കാലാവസ്ഥ വ്യതിയാനവും വിലയിടിവും; റംബൂട്ടാൻ കർഷകർ പ്രതിസന്ധിയിൽ
text_fieldsമരത്തിൽ നിന്ന് പറിച്ച റംബൂട്ടാൻ പഴങ്ങൾ വിൽപനക്കായി പെട്ടിയിൽ നിറക്കുന്നു
തൊടുപുഴ: വിലയിടിവും അതിനുപുറമെ ഇടനിലക്കാർ വാങ്ങാനെത്താത്തതും റംബൂട്ടാൻ കർഷകരെ പ്രതിസന്ധിയിലാക്കി. വാങ്ങാൻ ആളുകൾ എത്താത്തതിനെ തുടർന്ന് പലയിടത്തും വിളവെടുപ്പിന് പാകമായ റംബൂട്ടാൻ പഴങ്ങൾ കൊഴിഞ്ഞ് വീഴുന്ന സാഹചര്യമാണ്.നേരത്തേ 250 മുതൽ 300 രൂപ വരെയുണ്ടായിരുന്ന റംബൂട്ടാന് 100 രൂപക്കടുത്താണ് ഇപ്പോഴത്തെ വില.
ഇട നിലക്കാരുടെ ലാഭത്തിൽ ഇടിവ് വന്നതും മൊത്തമായി വാങ്ങുന്നതിന് ആളുകൾ എത്താത്തതുമാണ് ചെറുകിട കർഷകരെ പ്രതിസന്ധിയിലാക്കിയത്. എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിലെ കർഷകരാണ് കൂടുതലായും റംബൂട്ടാൻ കൃഷി ചെയ്യുന്നത്. റബർ കൃഷി ലാഭകരമല്ലാത്തതിനാൽ ആയിരക്കണക്കിന് കർഷകർ കുറച്ച് വർഷങ്ങളായി പഴവർഗ്ഗ കൃഷിയിലേക്ക് കടന്നിരുന്നു.ഇതോടെ റംബൂട്ടാൻ, അവക്കാഡോ, പൈനാപ്പിൾ, മാങ്കോസ്റ്റിൻ എന്നിവയുടെ ഉൽപാദനവും ഉയർന്നു.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് സീസൺ വൈകിയതിനാൽ ഉണ്ടായ വിലയിടിവും ഉൽപാദനം കൂടിയതിനനുസരിച്ച് വിപണനം ഇല്ലാത്തതും തമിഴ്നാട്ടിലേക്കുള്ള കച്ചവടം കുറഞ്ഞതുമാണ് റംബൂട്ടാൻ കർഷകരെ മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയിലെത്തിച്ചത്.
സാധാരണഗതിയിൽ കർഷകർ കച്ചവടക്കാരുമായി മുൻകൂട്ടി വില നിശ്ചയിച്ച് ധാരണയിലെത്തുകയാണ് ചെയ്യുന്നത്. എന്നാൽ വില ഇടിഞ്ഞതോടെ വില പറഞ്ഞുറപ്പിച്ച ഇടനിലക്കാർക്കും പ്രതീക്ഷിച്ച ലാഭം കിട്ടാത്ത സാഹചര്യമാണ്. പലരും തോട്ടങ്ങളിൽ നിന്ന് പഴം എടുക്കാൻ വൈകുന്ന സാഹചര്യവുമുണ്ട്. വിളവെടുത്ത റംബൂട്ടാൻ 36 മണിക്കൂറിനുള്ളിൽ വിറ്റഴിച്ചില്ലെങ്കിൽ കേടുവരും.
പഴങ്ങൾ കൂടുതലും തമിഴ്നാട്, ബംഗളൂരു തുടങ്ങിയ മൊത്ത വിപണന കേന്ദ്രത്തിലേക്കാണ് പോകുന്നത്. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ കാരണം കയറ്റുമതി നിലച്ചതും കേരളത്തിൽ കച്ചവടം കുറഞ്ഞതും സ്ഥിതി കൂടുതൽ വഷളാക്കി. മുൻപ് നല്ല വില ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ ഗുണമേൻമ കൂടിയതിനാണ് അവിടെയും ഡിമാൻഡ്.
പഴങ്ങൾ സംരക്ഷിക്കാൻ വലിയ വലകൾ വാങ്ങിയാണ് ഇവർ മരത്തിൽ ഇടുന്നത്. ഒരു കിലോ വലയ്ക്ക് 200 രൂപ നൽകണം. ഒരു വലിയ മരത്തിന് 15 കിലോ വല വേണ്ടിവരും. 1200 രൂപയാണ് ജോലിയുടെ കൂലി. പിന്നെ വാഹനച്ചെലവ് കൂടി നോക്കിയാൽ ലാഭം കുറവാണെന്നാണ് ഇടനിലക്കാർ പറയുന്നത്. 250 മരത്തിലെ പഴത്തിന് ലേലത്തിൽ 12 ലക്ഷം കിട്ടിയിരുന്നിടത്ത് ഇപ്പോൾ ആറ് ലക്ഷമായി കുറഞ്ഞു. ഒട്ടേറെ പേർ റമ്പൂട്ടാൻ ഇപ്പോൾ സ്വന്തമായി വിളവെടുക്കുന്നുണ്ട്. മാസങ്ങളായി തുടരുന്ന കനത്ത മഴയും വിൽപനയെ പിന്നോട്ടടിക്കുന്നുണ്ട്.
പഴം സംഭരിക്കാൻ ഹോർട്ടികോർപ്പ്
റംബൂട്ടാൻ കൃഷി ചെയ്യുന്ന കർഷകരെ സഹായിക്കാൻ പഴം സംഭരിക്കുമെന്ന് ഹോർട്ടികോർപ്പ്. കൃഷി മന്ത്രി പി. പ്രസാദിന്റെ നിർദ്ദേശമനുസരിച്ച് ആദ്യ ഘട്ടമെന്ന നിലയിൽ മൂന്ന് ടൺ തൊടുപുഴക്ക് സമീപം കലൂരിൽ നിന്ന് ഞായറാഴ്ച ശേഖരിച്ചതായി ഹോർട്ടികോർപ്പ് റീജിയണൽ മാനേജർ സി.വി ജിതേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്. ഹോർട്ടികോർപ്പിന്റെ എല്ലാ വിൽപന കേന്ദ്രങ്ങളിലും റംബൂട്ടാൻ എത്തിക്കും. ഇവിടങ്ങളിലായി വിൽപന പരിശോധിച്ച് തുടർ സംഭരണവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഹോർട്ടികോർപ്പ് അധികൃതർ പറഞ്ഞു.