ഉൽപാദന ചെലവ് ഉയരുന്നു, ക്ഷീരകർഷകർ പ്രതിസന്ധിയിൽ
text_fieldsപ്രതീകാത്മക ചിത്രം
അടിമാലി: വേനൽ കടുത്തതോടെ തീറ്റപ്പുല്ലിന് ക്ഷാമം രൂക്ഷമായത് ജില്ലയിലെ ക്ഷീരകർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഒരു ലിറ്റർ പാൽ ഉൽപാദിപ്പിക്കാനുള്ള ചെലവ് ഇപ്പോൾ 60 രൂപക്ക് മുകളിലാണ്. എന്നാൽ പാൽ സൊസൈറ്റിയിൽ നിന്ന് ലീറ്ററിന് ശരാശരി 42 രൂപ മാത്രമാണു ക്ഷീര കർഷകർക്കു ലഭിക്കുന്നത്. ഇതുമൂലം വലിയതോതിൽ ചെറുകിട ക്ഷീര കർഷകർ ഈ മേഖലയിൽനിന്നു കൊഴിഞ്ഞു പോവുകയാണ്.
പാൽ സംഭരണം കുറഞ്ഞത് കാരണം പല ക്ഷീരസംഘങ്ങളും പൂട്ടേണ്ട സ്ഥിതിയിലാണ്. ഉൽപാദന ചെലവിനനുസരിച്ച് വില ലഭിക്കാത്തത് കൊണ്ട് പുതുതായി ആരും ഈ മേഖലയിലേക്ക് കടന്നുവരുന്നില്ല. പാലിനു സംഭരണവില ഉയർത്തുക, പാലിന്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്‌ക്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരളത്തിലെ ക്ഷീരമേഖലയിലെ എല്ലാ സംഘടനകളും ഒരുമിച്ച് ഒട്ടേറെ സമരങ്ങൾ നടത്തുകയും അധികാരികൾക്കു നിവേദനങ്ങൾ കൊടുക്കുകയും ചെയ്തെങ്കിലും അനുകൂലമായ തീരുമാനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.
പാലിക്കപ്പെടാത്ത ഉറപ്പുകൾ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷം പാലിന് സംഭരണ വില വർധിപ്പിച്ച് നൽകാം എന്ന് ക്ഷീരവികസന മന്ത്രി നൽകിയ വാക്ക് പാലിക്കപ്പെട്ടില്ല. ക്ഷീര കർഷകർ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് ആറ് ആഴ്ചക്കകം കർഷകരുടെ കാര്യത്തിൽ തീരുമാനം അറിയിക്കണമെന്ന് കഴിഞ്ഞ ഒക്ടോബർ 30ന് കോടതി നിർദേശം നൽകിയിരുന്നു. ഇതും പാലിക്കപ്പെട്ടില്ല. പാൽ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീര സഹ. സംഘങ്ങളുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടരുന്നുണ്ട്.


