മണ്ണറിഞ്ഞ് കൃഷി ചെയ്യാം
text_fieldsചകിരിച്ചോറും വളങ്ങളുമെല്ലാം നൽകി ചട്ടിയിൽ നടുന്ന വിളകൾ വേഗത്തിൽ വളരും. എന്നാൽ, ഇവ മണ്ണിലേക്ക് മാറ്റിനട്ടാൽ ഒന്നുകിൽ വാടി ഉണങ്ങിപ്പോകും അല്ലെങ്കിൽ ചീഞ്ഞുപോകും. കൃഷി ചെയ്യാൻ ഇറങ്ങുന്ന പലരും നേരിടുന്ന പ്രശ്നമാണിത്. ഒന്നുരണ്ടു തവണ മണ്ണിൽ പരീക്ഷണം നടത്തി പരാജയപ്പെടുന്നതോടെ അവർ കൃഷിയും ഉപേക്ഷിക്കും.
മണ്ണറിഞ്ഞ് കൃഷിചെയ്യണമെന്നാണ് പഴമക്കാർ പറയുക. എങ്കിലേ നല്ല വിളവ് ലഭിക്കൂ. അതിനാൽ കൃഷിയും വളപ്രയോഗവും കാര്യക്ഷമവും ലാഭകരവുമാക്കാൻ ആവശ്യമായ ശാസ്ത്രീയ ഉപാധിയാണ് മണ്ണുപരിശോധന.
ഓരോ പ്രദേശത്തിന്റെയും മണ്ണിന്റെ ഫലപുഷ്ടി അനുസരിച്ച് ഏതു വിള കൃഷിചെയ്യാനാകുമെന്നും വിളകൾക്ക് ലഭ്യമാകുന്ന സസ്യപോഷകങ്ങളുടെ അളവ് നിർണയിക്കലുമാണ് മണ്ണ് പരിശോധനയുടെ ലക്ഷ്യം. മണ്ണിന്റെ ഫലപുഷ്ടി നിർണയിക്കുന്ന മറ്റൊരു ഘടകമായ അമ്ലക്ഷാരാവസ്ഥ പരിശോധിക്കാനും ഇതുവഴി സാധിക്കും.
അമ്ലക്ഷാരത്വം, സാള്‍ട്ട് ലയിച്ചു ചേര്‍ന്നിട്ടുള്ള അളവ്, പാക്യജനകം (നൈട്രജന്‍), ഭാവഹം (ഫോസ്ഫറസ്), ക്ഷാരം (പൊട്ടാഷ്), സെക്കൻഡറി മൂലകങ്ങള്‍ (കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍), സൂക്ഷ്മ മൂലകങ്ങള്‍ (ഇരുമ്പ്, ചെമ്പ്, നാകം, മാൻഗനീസ്) തുടങ്ങിയ ഘടകങ്ങൾക്കാണ് മണ്ണ് പരിശോധന നടത്തുക. ഇത്തരം മൂലകങ്ങളുടെ സാന്നിധ്യം പരിശോധിക്കുന്നതിലൂടെ അതിനനുസരിച്ച വളങ്ങൾ മണ്ണിന് നൽകുകയും ചെയ്യും. മൺവെട്ടി, ഓഗർ, പ്ലാസ്റ്റിക് ബക്കറ്റ് തുടങ്ങിയവ ഉപയോഗിച്ച് സാമ്പിളുകൾ ശേഖരിക്കാം.
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സെൻട്രൽ സോയിൽ ആൻഡ് പ്ലാന്റ് ഹെൽത്ത് സെന്ററിന് കീഴിൽ സംസ്ഥാനത്ത് 14 ജില്ലകളിലും മണ്ണ് പരിശോധന ലബോറട്ടറികൾ പ്രവർത്തിക്കുന്നുണ്ട്.
ശേഖരിക്കുന്ന സാമ്പിളുകൾ നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കൃഷി ഭവനിൽനിന്ന് ജില്ല ലബോറട്ടികളിൽ എത്തിച്ച് പരിശോധിക്കും. സൗജന്യമായാണ് മണ്ണ് പരിശോധന നടത്തുക. കർഷകർ നേരിട്ട് ലാബിൽ എത്തിക്കുന്ന സാമ്പിളിന് ചെറിയ ഫീസ് ഈടാക്കും.
