കൃഷിയിൽ വിസ്മയംതീർത്ത് സിദ്ദീഖിന്‍റെ ‘മണ്ണ്’
text_fieldsസിദ്ദീഖ് തൻ്റെ റമ്പൂട്ടാൻ തോട്ടത്തിൽ
ആലുവ: 13ഓളം വ്യത്യസ്ത ഇനം റമ്പൂട്ടാൻ കൃഷിചെയ്ത് റമ്പൂട്ടാൻ കൃഷിയിൽ വിസ്മയം തീർക്കുകയാണ് കുട്ടമശ്ശേരി പള്ളിനിലംവീട്ടിൽ സിദ്ദീഖ് എന്ന യുവ കർഷകൻ. കുട്ടമശ്ശേരിയിലെ ‘മണ്ണ്’ എന്ന തന്റെ ഭവനത്തിലെ കൃഷിയിടത്തിൽ നടത്തിയ കൃഷി വിളവെടുപ്പിന് പാകമായിരിക്കുകയാണ്. കേരളത്തിൽ ഇന്ന് ലഭ്യമായ ഒട്ടുമിക്ക ഇനങ്ങളും ഈ കൃഷിയിടത്തിൽ വിളവെടുപ്പിന് പാകമായിട്ടുണ്ട്. മഞ്ഞയും കടും ചുവപ്പും ഇളം ചുവപ്പുമായി റമ്പൂട്ടാൻ തോട്ടം ഇപ്പോൾ വർണവിസ്മയമാണ് തീർത്തിരിക്കുന്നത്. റംബൂട്ടാൻ കൂടാതെ വിവിധ അപൂർവ പഴവർഗച്ചെടികളുടെ സങ്കേതം കൂടിയാണ് കുട്ടമശ്ശേരിയിലെ ഈ മണ്ണ്. സർക്കാർ സർവിസിലാണെങ്കിലും പ്രകൃതിയെ സംരക്ഷിച്ച് സമ്മിശ്ര കൃഷിചെയ്യുന്ന കർഷകനാണ് സിദ്ദീഖ്.
പിതാവ് കൊച്ചുമരക്കാർ നടത്തിയിരുന്ന കൃഷി കണ്ടറിഞ്ഞ് വളർന്നുവന്ന സിദ്ദീഖിന് കുട്ടിക്കാലം മുതൽ കൃഷിയോടുള്ള താൽപര്യം പിന്നീട് വിത്യസ്തങ്ങളായ കൃഷികൾ ചെയ്യാൻ പ്രചോദനമായി. പാട്ടത്തിനെടുത്തും അല്ലാതേയും 20 ഏക്കറോളം നെൽകൃഷി ചെയ്യുന്നുണ്ട്. കൂടാതെ തണ്ണിമത്തൻ, പൊട്ടുവെള്ളരി തുടങ്ങിയവയും പയർ, വെണ്ട, മത്തൻ, ചീര, തുടങ്ങിയ വിവിധ പച്ചക്കറി കൃഷികളും ചെയ്യുന്നുണ്ട്.
പ്രകൃതിയോട് കൂടുതലായും ഇണങ്ങിയ നിലയിലാണ് സിദ്ധീഖിന്റെ വീട് നിർമാണവും. കല്ലിൽ പണിതീർത്തിരിക്കുന്ന വീട്ടിൽ സിമന്റ് ഉപയോഗിച്ചിട്ടില്ല. ഉമിയും മണ്ണും ചേർത്താണ് ഭിത്തി തേച്ചിരിക്കുന്നത്. മേൽക്കൂര ഓടും. നെടുമ്പാശ്ശേരി പഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായി ജോലി ചെയ്യുകയാണ് സിദീഖ്. എം.എസ്.ഡബ്ലിയു, എം.ഫിൽ ബിരുദദാരിയായ സിദീഖ് കൗൺസലിങ്, കരിയർ ഗൈഡൻസ് ക്ലാസുകൾക്കും സമയം കണ്ടെത്തുന്നു. കൃഷിയിൽ ഭാര്യ ജസീനയുടെ പൂർണ പിന്തുണയുമുണ്ട്. മക്കൾ: സൽമ, മുഹമ്മദ് യാസീൻ, മുഹമ്മദ് നഈം.


