പൊടിശല്യം അസഹ്യമായപ്പോൾ മണ്ണിൽ പൊന്നുവിളയിച്ച് വിദ്യാർഥികൾ
text_fieldsപൊന്മുണ്ടം സൗത്ത് എൽ.പി സ്കൂൾ കുട്ടികളുടെ പച്ചക്കറി കൃഷി
പൊന്മുണ്ടം: സൗത്ത് ജി.എം.എൽ.പി സ്കൂളിലെ കുട്ടികൾക്ക് ഇനി വിഷരഹിത പച്ചക്കറികൾ ഉൾപ്പെടുന്ന ഉച്ച ഭക്ഷണം കഴിക്കാം. സ്കൂളിൽ പുതിയ കെട്ടിടത്തിന് നിർമാണാനുമതി ലഭിച്ചപ്പോൾ നിലവിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചു മാറ്റേണ്ടി വന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർമാണ പ്രവർത്തനം നീളുകയും പൊടി ശല്യം കുട്ടികൾക്ക് അസഹ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് സ്കൂൾ അധികൃതർ കൃഷിയിലേക്ക് ശ്രദ്ധ തിരിച്ചത്.
ചെറിയമുണ്ടം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂർണ പിന്തുണ കൂടി ലഭിച്ചതോടെ കൃഷി വൻ വിജയമാകുകയായിരുന്നു. ചീര, വെണ്ട, വഴുതന, കാബേജ് തുടങ്ങിയവ നന്നായി വളർന്നു. സ്കൂളിൽ നവംബർ 18ന് ചീര കൃഷി വിളവെടുപ്പുത്സവം നടന്നു. ചെറിയമുണ്ടം കൃഷി ഓഫിസർ മുഹമ്മദ് അനീഫ് ആണ് ഉദ്ഘാടനം ചെയ്തത്. പി.ടി.എ പ്രസിഡന്റ് രമ്യ മോഹൻ, ഹെഡ്മിസ്ട്രസ് രാധാമണി, എസ്.എം.സി അംഗം അബ്ദുൽ അസീസ്, അധ്യാപകരായ ഷൈനോജ്, വീണ, സരിഗ, ബെറ്റി, ശ്രുതി, സക്കീന, ജുമൈലത്ത്, ഷഹല സുഹറാബി, ജയ സുനിൽ എന്നിവർ തുടങ്ങിയവർ പങ്കെടുത്തു.