മണ്ണ് പരിശോധന സാമ്പിളിനൊപ്പം ഈ വിവരങ്ങൾ കൂടി അയക്കണം: കർഷകന്റെ പേരും മേൽവിലാസവും, വില്ലേജ്, ബ്ലോക്ക്, പഞ്ചായത്ത്, ജില്ല, സാമ്പിളെടുത്ത രീതി, കൃഷി സ്ഥലത്തിന്റെ സർവേ നമ്പർ, അടുത്തതായി കൃഷി ചെയ്യാനുദ്ദേശിക്കുന്ന വിള, മുമ്പ് കൃഷി ചെയ്തിരുന്നതിന്റെ വിവരങ്ങൾ (തൊട്ടുമുമ്പുള്ള മൂന്ന് കൃഷിയുടെ വിളവും വളപ്രയോഗവും), നിർദേശം വേണ്ട കൃഷികൾ -ഇനം, ഏതെങ്കിലും പ്രത്യേകത കണ്ടിട്ടുണ്ടെങ്കിൽ അവ, കൃഷിക്കുള്ള ജലസേചന മാർഗം, നീർവാർച്ച സൗകര്യം, മണ്ണിന്റെ പ്രത്യേകതകൾ (മണ്ണിന്റെ അടിയിൽ ഉറച്ച പാരുമണ്ണോ പാറയോ അലിഞ്ഞുചേരാത്ത പദാർഥങ്ങൾ, മണ്ണൊലിപ്പ് എന്നിവ), കുമ്മായമോ മറ്റോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ അളവും ഉപയോഗിച്ച സമയവും.
മണ്ണ് സാമ്പിൾ ശേഖരിക്കുന്നതെങ്ങനെ?
കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന വിളയുടെ വേരുപടലത്തിന്റെ ആഴത്തിൽനിന്ന് മണ്ണ് സാമ്പിളുകൾ ശേഖരിക്കാം. നെല്ല്, പച്ചക്കറി, പയറുവർഗങ്ങൾ തുടങ്ങിയ ചെടികൾക്ക് 15 സെ.മീ. ആഴത്തിലും മറ്റ് വിളകൾക്ക് 25 സെ.മീ. ആഴത്തിലും സാമ്പിളുകൾ ശേഖരിക്കാം. ചെടിയിൽനിന്നും 15 മുതൽ 20 വരെ സെ.മീ. വിട്ട് മണ്ണെടുക്കാൻ ശ്രദ്ധിക്കണം.
വാഴ, തെങ്ങ് എന്നിവയുടെ തടത്തിന്റെ പുറത്തുനിന്ന് മണ്ണെടുക്കണം. വാഴയുടെ ഏകദേശം രണ്ടര അടി അകലെനിന്നും തെങ്ങിന്റെ ആറടി അകലത്തിൽനിന്നും മണ്ണ് ശേഖരിക്കാം. സാമ്പിളുകൾ എടുക്കുന്ന സ്ഥലത്തെ പുല്ലും ഇലകളുമെല്ലാം നീക്കം ചെയ്ത് വൃത്തിയാക്കണം. വൃത്തിയാക്കിയ സ്ഥലത്തുനിന്നും മൺവെട്ടി ഉപയോഗിച്ച് നിർദേശിച്ച ആഴത്തിൽ ‘V’ ആകൃതിയിൽ മണ്ണ് വെട്ടിയെടുക്കണം.
വെട്ടിമാറ്റിയ കുഴിയിൽനിന്നും മുകളറ്റം മുതൽ 2-3 സെ.മീ. ഘനത്തിൽ ഒരു വശത്തുനിന്നും മണ്ണ് അരിഞ്ഞെടുക്കണം. പുരയിടത്തിന്റെ മണ്ണ്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ ‘സിഗ് സാഗ്’ (തലങ്ങും വിലങ്ങും) രീതിയില്‍ എടുക്കണം. ഒരേ സ്വഭാവമുള്ള ഒരേക്കര്‍ നിലത്തുനിന്ന് 5-10 സബ് സാമ്പിളുകള്‍ ശേഖരിക്കാം. പല ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണ് കല്ലും സസ്യഭാഗങ്ങളും നീക്കി കട്ടകള്‍ ഇടിച്ച് നല്ലതുപോലെ കൂട്ടിക്കലര്‍ത്തണം. പല സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണ്‍ അരക്കിലോ ആയി കുറക്കണം.
