വേനൽ സംരക്ഷണം കാർഷിക മേഖലയിൽ
text_fieldsവേനൽക്കാലം ഇത്തവണയും കാർഷികമേഖലയിൽ പ്രതിസന്ധികൾ ഉണ്ടാക്കുമെന്ന് സൂചനകൾ വന്നിട്ടുണ്ട് . എന്നിരുന്നാലും നമ്മുടെ കാർഷികവിളകളെയും മൃഗസമ്പത്തിനെയും സംരക്ഷിച്ചേ മതിയാകൂ. ഈ അവസരത്തിൽ കാലാവസ്ഥ അനുരൂപ കൃഷി മാതൃകകളിലേക്ക് തിരിയുക മാത്രമാണ് കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം പ്രതിവിധി. വരൾച്ച പ്രതിരോധ മാർഗങ്ങൾ / ലഘൂകരണ മാർഗങ്ങൾ മുൻകൂട്ടി അവലംബിക്കേണ്ടത് കർഷകർ ശീലമാക്കേണ്ടിയിരിക്കുന്നു. വരൾച്ച പ്രതിരോധത്തിനായി കാർഷികമേഖലയിൽ അനുവർത്തിക്കേണ്ട നടപടികൾ എന്തെല്ലാമെന്ന് പരിശോധിക്കാം.
പച്ചക്കറി വിളകൾ
- ജലസേചനം ആവശ്യത്തിനുമാത്രം നൽകുക. രാവിലെയോ വൈകുന്നേരങ്ങളിലോ മാത്രമായി ജലസേചനം ക്രമപ്പെടുത്തുക.
- ചെടികളിൽ തളിക്കുന്നതിനു പകരം ചുവട്ടിൽ മാത്രം ജലസേചനം നൽകുന്നത് ജലനഷ്ടം കുറക്കും.
വരൾച്ച പ്രതിരോധത്തിന് ‘വാം’
വെസിക്കുലാർ ആർബസ്കുലർ മൈക്കോറൈസ എന്നറിയപ്പെടുന്ന വാം ഒരുതരം കുമിളിന്റെയും വേരിന്റെയും സംയോജനമാണ്. കൾച്ചർ രൂപത്തിൽ ലഭ്യമാണ്. പച്ചക്കറി വിത്തുകൾ, തൈകൾ എന്നിവ നടുന്നതിന് മുമ്പ് ഒരു നുള്ള് ‘വാം’ കൾച്ചർ കുഴികളിൽ ഇട്ടശേഷം അതിനുമുകളിൽ നടാവുന്നതാണ്.
ചെടികളുടെ വേരിനു ചുറ്റും മൈക്കോറൈസ എന്നറിയപ്പെടുന്ന ‘വാം’ ഒരു ആവരണമായി വളരുകയും ആഴത്തിൽ വളരുന്ന കുമിൾ വേരുകൾ ഭൂമിക്ക് അടിയിൽനിന്നും ജലം ആഗിരണം ചെയ്തു ചെടികളെ ഒരു പരിധിവരെ വരൾച്ചയിൽ നിന്നും പ്രതിരോധിച്ച് നിലനിർത്തുകയും ചെയ്യുന്നു. കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകളിലും കാർഷിക സർവകലാശാലയുടെ വിൽപന കേന്ദ്രങ്ങളിലും ‘വാം’ കൾച്ചർ ലഭ്യമാണ്.
പി.പി.എഫ്.എം ജീവാണു ലായനി
പിങ്ക് പിഗ്മെന്റ്ഡ് ഫാക്കൽറ്റേറ്റിവ് മെത്തിലോട്രോഫ് എന്നറിയപ്പെടുന്ന ഈ സൂക്ഷ്മാണുക്കൾക്ക് വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള കഴിവുമുണ്ട്. ബാക്ടീരിയൽ ജീവാണു ലായനി ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകളിൽ തളിക്കുകയാണ് വേണ്ടത്. നല്ല വരണ്ട കാലാവസ്ഥ ആണെങ്കിൽ 20 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ കലക്കി തളിക്കാവുന്നതാണ്. വൈകുന്നേരങ്ങളിലാണ് ഇതു തളിക്കേണ്ടത്. മറ്റു രാസവസ്തുക്കൾ ഇതോടൊപ്പം ഉപയോഗിക്കാൻ പാടില്ല. പച്ചക്കറി വിളകൾക്ക് ചുവട്ടിൽ ജൈവ പുതപ്പ് ഉറപ്പാക്കുക.
തിരിനന
ചെറിയതോതിൽ കൃഷി ചെയ്യുന്നവർക്ക് ജലവിനിയോഗം പരമാവധി കുറക്കുന്നതിന് ഈ സംവിധാനം സഹായകരമാണ്. നടീൽ മിശ്രിതം നിറച്ച ചാക്കിനു ചുവട്ടിൽ കൂടി തിരി കടത്തി വെക്കുകയാണ് ചെയ്യുന്നത്. തിരിയുടെ ഒരഗ്രം ജലത്തിലും ഇറക്കി വെക്കുന്നു. ചെടിയുടെ ആവശ്യാനുസൃതം താഴെയുള്ള ജലസ്രോതസ്സിൽനിന്ന് തിരിവഴി മണ്ണിലേക്ക് ജലം വലിച്ചെടുക്കപ്പെടുന്നു.
തോട്ടവിളകൾ
- തെങ്ങിന്റെ കാര്യത്തിൽ ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിനും വിളയിൽനിന്നുള്ള ആദായത്തിനും കണിക ജലസേചനം അഭികാമ്യം.
