വില ഇടിഞ്ഞ് കറുത്ത പൊന്ന്
text_fieldsകട്ടപ്പന: ഇറക്കുമതിയും വ്യാപാരികളുടെ കള്ളക്കളിയും കറുത്ത പൊന്നിന്റെ വില ഇടിക്കുന്നു .കിലോക്ക് 705 രൂപയിൽ നിന്ന് 680 രൂപയിലേക്കാണ് കുരുമുളക് വില ഇടിഞ്ഞത്.പുതിയ വിളവെടുപ്പ് സീസൺ ആരംഭിക്കാൻ ഇനി കുറഞ്ഞത് നാലു മാസമെങ്കിലും കാത്തിരിക്കണം. എന്നിട്ടും തുടർച്ചയായി ഉണ്ടാകുന്ന വിലയിടിവിന് കാരണം ഇറക്കുമതിയും വ്യാപാരികളുടെ കള്ളകളികളുമാണെന്നാണ് കർഷകർ ആരോപിക്കുന്നത്.
കുരുമുളക് പൊടിക്ക് മാർക്കറ്റിൽ 50 ഗ്രാമിന് 75 രൂപയാണ് വില. അതായത് ഒരു കിലോ കുരുമുളക് പൊടിക്ക് 1500 രൂപയോളം വിലയുണ്ട്. കുരുമുളക് ഉൽപാദിപ്പിക്കുന്ന കർഷകർക്ക് ഒരു കിലോഗ്രാമിന് ലഭിക്കുന്നത് 680 രൂപ. ഇതേ മുളക് പൊടിയാക്കി വിൽക്കുന്ന വ്യാപാരിക്ക് ലഭിക്കുന്നത് കിലോഗ്രാമിന് 1500 രൂപ. ഈ വില വ്യത്യാസമാണ് വ്യാപാരികൾ കർഷകരെ ചൂഷണം ചെയ്യുകയാണെന്ന കർഷകരുടെ ആരോപണത്തിന് ഒരു കാരണം.
വിദേശത്ത് നിന്ന് ഇറക്കുമതി നടത്തുന്ന കുരുമുളക് അരിച്ചു പോളിഷ് ചെയ്തു ഇന്ത്യൻ കുരുമുളകുമായി ഇടകലർത്തി വിൽപന നടത്തിയും വ്യാപാരികൾ കർഷകരെ കബളിപ്പിക്കുന്നുണ്ട്. അന്തർദേശീയ വിപണിയിൽ ഇന്ത്യൻ കുരുമുളകിനുള്ള ഡിമാൻഡ് മുതലെടുക്കാനാണ് വ്യാപാരികളുടെ ഈ കള്ളക്കളി. ഇതിനെതിരെ സ്പൈസസ് ബോർഡ് യാതൊരു നടപടിയും സ്വീകരിക്കാറില്ല.കേരളത്തിലെ കുരുമുളക് കർഷകരാണ് ഇതുമുലം ഏറെ വിഷമിക്കുന്നത്.
ഒരു മാസത്തിനിടെ 40 രൂപയുടെ വിലയിടിവ്
ഒരു മാസം മുൻപ് കുരുമുളക് വില കിലോക്ക് 705 രൂപവരെ ഉയർന്നിരുന്നു. പിന്നീട് വില താഴ്ന്ന് കിലോക്ക് 660 രൂപ വരെ ഇടിഞ്ഞിരുന്നു. പിന്നീട് വിലയിൽ അല്പം വ്യത്യാസം ഉണ്ടായാണ് കിലോഗ്രാമിന് 680 രൂപയിൽ എത്തിയത്. ഒരു മാസത്തിനിടെ കുരുമുളക് വിലയിൽ 40 രൂപയുടെ വിലയിടിവാണ് ഉണ്ടായത്.
കൊച്ചി മാർക്കറ്റിൽ ശനിയാഴ്ച കുരുമുളക് വില 680 രൂപയിലാണ് അവസാനിച്ചത്. ഗാർബിൾഡ് കുരുമുളകിന് 690 രൂപവരെ വിലയുണ്ട്. എന്നാൽ കേരളത്തിലെ കുരുമുളക് വിപണിയുടെ പ്രധാന വിപണന കേന്ദ്രമായ കട്ടപ്പന മാർക്കറ്റിൽ ഒരു കിലോ കുരുമുളകിന് 660 രൂപ മുതൽ 675 രൂപ വരെ മാത്രമാണ് കർഷകർക്ക് ലഭിച്ചത്. ഓഫ് സീസണിൽ ഉണ്ടായ വില ഇടിവ് കർഷകർക്ക് കനത്ത ആഘാതമായി.വളം, കിടനാശിനി, പണിക്കാരുടെ പണി കൂലി എന്നിവക്കൊന്നും ഈ വില ലഭിച്ചാൽ മതിയാകില്ല.