ശേഖരിച്ച മണ്ണ്‍ നന്നായി കൂട്ടിക്കലര്‍ത്തി പ്ലാസ്റ്റിക് ഷീറ്റില്‍ നിരത്തിയിടുക. അതിനുശേഷം നെടുകെയും കുറുകെയും വര വരച്ച് നാലായി വിഭജിക്കുക. ഇതില്‍ നിന്നും കോണോട്കോണ്‍ വരുന്ന രണ്ടു ഭാഗങ്ങളും നീക്കിക്കളഞ്ഞശേഷം വീണ്ടും മറ്റ് രണ്ട് ഭാഗങ്ങള്‍ കൂട്ടിക്കലര്‍ത്തി ഒന്നിച്ച് കൂനയാക്കുക.
അവസാനം മണ്ണ്‍ അരക്കിലോ ആകുന്നതുവരെ ഈ ചതുര്‍വിഭജനം തുടരണം. ഇങ്ങനെ തയാറാക്കിയ സാമ്പിള്‍ വൃത്തിയുള്ള തറയിലോ കടലാസിലോ നിരത്തി തണലില്‍ ഉണക്കിയെടുക്കണം. ഒരിക്കലും വെയിലത്ത് ഉണക്കാന്‍ പാടില്ല. ഉണങ്ങിയ മണ്ണ് സാമ്പിള്‍ തുണി, പ്ലാസ്റ്റിക് സഞ്ചിയിൽ നിറച്ച് പരിശോധനക്ക് അയക്കാം.
സാമ്പിള്‍ തിരിച്ചറിയാനുള്ള നമ്പറോ കോഡോ മാഞ്ഞുപോകാതിരിക്കത്തക്കവിധം സഞ്ചിക്കുള്ളിലും പുറത്തും വെക്കുക. മണ്ണ്‍ സാമ്പിളിനോടൊപ്പം അയക്കുന്ന ഫോറത്തിലും ഈ കോഡ് രേഖപ്പെടുത്തണം.
അവലംബം: krishi.info
മണ്ണ് സാമ്പിൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
1. സാമ്പിൾ കൃഷിസ്ഥലത്തെ മുഴുവൻ പ്രതിനിധീകരിക്കുന്നതായിരിക്കണം
2. ഓരോ പറമ്പ്, നിലത്തിൽനിന്നും പ്രത്യേകം സാമ്പിളുകൾ ശേഖരിക്കണം
3. കൃഷിയിടത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നും ശേഖരിക്കുന്ന മണ്ണ് കൂട്ടിക്കലർത്തി സാമ്പിൾ തയാറാക്കി പരിശോധിക്കണം
4. ഓരോ പ്രദേശത്തിന്റെയും മണ്ണിന്റെ ഘടന, ആഴം, സ്ഥലത്തിന്റെ ചരിവ്, നീർവാഴ്ച സൗകര്യങ്ങൾ, ചെടിയുടെ വളർച്ച തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പ്രത്യേകം സാമ്പിളുകൾ ശേഖരിക്കണം
5. ചെടികൾ വരിവരിയായി നട്ടിട്ടുണ്ടെങ്കിൽ രണ്ടുവരികൾക്കിടയിൽനിന്ന് സാമ്പിൾ എടുക്കണം
6. മണ്ണ് സാമ്പിളുകൾ കുമ്മായം, ജിപ്സം വളങ്ങളുമായി ബന്ധപ്പെടുത്തരുത്. കുമ്മായമോ വളമോ ചേർത്തിട്ടുണ്ടെങ്കിൽ മൂന്ന് മാസത്തിനുശേഷം സാമ്പിൾ എടുക്കണം
7. ശേഖരിച്ച മണ്ണ് ആറുമാസത്തിന് മുമ്പുതന്നെ പരിശോധനക്ക് അയക്കാൻ ശ്രദ്ധിക്കണം
ഈ സ്ഥലങ്ങൾ ഒഴിവാക്കണം
1. വരമ്പിനോട് ചേർന്ന ഭാഗം
2. വളപ്രയോഗം നടത്തിയ ഉടൻ
3. വളക്കുഴി, കമ്പോസ്റ്റ് തുടങ്ങിയവയുടെ അടുത്തുള്ള ഭാഗം
4. മരങ്ങളുടെ തായ്ത്തടിക്ക് സമീപം
5. വീട്, റോഡ് എന്നിവയോട് ചേർന്ന ഭാഗം
6. കൃഷിയോഗ്യമല്ലാത്ത സ്ഥലത്തോട് ചേർന്ന ഭാഗം