കാന്തല്ലൂരിലൊരുങ്ങുന്നു സ്ട്രോബറി വസന്തം
text_fieldsപ്രദീപ്കുമാറിന്റെ പതിനൊന്ന് ഏക്കർ സ്ഥലത്തെ സ്ട്രോബറി കൃഷി ഉദ്യോഗസ്ഥരായ മനോജ് ജോസഫ് ,വി.കെ ജിൻസ്, അനിൽകുമാർ, അഭിലാഷ് മോഹനൻ എന്നിവർ സന്ദർശിക്കുന്നു
മറയൂർ: സ്ട്രോബറി വസന്തത്തിനായി മണ്ണൊരുക്കുകയാണ് കാന്തല്ലൂരിലെ കർഷകർ. ഇതിന്‍റെ ഭാഗമായി കാന്തല്ലൂരിന്റെ കാർഷിക മേഖലയിൽ പ്രധാന്യമർഹിക്കുന്ന സ്ട്രോബറിയുടെ പുതിയ സീസണിലേക്കുള്ള കൃഷിക്ക് കർഷകർ തുടക്കം കുറിച്ചു. കാന്തല്ലൂർ കൃഷിഭവൻ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ എന്നിവയുടെ പിന്തുണയോടെയാണ് കർഷകർ സ്ട്രോബറി വസന്തം തീർക്കുന്നത്. 2013 - 14 കാലഘട്ടത്തിൽ പ്രദേശത്തെ കർഷകർക്ക് സൗജന്യമായി ഹൈബ്രിഡ് തൈകളും, മറ്റ് ആനുകൂല്യങ്ങളും നൽകിയതോടെയാണ് സ്ട്രോബറി കൃഷിയിലേക്ക് കർഷകർ തിരിഞ്ഞത്.
പുണെയിൽനിന്നും കൊണ്ടു വന്ന അത്യുല്പാദന ശേഷിയുള്ള ഇനങ്ങളായ വിന്റർ ഡോൺ , സ്വീറ്റ് ചാർലി എന്നീ തൈകൾ ഉപയോഗിച്ച് ഏകദേശം മുപ്പത് ഏക്കറോളം സ്ഥലത്താണ് വിവിധ സ്ഥലങ്ങളിലായി ഇപ്പോൾ കാന്തല്ലൂരിൽ കൃഷിയിറക്കിയിരിക്കുന്നത്. ഇനിയും കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുളള ശ്രമത്തിലാണ് കർഷകരും കൃഷിവകുപ്പും. സ്ട്രോബറി തൈകളിൽനിന്നും ഏഴ് മാസത്തോളം പലപ്പോഴായി വിളവെടുത്ത് നാനൂറ് മുതൽ അറുനൂറ് രൂപക്ക് വരെ കർഷകർക്ക് വിൽപ്പന നടത്താനാകും.
സഞ്ചാരികൾക്ക് ഫ്രഷായ ഉല്പന്നങ്ങൾ കൃഷിയിടത്തിൽ നിന്നും നേരിട്ടും അല്ലാതെയും വാങ്ങാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ജാം, വൈൻ തുടങ്ങീ മൂല്യവർധിത ഉല്പന്നങ്ങൾക്കും പ്രിയമാണ് സ്ട്രോബറി എന്നത് കൃഷി വർധിക്കാൻ കാരണമാകുന്നു. പഞ്ചായത്തിലെ വിവിധ സ്ട്രോബറി കൃഷിയിടങ്ങളിൽ കൃഷി ഓഫീസർ മനോജ് ജോസഫ്, അസി. കൃഷി ഓഫീസർ അനിൽകുമാർ, കൃഷി അസിസ്റ്റന്റ് വി.കെ. ജിൻസ്, എസ്.എച്ച്.എം ഫീൽഡ് അസിസ്റ്റന്റ് അഭിലാഷ് മോഹനൻ എന്നിവർ സന്ദർശിച്ചു.


