ചെണ്ടുമല്ലി കൃഷിയിൽ വിജയഗാഥ രചിക്കാൻ ജയപ്രകാശ്
text_fieldsകരിയങ്കോട് ആലിൻചുവട് വാഴമ്പള്ളം പാടശേഖരത്തിൽ ചെണ്ടുമല്ലി കൃഷിയുടെ പരിചരണത്തിൽ ജയപ്രകാശ്
കോട്ടായി: ഓണം വിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷി പരീക്ഷണത്തിനിറങ്ങി കർഷകൻ. കരിയങ്കോട് ആലിൻചുവട് ‘ഉഷസ്സി’ ലെ ജയപ്രകാശ് ആണ് പരമ്പരാഗത കൃഷിക്കുപകരം ചെണ്ടുമല്ലി കൃഷിയിലേക്ക് ചുവടുമാറ്റിയത്. പരീക്ഷണാടിസ്ഥാനത്തിൽ 20 സെന്റ് സ്ഥലത്താണ് കൃഷി ഇറക്കിയിട്ടുള്ളത്. ഇത് വിജയിച്ചാൽ അടുത്ത തവണ പൂകൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി. ആലിൻചുവട്ടിലെ വള്ളിക്കോട് -വാഴമ്പള്ളം പാടശേഖരത്തിലാണ് കൃഷി ഇറക്കിയിട്ടുള്ളത്.
നഴ്സറി നടത്തുന്ന ജയപ്രകാശ് ബംഗളൂരുവിൽ നിന്ന് മുന്തിയതരം ചെണ്ടുമല്ലി വിത്ത് എത്തിച്ചാണ് കൃഷി ചെയ്തിട്ടുള്ളത്. തൈ നട്ട് 45 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ പാകമാകുമെന്നാണ് പറയുന്നത്.
നെൽകൃഷിയും കിഴങ്ങുകൃഷിയും ഇറക്കി നഷ്ടത്തിലായതും, പന്നി ശല്യത്താൽ വലഞ്ഞതിനാലാണ് പൂ കൃഷി പരീക്ഷണത്തിലേക്ക് തിരിഞ്ഞതെന്നും നെൽകൃഷിയെ അപേക്ഷിച്ച് പണി കുറവാണെങ്കിലും ചെണ്ടുമല്ലി കൃഷിക്ക് നല്ല പരിചരണം ആവശ്യമാണെന്നും വളപ്രയോഗം യഥാസമയം നടത്തേണ്ടതുണ്ടെന്നും ജയപ്രകാശ് പറഞ്ഞു.