വീണ്ടും പച്ചപിടിച്ച് സ്‌ട്രോബറി കൃഷി
text_fieldsകാന്തല്ലൂരില്‍ കര്‍ഷകനായ പ്രദീപ് കുമാറിന്റെ സ്ട്രോബറി കൃഷി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്നു
മറയൂര്‍: കാന്തല്ലൂര്‍ മലനിരകളില്‍ സ്‌ട്രോബറി കൃഷി വീണ്ടും സജീവമാകുന്നു. കൃഷിവകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷനും ചേര്‍ന്ന് സൗജന്യമായി ഹൈബ്രിഡ് തൈകളും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കിയതോടെ കര്‍ഷകര്‍ വീണ്ടും സ്‌ട്രോബറി കൃഷിയിലേക്ക് തിരിയുകയായിരുന്നു.
പുനെയില്‍നിന്ന് കൊണ്ടുവന്ന അത്യുൽപാദന ശേഷിയുള്ള വിന്റര്‍ ഡോണ്‍ ഉള്‍പ്പെടെയുള്ള ഇനങ്ങള്‍ ഉപയോഗിച്ച് മുപ്പതോളം ഏക്കറിലാണ് കൃഷിയിറക്കിയത്. കര്‍ഷകനായ പ്രദീപ് കുമാറിന്റെ 11 ഏക്കര്‍ ഉള്‍പ്പെടെ വിവിധ ഫാമുകളിലാണ് കൂടുതലായി സ്ട്രോബറി കൃഷി ചെയ്യുന്നത്.
2013-14 കാലയളവില്‍ ആരംഭിച്ച സ്‌ട്രോബറി കൃഷിയില്‍ നല്ല വിളവും ഉയര്‍ന്ന വിലയും ലഭിച്ചത് കര്‍ഷകരെ ഏറെ ആകര്‍ഷിക്കാന്‍ കാരണമായി. എന്നാല്‍, കാലാവസ്ഥ വ്യതിയാനവും ആനുകൂല്യവും കുറഞ്ഞതോടെ കൃഷി പിന്നോട്ടടിച്ചു. നിലവില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ സജീവ ഇടപെടല്‍ ഉണ്ടായതോടെയാണ് കര്‍ഷകര്‍ ഈ രംഗത്തേക്ക് വീണ്ടും കടന്നുവന്നത്. ഏഴുമാസം നീളുന്ന ഇത്തവണത്തെ വിളവെടുപ്പില്‍ കിലോക്ക് 400 മുതല്‍ 600 രൂപ വരെ വില ലഭിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.
നിരവധി വിനോദസഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കാനെത്തുന്നുണ്ട്. ഇവര്‍ക്ക് ഫ്രഷ് സ്‌ട്രോബറി രുചിക്കാനും അവസരമുണ്ട്. സ്‌ട്രോബറി ജാം, വൈന്‍ തുടങ്ങിയ മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ക്ക് വലിയ ഡിമാൻഡുമുണ്ട്. കാന്തല്ലൂര്‍ കൃഷി ഓഫിസര്‍ മനോജ് ജോസഫ്, അസി. കൃഷി ഓഫിസര്‍ അനില്‍കുമാര്‍, കൃഷി അസി. വി.കെ. ജിന്‍സ്, എസ്.എച്ച്.എം ഫീല്‍ഡ് അസിസ്റ്റന്റ് അഭിലാഷ് മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.


