‘ഉമ’ക്ക് വാർധക്യബാധ; പകരം നെൽവിത്തില്ല
text_fieldsആലപ്പുഴ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരൻ ശുഭാൻഷു ശുക്ല പറന്നുയർന്നപ്പോൾ പരീക്ഷണത്തിനായി കൊണ്ടുപോയത് ഉമ നെൽവിത്തായിരുന്നു. സംസ്ഥാനത്ത് കർഷകർ വ്യാപകമായി കൃഷിയിറക്കുന്ന ഉമ നെൽവിത്ത് ‘പ്രായാധിക്യ’ത്തിന്റെ അവശതകളിലാണ്. പകരം ജനപ്രിയ വിത്തിനം അവതരിപ്പിക്കാനാവാതെ കൃഷി വകുപ്പ്. ഉമ ഇറങ്ങിയിട്ട് 25 വർഷത്തോളമായി. ഒരു വിത്തിനം പരമാവധി കൃഷിചെയ്യാനാവുന്നത് 20 വർഷത്തോളമാണ്. അതുകഴിഞ്ഞാൽ രോഗബാധ, വിളവ് കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുമെന്ന് കൃഷി വിദഗ്ധർ പറയുന്നു.
സംസ്ഥാനത്ത് 65 ശതമാനത്തോളവും കുട്ടനാട്ടിൽ 85 ശതമാനവുംപേർ കൃഷി ചെയ്യുന്ന ഉമക്ക് വയസ്സ് 25 ആയിട്ടും പകരം വിത്തിനം വികസിപ്പിക്കാത്തത് നെല്ല് ഗവേഷണ കേന്ദ്രത്തിന്റെയും കൃഷിവകുപ്പിന്റെയും വീഴ്ചയാണെന്നാണ് ആക്ഷേപം. ലാഭകരമല്ലാത്തതിനാൽ കർഷകർ കൈയൊഴിയുന്ന നെൽകൃഷിയെ കൈപിടിച്ചുയർത്താൻ പ്രധാനമായി വേണ്ടത് മികച്ച വിത്തിനമാണ്.
അന്ന് സുന്ദരിയായിരുന്നു
ഗാളീച്ച വ്യാപകമായിരുന്ന 1996 കാലത്താണ് ഉമ അവതരിപ്പിക്കപ്പെട്ടത്. ഗാളീച്ച, മുഞ്ഞ, ഉപ്പ് വെള്ളം എന്നിവയെ ഒരുപരിധിവരെ പ്രതിരോധിക്കുന്നതും മികച്ച വിളവുമാണ് ഉമയെ പ്രിയങ്കരിയാക്കിയത്. ഏതിനവും തുടർച്ചയായി വർഷങ്ങളോളം കൃഷി ചെയ്താൽ മണ്ണിൽനിന്നുള്ള മൂലക ആഗിരണം കുറയും.
മണ്ണ് വിളയോട് പൊരുത്തപ്പെടാത്ത അവസ്ഥയുണ്ടാകും. അത് പ്രകൃതിയുടെ പ്രതിഭാസമാണെന്ന് നെല്ല് ഗവേഷണകേന്ദ്രം അധികൃതർതന്നെ പറയുന്നു. ഉമയും അതിന്റെ പിടിയലമർന്നു. പ്രധാന ഗുണഗണങ്ങളെല്ലാം കുറഞ്ഞു. കൊയ്യാറാവുമ്പോൾ ഉമയുടെ കതിരിൽ ഫംഗസ്ബാധ വ്യാപകമാണ്. മധ്യകാല മൂപ്പ് ഇനത്തിൽപെടുന്നതാണ് ഉമ. 120-130 ദിവസംകൊണ്ട് വിളവെടുക്കാനാവും. ചോറിന് രുചി കുറവാണെന്ന പോരായ്മയുണ്ടെങ്കിലും മികച്ച വിളവാണ്.
‘ആദ്യ’യും ‘പുണ്യ’യും പരീക്ഷണത്തിൽ
കെ.എ.യു ആദ്യ (എം.ഒ-24), കെ.എ.യു പുണ്യ (എം.ഒ-25) ഇനങ്ങൾ മങ്കൊമ്പ് എം.എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണകേന്ദ്രം വികസിപ്പിച്ചെങ്കിലും കർഷകർക്ക് ലഭ്യമാക്കിയിട്ടില്ല. അടുത്തവർഷം മുതൽ വിത്ത് കർഷകർക്ക് നൽകാനാവുമെന്ന് നെല്ല് ഗവേഷണകേന്ദ്രം സി.ഇ.ഒ സ്മിത ‘മാധ്യമ’ത്തോട് പറഞ്ഞു. ഉമയും നാടൻ ഇനമായ തവളക്കണ്ണനും സങ്കരണം നടത്തിയാണ് ആദ്യ വികസിപ്പിച്ചത്. വെള്ള അരിയാണ്. വെള്ളപ്പൊക്കം ചെറുത്തുനിൽക്കുമെന്നതാണ് പ്രധാന സവിശേഷത. ഉമയും ജ്യോതിയും സങ്കരണം നടത്തിയതാണ് പുണ്യ. നീണ്ടുരുണ്ട ദൃഢതയുള്ള ചുവന്ന അരിയാണ്. രണ്ടിന്റെയും ചോറ് ഉമയേക്കാൾ മെച്ചമാണത്രേ.