല്ലിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നതിനാൽ വിളവെടുക്കുന്ന നെല്ലിന്റെ നിലവാരം മുൻകൂട്ടി അറിയാനാകില്ല. നെല്ലിനു ഗുണം കുറവാണെന്നും കറവലും പതിരും ഈർപ്പവും കൂടുതലാണെന്നുമാണ് കഴിഞ്ഞ സീസണിൽ മില്ലുകാർ ഉയർത്തിയ വാദം. വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് പല പാടശേഖരങ്ങളിലും നെല്ലെടുത്തത്.
ചെറിയ കിഴിവ് കർഷകർ അംഗീകരിക്കാറുണ്ടെങ്കിലും മില്ലുകാർ 20-30 കിലോവരെ കിഴിവ് ചോദിച്ച സന്ദർഭങ്ങളുണ്ട്. കേന്ദ്ര ഗുണമേന്മ മാനദണ്ഡങ്ങൾ പാലിക്കാത്തപക്ഷം നെല്ല് സംഭരിക്കാതിരിക്കുന്നതടക്കം ഏത് നടപടിയും സ്വീകരിക്കുന്നതിന് സപ്ലൈകോ അധികൃതർക്ക് പൂർണാധികാരമുണ്ടെന്നും എതിർപ്പില്ലെന്നും ഇത് അംഗീകരിക്കുന്നുവെന്നും സത്യവാങ്മൂലം നൽകണമെന്നാണ് 2025-26ലെ ഒന്നാം സീസൺ നെല്ല് സംഭരണത്തിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള പുതിയ വ്യവസ്ഥ.
100 കിലോ നെല്ലിൽനിന്ന് 68 കിലോ അരി കിട്ടണമെന്നാണു വ്യവസ്ഥ. ഗുണമേന്മക്കുറവു മൂലം ഇതു ലഭിക്കുന്നില്ലെന്നാണ് മില്ലുകാരുടെ വാദം.