പ്രതീക്ഷകൾ അസ്ഥാനത്ത്; സംഭരിച്ച് വെച്ചവർക്ക് തിരിച്ചടി
ഒരു കാലത്ത് കർഷകരുടെ കറുത്ത പൊന്നായിരുന്ന കുരുമുളക് ഇന്ന് കർഷകരുടെ മനസ്സിലെ നെരിപ്പോടാണ്. കുരുമുളക് കൃഷി നഷ്ടത്തിന്റെ അണയാത്ത കനലായി കർഷകരുടെ മനസ്സിൽ നീറിപ്പുകയുകയാണ്.ഈ വർഷം കുരുമുളക് വില കിലോക്ക് 850 രൂപ വരെ ഉയരുമെന്നായിരുന്നു കർഷകർ പ്രതീക്ഷിച്ചത്. എന്നാൽ 705 രൂപ വരെ ഉയർന്ന വില പിന്നീട് പടിപടിയായി താഴുകയായിരുന്നു.
ഈ വർഷം ഓഫ് സീസണിൽ 681 രൂപക്ക് വരെ വിൽപന നടന്നതിനാൽ ഇത്തവണ കാര്യമായ വിലവർധനവ് ഉണ്ടാകുമെന്ന വിശ്വാസത്തിൽ കുരുമുളക് സംഭരിച്ചുവച്ച കർഷകർക്ക് വിലയിടിവ് കനത്ത ആഘാതമായി.വിലത്തകർച്ച തുടർന്നാൽ സൂക്ഷിച്ചുവെച്ച മുളക് ഉടനെ വിൽക്കേണ്ട ഗതികേടിലാകും കർഷകർ. ബാങ്ക് ലോൺ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നടത്താമെന് പ്രതിഷിച്ചിരുന്ന കർഷകർക്ക് വില തകർച്ച ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം താങ്ങാനാവാത്തതാണ്. മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് കാത്തിരുന്ന കർഷകരാകെ ഇപ്പോൾ കടക്കെണിയിലേയ്ക്ക്ക്ക് നീങ്ങുകയാണ്.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഇത്തവണ ഉൽപാദനം കുറവാണെങ്കിലും വില ഉയരാത്തത് വ്യാപാരികളുടെ കള്ളക്കളികൾ മൂലമാണ്. കഴിഞ്ഞ സീസണിൽ കേരളത്തിലടക്കം ഉൽപാദനം കുറഞ്ഞതിനാൽ ഇറക്കുമതി വർധിച്ചതാണ് വിലത്തകർച്ചക്ക് പ്രധാനമായും വഴിയൊരുക്കിയത്. ഗുണനിലവാരം കുറഞ്ഞ വിദേശ കുരുമുളക് മാർക്കറ്റിൽ വില കുറച്ച് ലഭ്യമായിത്തുടങ്ങിയതോടെയാണ് ഇന്ത്യൻ കുരുമുളകിന്റെ ശനിദശ തുടങ്ങിയത്. ഗുണനിലവാരം ഉണ്ടായിട്ടും കേരളത്തിൽ നിന്നുള്ള കുരുമുളക് വിലയിടിവിനെ തടയാനായില്ല.
ഉൽപാദനത്തിൽ 40 ശതമാനം കുറവ്
കാലാവസ്ഥാ വ്യതിയാനവും മഴക്കുറവുമെല്ലാം കഴിഞ്ഞ സീസണിൽ കുരുമുളക് ഉൽപാദനത്തെ കാര്യമായി ബാധിച്ചതിനാൽ 40 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇതിനെ മറികടക്കാനായി ഇറക്കുമതി വർധിപ്പിച്ചതാണ് വിപണിക്ക് കനത്ത ആഘാതമായത്. വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നെല്ലാമാണ് രാജ്യത്തേക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തര മാർക്കറ്റിനെക്കാൾ കുറഞ്ഞ നിരക്കിൽ വിദേശ കുരുമുളക് ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തുന്നുണ്ട്. വിയറ്റ്നാമിൽ നിന്നുള്ള ഇറക്കുമതിയാണ് രാജ്യത്തെ കുരുമുളക് വിപണിയെ സാരമായി ബാധിച്ചത്.
വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്ക് കൊളംബോയിലൂടെ ഇറക്കുമതി ചെയ്യുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു. ഗുണനിലവാരം കുറവാണെങ്കിലും ഒരു പരിശോധനയും കൂടാതെയാണ് ഇത് തുറമുഖങ്ങളിലൂടെ ഇന്ത്യൻ വിപണിയിൽ വിദേശ കുരുമുളക് എത്തുന്നതെന്നും ആരോപണമുണ്ട്. ഇതിനൊപ്പം കേരളത്തിൽ നിന്നുള്ള ഉൽപന്നത്തേക്കാൾ കുറഞ്ഞ വിലയിൽ കർണാടകയിൽ നിന്ന് കുരുമുളക് വിപണിയിൽ എത്തുന്നതും തിരിച്ചടിയായി.