ചൂടുള്ള അന്തരീക്ഷവും ഉയർന്ന ആർദ്രതയും; കേരളം കരിമ്പിന് ബെസ്റ്റ് സ്ഥലം, നടാൻ സമയമായി
text_fieldsകേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ അനുയോജ്യമായ വിളയാണ് കരിമ്പ്. ചൂടുള്ള താപനിലയും ഉയർന്ന ആർദ്രതയുമാണ് കരിമ്പ് കൃഷിക്ക് അനുയോജ്യം. കരിമ്പിന് എല്ലായിടത്തും ആവശ്യക്കാർ ഏറെയാണ്. സംസ്ഥാനത്ത് വ്യാപകമായി കരിമ്പ് കൃഷി ചെയ്യുന്നില്ലെങ്കിലും തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ കരിമ്പ് കൃഷിയുണ്ട്. മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളിലാണ് കരിമ്പ് നടുക.
നല്ല നീർവാഴ്ചയുള്ള ഈർപ്പം നിലനിർത്തുന്ന മണ്ണാണ് കരിമ്പിന് വളരാൻ ഏറ്റവും അനുയോജ്യം. Co 86032, Co 8371, Co 1148, Co 86010 തുടങ്ങി വിവിധ ഇനങ്ങൾ കേരളത്തിൽ കൃഷിചെയ്തുവരുന്നുണ്ട്. നല്ല ജലസേചന സൗകര്യമുള്ള സ്ഥലം വേണം കരിമ്പ് നടാനായി തിരഞ്ഞെടുക്കാൻ. തണ്ട് വെട്ടിയെടുത്താണ് കരിമ്പ് നടുക. മൂന്നുതവണയെങ്കിലും നിലം ഉഴുതുമറിച്ചിടണം. ചാലുകൾ കീറിയോ തടമെടുത്തോ കരിമ്പിനായി നിലമൊരുക്കാം. നനക്കാൻ സൗകര്യം കുറവാണെങ്കിൽ തുള്ളിനന പോലുള്ള സൗകര്യങ്ങൾ ഒരുക്കിനൽകാം.
നല്ല വളപ്രയോഗം ആവശ്യമായ വിളയാണ് കരിമ്പ്. നൈട്രജൻ, ഫോസ്ഫറസ് വളങ്ങളാണ് കരിമ്പ് കൃഷിക്ക് കൂടുതലായി ഉപയോഗിക്കുന്നത്. ഇടക്കിടെ കളകൾ പറിച്ചു നീക്കാൻ ശ്രദ്ധിക്കണം. ഇത് പോഷകങ്ങൾ വിളകളിലേക്ക് എത്താൻ സഹായിക്കും.
കരിമ്പ് നട്ടതിനുശേഷം 10 മുതൽ 18 മാസത്തിനുള്ളിൽ വിളവെടുക്കാം. ഒരുവര്‍ഷത്തെ വളര്‍ച്ച കരിമ്പിന് ആവശ്യമാണ്. പകുതി വളര്ച്ചയെത്തിയാല് കവുങ്ങിന്റെ വാരികൊണ്ട് താങ്ങ് നൽകണം. നിലത്തുവീണാല്‍ ഉപയോഗിക്കാൻ കഴിയാതെയാകും. പൂര്‍ണവളര്‍ച്ചയെത്തി കൃത്യസമയത്തുതന്നെ വിളവെടുപ്പ് നടത്താൻ ശ്രദ്ധിക്കണം. വിളവെടുപ്പിന് 10 മുതല്‍ 15 ദിവസം മുമ്പായി ജലസേചനം നിര്‍ത്തണം. കരിമ്പിന് തണ്ടുകള്‍ ഭൂനിരപ്പില്‍ വെച്ച് ചരിച്ച് വെട്ടിയെടുക്കുകയാണ് ചെയ്യുക. ഉണങ്ങിയ ഇലകളും വേരുകളും ഒഴിവാക്കണം. പഞ്ചസാര ഉൽപാദനത്തിനാണ് കരിമ്പ് സാധാരണയായി ഉപയോഗിക്കുക. കേരളത്തിൽ ഭക്ഷ്യ ആവശ്യത്തിനായും ജ്യൂസിനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.