ചൂടുകാലത്ത് കഴിക്കാൻ ചാമ്പക്ക
text_fieldsകേരളത്തിലെ മിക്ക വീടുകളുടെയും ഭാഗമായിരുന്ന ചെറുവൃക്ഷമാണ് ചാമ്പ. മലയാളികളുടെ വിദ്യാലയ ഓർമകളിലും ഇവയുടെ ചുവന്ന് തുടുത്ത പഴങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. ഒരൽപം ശ്രദ്ധകൊടുത്താൽ കൈ നിറയെ വിളവ് കൊയ്യാൻ പറ്റുന്ന വിള കൂടിയാണിത്. മാത്രമല്ല ഓരോ വർഷവും അന്തരീക്ഷ താപനില ഉയർന്ന് വരുന്ന നിലവിലെ സാഹചര്യത്തിൽ ശരീരത്തിന്റെ പ്രതിരോധശേഷിക്കും ഉത്തമമാണ് ചാമ്പക്ക. ഇംഗ്ലീഷിൽ റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ഇവ ജാമ്പക്ക, ചാമ്പങ്ങ എന്നീ പേരുകളിലും അറിയപ്പെടുന്നു.
നാരുകൾ, ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ചാമ്പക്ക ആരോഗ്യ നേട്ടങ്ങൾ ഒരുപാടുള്ളവയുമാണ്. ചുവന്ന നിറത്തിലുള്ള നാടൻ ചാമ്പക്കകൾക്ക് പുറമെ പല നിറത്തിലുള്ള കായ്കൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പ്രത്യേക പരിചരണങ്ങളൊന്നുമില്ലെങ്കിലും കായ്ഫലമുള്ള ചാമ്പ മരങ്ങൾ പലരുടെയും വീടുകളിൽ ഉണ്ടാകും. എന്നാൽ അൽപം ശ്രദ്ധ നൽകിയാൽ കൂടുതൽ വിളവും ആയുസ്സുമുള്ള ചാമ്പ മരങ്ങൾ കൃഷി ചെയ്തെടുക്കാവുന്നതാണ്.
കൃഷിരീതിയും വളപ്രയോഗവും
നന്നായി പഴുത്ത കായ്കളിൽനിന്ന് ശേഖരിച്ച വിത്തുകൾ മുളപ്പിച്ചും പതിവെക്കൽ വഴിയും ആരോഗ്യമുള്ള ചെടിയിൽനിന്നുള്ള കമ്പുകളിൽനിന്നും പുതിയ തൈകളുണ്ടാക്കാം. നഴ്സറികളിൽനിന്ന് തൈകൾ വാങ്ങാം. ഒരടി വീതം നീളവും വീതിയും ആഴവുമുള്ള കുഴികളിലേക്ക് തൈകൾ മാറ്റിനടണം. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലത്ത് വേണം നടാൻ. പുതിയ സ്ഥലത്ത് ചെടി ഉറച്ചുവരുന്നത് വരെ സ്ഥിരമായി വെള്ളം നനക്കണം. പിന്നീടിത് ഇടവിട്ട ദിവസങ്ങളിലായാലും കുഴപ്പമില്ല. വേനൽക്കാലത്തും ചെടിക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വളപ്രയോഗമില്ലെങ്കിലും ഫലങ്ങൾ നൽകാൻ കഴിവുള്ള ചെടിയാണിത്. എന്നിരുന്നാലും കടലപ്പിണ്ണാക്കും ചാണകവും മറ്റ് ജൈവവളങ്ങളും ഉപയോഗിക്കുന്നത് കൂടുതൽ വിളവ് ലഭിക്കാൻ സഹായിക്കും. ചെടികളുടെ ചുവട്ടിൽ ചകിരിവെച്ചുകൊടുക്കുന്നത് ഈർപ്പം നിലനിർത്താനും ഗുണം ചെയ്യും.
ഗുണങ്ങൾ
ചാമ്പക്കയിൽ ഉയർന്ന അളവിൽ ജലാംശമുള്ളതിനാൽ ശരീര താപനില അമിതമായി ഉയരുന്നത് തടയാനും ദാഹശമനത്തിനും ഉപയോഗിക്കാം. കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക വഴി പ്രമേഹവും ചെറുത്തുനിർത്തുന്നു. വിറ്റാമിൻ എ, ബി, സി എന്നിവ അടങ്ങിയിരിക്കുന്നതിനാൽ കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും ഗുണം ചെയ്യുന്നു. നാരുകൾ ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ശരീരഭാരം കുറക്കാൻ താൽപര്യപ്പെടുന്നവർക്കും പരീക്ഷിക്കാം. എല്ലിന്റെയും കരളിന്റെയും വൃക്കയുടെയും ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
ആഹാര വിഭവങ്ങൾ
ചാമ്പക്ക വെറുതെ കഴിക്കാനും ഉപ്പും മുളകും ചേർത്ത് കഴിക്കാനും താൽപര്യപ്പെടുന്നവരാണ് അധിക പേരും. ഉപ്പിലിട്ടുവെക്കാനും അച്ചാറിടാനും വൈൻ ഉണ്ടാക്കാനും ജാമുകളിലും ഈ കുഞ്ഞൻ പഴങ്ങൾ ഉപയോഗിക്കാം. ചാമ്പക്ക ഉപയോഗിച്ചുള്ള ജ്യൂസും സ്മൂത്തിയും ഊർജ സ്രോതസ്സുകളാണ്.