മഞ്ജുവിനോട് സുല്ലിട്ട് ഒച്ചുകൾ
text_fieldsഒച്ചുകളെ തുരത്തുന്ന മരുന്നുമായി മഞ്ജു
നെടുങ്കണ്ടം: കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വിളകളിലെ ഒച്ചുകളുടെ ആക്രമണം. ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇടുക്കിയില്‍ നിന്നൊരു കര്‍ഷക. നെടുങ്കണ്ടത്തിനടുത്ത് വലിയേതാവാള അഞ്ചുമുക്ക് ഉള്ളാട്ട് മാത്യുവിന്റെ ഭാര്യ മഞ്ജുവാണ് ജൈവ രീതിയില്‍ ഒച്ചുകളെ തുരത്താൻ പൊടി രൂപത്തിലുള്ള മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. പച്ചക്കറികളിലും, പഴ വർഗ്ഗകൃഷികളിലും ഒച്ചുകള്‍ വന്‍ വെല്ലുവിളി ഉയര്‍ത്തിയതോടെയാണ്, ഇവയെ തുരത്താന്‍ മഞ്ജു നിര്‍ബന്ധിതയായത്. ഒച്ചുകള്‍ അധികം ആക്രമിക്കാത്ത ചെടികളെ നിരീക്ഷിച്ച് അവയുടെ ഇലകളും മുട്ടത്തോടും മറ്റ് ജൈവ മിശ്രിതങ്ങളും ചേര്‍ത്തൊരുക്കിയ മരുന്ന് വിജയകരമായി പരീക്ഷിക്കാന്‍ ഇവര്‍ക്കായി. ഒരു വര്‍ഷത്തെ പരിശ്രമ ഫലമായാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്ന് മഞ്ജു പറഞ്ഞു. ആശയത്തിനുള്ള അംഗീകാരമായി കാര്‍ഷിക സര്‍വകലാശാലയും രംഗത്ത് എത്തി.
ഒച്ചുകളെ തുരത്തുന്നതിനൊപ്പം ചെടികള്‍ക്കാവശ്യമായ വിവിധ മൂലകങ്ങളും ഈ മരുന്ന് നല്‍കും. അധികം ഒച്ചുണ്ടെങ്കില്‍ ആകര്‍ഷിച്ച് ഇവയെ തുരത്തുന്നതാണ് കൂടുതല്‍ ഗുണകരമെന്ന് ഈ കര്‍ഷക പറയുന്നു. കൂടുതല്‍ ഒച്ചുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കാൻ ലിക്വിഡ് രൂപത്തിലും മരുന്ന് ഒരുക്കിയിട്ടുണ്ട്.
ചരല് കല്ലുകളാല്‍ പുല്ല് പോലും മുളക്കാതെ കിടന്ന ഭൂമിയെ ജൈവ കൃഷിയിലൂടെ സമൃദ്ധിയുടെ വിളനിലമാക്കിയ ഇവർ ചക്ക, പപ്പായ എന്നിവ കൊണ്ട് അച്ചാര്‍ നിർമിച്ചും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരു ചക്ക വിറ്റാല്‍ കിട്ടുന്നത് പരമാവധി 10 രൂപ, അതേ സമയം ഒരു ചക്ക അച്ചാറിട്ടാല്‍ 500 മുതല്‍ 1000 രൂപ വരെ കിട്ടുമെന്ന് മഞ്ജു പറഞ്ഞു. വര്‍ഷത്തില്‍ 12 മാസവും കായ്ക്കുന്ന കുറ്റി കുരുമുളക് ചെടിയും ഇവരുടെ നഴ്സറിയിലുണ്ട്. പൂര്‍ണമായും ജൈവ കൃഷിയാണ് അവലംബിക്കുന്നത്. ഒരിക്കല്‍ പകുതി പാകമായപ്പോള്‍ വിളഞ്ഞത് എട്ട് കിലോ തൂക്കവും ഒമ്പതടി നീളമുള്ള പടവലങ്ങയാണ്. വിറ്റതാവട്ടെ 500 രൂപക്കും. മഞ്ജു പരീക്ഷിക്കാത്ത വിളകള്‍ കുറവാണെന്ന് തന്നെ പറയാം.


