നെൽകൃഷി; കർഷകരെ പ്രതിസന്ധിയിലാക്കി കാലാവസ്ഥ മാറ്റം
text_fieldsപനമരത്തെ നെൽപാടം
പനമരം: കാർമേഘം മൂടിക്കെട്ടിയ അന്തരീക്ഷം നെൽ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കൊയ്തു തുടങ്ങിയ സമയത്ത് വെയിലില്ലാത്തത് കാരണം നെല്ല് ഉണക്കാനാകാതെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടാതെ ഇടക്കിടെ എത്തുന്ന മഴ കൊയ്തിട്ട നെല്ല് നശിക്കാനും കാരണമാകും. ഇത് കർഷകന്റെ നെഞ്ചിടിപ്പ് കൂട്ടികയാണ്. ഇത്തവണ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയായിരുന്നു. നല്ല വിളവെടുപ്പുമുണ്ട്.
ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന പഞ്ചായത്ത് ആണ് പനമരം. കബനി പുഴയോരം, പനമരം ചെറുപുഴയോരങ്ങളിൽ ആയിരക്കണക്കിന് ഏക്കറിലാണ് നെൽകൃഷി ചെയ്യുന്നത്. കഴിഞ്ഞവർഷം നെൽകൃഷി അവതാളത്തിലായിരുന്നു. പലർക്കും കണ്ണീരായിരുന്നു ബാക്കി. കാലാവസ്ഥ അനുകൂലമായത് കാരണം നെൽ കർഷകർ ഇത്തവണ ആഹ്ലാദത്തിലായിരുന്നു.
അപ്രതീക്ഷിതമായി തണുപ്പ് തുടങ്ങിയതോടെയാണു കാലാവസ്ഥ മാറ്റം വന്നത്. 10 ദിവസമായി മൂടിക്കെട്ടിയ അന്തരീക്ഷമാണ് ജില്ലയിൽ. ഇതോടെ പലയിടത്തും നെല്ല് കൊയ്ത്ത് നിർത്തി വെക്കേണ്ടി വന്നു. പാടത്ത് കിടക്കുന്ന നെല്ല് നശിച്ചു പോകുമോ എന്ന ആഥിയോടൊപ്പം കുട്ടനാട്ടിൽ നിന്ന് കൊണ്ടുവന്ന കൊയ്ത്ത് എൻജിൻ അടക്കം പണിയില്ലാതെ പാടത്ത് കിടക്കുന്നതും വലിയ നഷ്ടമുണ്ടാക്കും.


