മൂന്ന് സെന്റിന്റെ ഉടമ, മൂന്നേക്കറിന്റെ കൃഷിക്കാരൻ
text_fieldsകാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി മുജീബ് കപ്പ തോട്ടത്തിൽ
കാഞ്ഞിരപ്പള്ളി: ആകെ കൈവശമുള്ളത് മൂന്ന് സെന്റ് ഭൂമി. എങ്കിലും 25 വർഷമായി മൂന്ന് ഏക്കറിലെ കപ്പ കൃഷിയുടെ ഉടമയാണ് കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി മുജീബ്. വർഷത്തിൽ രണ്ടു തവണയായി 20 മുതൽ 25 ടൺ വരെ പച്ചകപ്പ വിളവായി ലഭിക്കാറുണ്ട്.
ഒമ്പതിടത്തായി സ്ഥലം പാട്ടത്തിനെടുത്താണ് കപ്പ കൃഷി ചെയ്യുന്നത്. 7000 മൂട് കപ്പയും 600 വാഴകളുമാണ് നെല്ലിമല പുതുപ്പറമ്പിൽ എൻ.ഐ. മുജീബ് എന്ന 51 കാരന്റെ ശ്രമഫലമായി മണ്ണിൽ വിളയുന്നത്. കപ്പ കൃഷിയാകുമ്പോൾ വീട്ടിലെ മറ്റു കാര്യങ്ങൾക്ക് സമയം ലഭിക്കുമെന്നതാണ് ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കാരണം.
എം.4 ഇനം കപ്പയാണ് നടുന്നത്. രണ്ടര അടി അകലത്തിൽ നടുന്ന കപ്പക്ക് പൊതുവെ ചെറിയ കിഴങ്ങുകളാണ് ഉണ്ടാകാറുള്ളത്. നല്ല രുചിയായതിനാൽ ആവശ്യക്കാർ ഏറെയാണ്. ആനക്കല്ല് മുതൽ കാഞ്ഞിരപ്പള്ളി വരെ 14 കടകളിലായി ദിനംപ്രതി 350 കിലോ കപ്പ നൽകി വരുന്നു. ചെറുകിട കച്ചവടക്കാർക്ക് 11 കിലോ പച്ചക്കപ്പ 300 രൂപ നിരക്കിലാണ് കൊടുക്കുന്നത്.
അധികം വളപ്രയോഗമില്ലാത്തതിനാൽ മുജീബിന്റെ പച്ചക്കപ്പ അന്വേഷിച്ച് കച്ചവടക്കാരും വീട്ടാവശ്യത്തിനുള്ളവരും എത്താറുണ്ട്. മാർച്ച്, നവംബർ മാസങ്ങളിലായാണ് കപ്പ നടുന്നത്. തുടക്കത്തിൽ കോഴിവളം ഇട്ട് ഇളക്കിയ മണ്ണിലാണ് നടുന്നത്. നാലു മാസം കഴിയുമ്പോൾ ഇടവളം നൽകും. സെപ്റ്റംബർ, ജനുവരി മാസങ്ങളിലായി കപ്പ പറിച്ച് വിൽക്കുവാൻ കഴിയും. കപ്പയോടൊപ്പം 600 വാഴയും കൃഷി ചെയ്യുന്നുണ്ട്. പൂവൻ, പാളംതോടൻ, റോബസ്റ്റ ഇനങ്ങളാണ് കൃഷിയിടത്തിലുള്ളത്.
ഭാര്യ സോഫിയ, മക്കളായ ബാദുഷ മുബാറക്ക്, അബ്ദുൾ ബാസിത്, ആയിഷ മോൾ എന്നിവർ കൃഷിക്ക് പിന്തുണയുമായി ഒപ്പമുണ്ട്. വിളവെടുപ്പിന് സഹായത്തിനായി മക്കളും കൂടും. കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് വീട്ടുകാര്യങ്ങൾ നടക്കുന്നത്. സ്വന്തമായി ചെയ്യുന്നതിനാൽ ലാഭകരമായതിനാലും മനഃസന്തോഷം കിട്ടുന്നതിനാലും കഴിയുന്നത്ര കാലം കപ്പ കൃഷി തുടരാനാണ് ആഗ്രഹമെന്ന് മുജീബ് പറഞ്ഞു.