പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന ഷാജന്റെ പ്രീമിയം ജാതി
text_fieldsഷാജൻ വർഗീസ് പ്രീമിയം ജാതിക്ക് മുന്നിൽ
ചെറുതോണി: കാലാവസ്ഥാ വ്യതിയാനവും കീടരോഗങ്ങളും കൃഷിയെ പ്രതികൂലമായി ബാധിച്ചതോടെ ഇതിനെ അതിജീവിക്കാൻ കൊന്നത്തടിക്കാരൻ ഷാജൻ സ്വന്തമായി വികസിപ്പിച്ചതാണ് ‘പ്രീമിയം ജാതി. ഉൽപാദനക്ഷമതയിലും ഗുണമേന്മയിലും മികച്ച് നിൽക്കുന്നതാണ് തന്റെ ജാതിയെന്നാണ് ഷാജൻ അവകാശപ്പെടുന്നത്. കൊന്നത്തടി പഞ്ചായത്തിൽ പണിക്കൻകുടി സെന്റ് മാർട്ടിൻ ഹിൽസിലെ പുന്നത്താനം ഫാം ഉടമ ഷാജൻ വർഗീസ് ആണ് കാർഷിക മേഖലയിൽ പുതിയ പ്രതീക്ഷയിലേക്ക് നയിക്കുന്ന നേട്ടം കൈവരിച്ചിരിക്കുന്നത്.
നാല് മുതൽ അഞ്ച് ഗ്രാം വരെ തൂക്കം വരുന്ന ജാതിപത്രിയും 15 മുതൽ 20 ഗ്രാം വരെ തൂക്കം വരുന്ന ഉണങ്ങിയ കായ്കളുമാണ് പ്രീമിയം ജാതിയുടെ പ്രധാന സവിശേഷത . ചതുരശ്ര മീറ്ററിന് 50 ലധികം കായ്കൾ ലഭിക്കുന്നു. മറ്റ് ജാതികളെക്കാൾ വേഗം മികച്ച വിളവ് ലഭിക്കുന്നതും കർഷകർക്കിടയിൽ പ്രീമിയം ജാതിയെ പ്രിയപ്പെട്ടതാക്കും. വലുപ്പമുള്ള ജാതിക്കാ പൊതിഞ്ഞ് തിളങ്ങുന്ന ചുവപ്പ് പത്രിയും ആകർഷകമാണ്. കാലാവസ്ഥാ വ്യതിയാനത്തെയും കീടരോഗങ്ങളെയും നേരിടാൻ ഈ ജാതിക്ക് മികച്ച ശേഷിയുണ്ടെന്ന് ഷാജൻ പറയുന്നു.
2015-16ൽ പുന്നത്താനം ജാതിക്ക് രാഷ്ട്രപതി അവാർഡും 2018-ൽ സംസ്ഥാന കാർഷിക പുരസ്കാരവും കരസ്ഥമാക്കിയ കർഷകൻ വർക്കി തൊമ്മന്റെ മകനാണ് ഷാജൻ. 2022-ൽ കൃഷി വകുപ്പിന്റെ യുവകർഷക അവാർഡും 2024-ൽ തമിഴ് നാട് ഐ.എസ്.എച്ച്.എ ഫൗണ്ടേഷന്റെ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഷാജനെ തേടിയെത്തിയിട്ടുണ്ട്. അടിമാലി തളിർ നാച്ച്വറൽ പ്രൊഡ്യൂസേഴ്സിന്റെ അഡ്വൈസറി അംഗം കൂടിയാണ് ഷാജൻ.
ജാതി കൃഷിയിൽ പുതുമ കണ്ടെത്തുന്നതിന് ഷാജന് പ്രോത്സാഹനവുമായി കൊന്നത്തടി കൃഷി ഓഫീസർ ബിജുവും ഒപ്പമുണ്ട്. ഐ.ഐ.എസ്.ആർ കോഴിക്കോട്, കെ.വി.കെ ശാന്തൻപാറ, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി, കെ.എ.യു തൃശൂർ തുടങ്ങിയ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ ഷാജന്റെ തോട്ടം സന്ദർശിച്ചിരുന്നു.