സീസണിലും നേട്ടമില്ലാതെ റമ്പൂട്ടാൻ കർഷകർ
text_fieldsതൊടുപുഴ: റമ്പൂട്ടാൻ വിളവെടുപ്പ് കാലമാണെങ്കിലും സീസണിൽ നേട്ടമില്ലാതെ പ്രതിസന്ധിയിലാണ് കർഷകർ. പ്രതീക്ഷിച്ച വിലയില്ലാത്തതാണ് ഇവർക്ക് തിരിച്ചടിയായത്. സാധാരണ ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളാണ് റമ്പൂട്ടാൻ സീസൺ. എന്നാൽ ഇത്തവണ വിളവെടുപ്പ് തുടങ്ങിയതോടെ വിപണിയിൽ 150 രൂപയ്ക്കാണ് റമ്പൂട്ടാൻ വിൽക്കുന്നത്. എന്നാൽ ഉൽപാദന ചെലവ് നോക്കുമ്പോൾ ചുരുങ്ങിയത് 180 രൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ നഷ്ടമെന്നാണ് കർഷകർ പറയുന്നത്. സീസൺ തുടക്കത്തിൽ വില 200-300 നിന്നിരുന്ന റമ്പൂട്ടാനാണ് സീസൺ ആരംഭിച്ചതോടെ കുത്തനെ വിലയിടിഞ്ഞത്.
വിളവെടുപ്പ് സീസണിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പഴത്തിനെതിരെ ബോധപൂർവ്വം പ്രചാരണം നടക്കുന്നതായും കച്ചവടക്കാർക്കിടയിൽ പരാതിയുണ്ട്. ഇത് വില ഇടിയാൻ പ്രധാന കാരണമാണ്. പ്രത്യേകിച്ചും ആവശ്യക്കാർ കൂടുതലുള്ള മലബാർ മേഖലയിൽ വലിയരീതിയിൽ ഇത്തരം കുപ്രചാരണങ്ങളുണ്ട്. ഇത് കച്ചവടത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ നിപ വ്യാപനമുണ്ടായപ്പോൾ റമ്പൂട്ടാൻ കഴിച്ചതുമൂലമെന്ന പ്രചാരണം കർഷകരെയും കച്ചവടക്കാരെയും കാര്യമായി ബാധിച്ചിരുന്നു. പക്ഷികളും മൃഗങ്ങളുമെല്ലാം കഴിക്കുന്നതിനാൽ ഇത്തരംപ്രചാരണങ്ങൾ ഉപഭോക്താക്കളെ കാര്യമായി സ്വാധീനിച്ചിരുന്നു. പിന്നീട് പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയതോടെയാണ് ആശങ്കയകന്നത്.
റമ്പൂട്ടാൻ കൃഷി വ്യാപകമായി ഉൽപാദനം വർധിച്ചതും വിലയിടിവിന് മറ്റൊരു കാരണമാണ്. സീസൺ കച്ചവടത്തിൽ വിലകുറഞ്ഞത് കർഷകരെയും വ്യാപാരികളെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഉൽപാദനച്ചെലവിന് ആനുപാതികമായി വരുമാനമില്ലാത്താണ് പ്രതിസന്ധി. വലയിട്ട് സംരക്ഷിക്കുന്നതിന് കിലോയ്ക്ക് 110 -120 രൂപയോളമാകും. ചാണകം, എല്ലുപൊടി അടക്കമുള്ള ജൈവവളങ്ങൾ ഇട്ടാണ് കൃഷിപരിപാലിക്കേണ്ടത്. ഇതിനും നല്ലവില നൽകണം. വലയിടുന്നതിന് നെറ്റുവില കിലോയ്ക്ക് 160 രൂപയാണ്. ഇതിന്റെ പണിക്കൂലി വേറെയും നൽകണം. വർഷത്തിൽ ഒരുതവണമാത്രമാണ് വിളവെടുപ്പ് സീസൺ എന്നതിനാൽ ഈ സമയത്തുള്ള വിലയിടിവാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.