- ഏറ്റവും താഴത്തെ മൂന്ന്-അഞ്ച് ഓലകൾ മുറിച്ചുമാറ്റി ബാഷ്പീകരണ നഷ്ടം കുറക്കുക.
- പച്ചില വളച്ചെടികൾ തടങ്ങളിൽ ആവരണ വിളയായി വളർത്തുക.രണ്ടുവർഷം വരെ തണൽ ക്രമീകരണം അനിവാര്യം.
വേനൽ അധികമായാൽ പ്രായം കുറഞ്ഞ ചെടികൾക്ക് പ്രത്യേക സംരക്ഷണം നൽകേണ്ടതാണ്. തെക്കുപടിഞ്ഞാറൻ വെയിൽ അടിക്കാതിരിക്കാൻ തണൽ നൽകിയാൽ മതി. റബർ, കുരുമുളക്, തെങ്ങിൻതൈകൾ, മറ്റു വൃക്ഷത്തൈകൾ എന്നിവയ്ക്ക് ഈ പരിപാലനം നൽകേണ്ടതാണ്.
തൊണ്ട് അടുക്കൽ
ദീർഘകാലം ജലം സംഭരിച്ചു വെക്കാൻ തൊണ്ട് അടുക്കൽ പ്രയോജനകരമായിരിക്കും. തെങ്ങിന് ചുറ്റും അര മീറ്റർ വീതിയിലും താഴ്ചയിലും ചാലുകൾ കീറി മൂന്നോ നാലോ അടുക്കുകളായി തൊണ്ടുകൾ മലർത്തിവെച്ച് മണ്ണിട്ട് മൂടുകയും ഏറ്റവും മുകളിലത്തെ അടുക്ക് കമിഴ്ത്തി വെച്ച് പൂർത്തിയാക്കുകയും ചെയ്യാം. വർഷങ്ങളോളം ഇതിന്റെ പ്രയോജനം നിലനിൽക്കും.
വാഴ
- ബാഷ്പീകരണ ജലനഷ്ടം കുറക്കുന്നതിനായി പഴുത്തതും കരിഞ്ഞതുമായ ഇലകൾ മുറിച്ചു മാറ്റുക.
- വാഴക്കന്നുകൾ നടുന്നതിനുമുമ്പ് 50 ഗ്രാം ‘വാം’ കൾച്ചർ കുഴികളിൽ ഇട്ടശേഷം നടുക.
- കണിക ജലസേചനം വാഴക്കൃഷിക്ക് വളരെ ഫലപ്രദമാണ്.
തടത്തിൽ പയർവർഗ വിളകൾ നല്ലൊരു ആവരണമായി വളർത്തി പുതയിടീൽ സാധ്യമാക്കാം. വൻപയർ, ചെറുപയർ, മുതിര, ഉഴുന്ന് എന്നിവയെല്ലാംതന്നെ കാർഷിക വിളയായി വളർത്താവുന്നതാണ്. പയർ വിത്തുകൾ വളർത്തുന്നതിനൊപ്പം കരിയിലകൾകൊണ്ട് പുതയിട്ടു കൊടുത്താൽ വളരെ നല്ലത്. കിളിർത്തുവരുന്ന പയർ വിത്തുകൾ പിന്നീട് ഒരു ആവരണമായി നിലവിലുള്ള ജൈവ പുതയ്ക്കൊപ്പം വളർന്നുകൊള്ളും.
നെല്ല്
ജല ദൗർലഭ്യമുള്ള മേഖലയിൽ തുടർച്ചയായി വെള്ളം കെട്ടിനിർത്തുന്നതിന് പകരം വെള്ളം വറ്റി രണ്ടു ദിവസത്തിനകം ജലനിരപ്പ് നിലനിർത്തിയാൽ മതിയാകും.
- വിളവെടുക്കുന്നതിന് രണ്ടാഴ്ച മുമ്പ് വെള്ളം ഇറക്കി വിടുക.
- കളകൾ പൂർണമായി നിയന്ത്രിക്കുക
- പറിച്ചു നടന്ന സമയത്ത് 1.5 സെന്റിമീറ്റർ ഉയരത്തിൽ മാത്രം വെള്ളം കെട്ടിനിർത്തിയാൽ മതിയാകും. ക്രമേണ ജലനിർപ്പ് ഉയർത്തി പരമാവധി ചിനപ്പ് പൊട്ടുന്ന സമയത്ത് അഞ്ച് സെ. മീ വരെ എത്തിക്കുക.
വരൾച്ച പ്രതിരോധത്തിന് പി.പി.എഫ്.എം ലായനിയോ ചാണക സ്ലറിയോ തളിക്കാവുന്നതാണ്.
വേണം വിളകൾക്ക് പ്രത്യേക പോഷണം
ജല ദൗർലഭ്യ സമ്മർദത്താൽ ഉണ്ടാകുന്ന പോഷക മൂലകങ്ങളുടെ അസന്തുലിതാവസ്ഥ തരണം ചെയ്യുന്നതിനായി താഴെപ്പറയുന്ന മൂലകങ്ങൾ നിർണായക വളർച്ച ഘട്ടങ്ങളിൽ ഇലകളിൽ തളിക്കുന്നത് നല്ലതാണ്.
(1) രണ്ടു ശതമാനം വീര്യത്തിൽ ഡൈ അമോണിയം ഫോസ് ഫേറ്റ്.
(2) ഒരു ശതമാനം വീര്യത്തിൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് അല്ലെങ്കിൽ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്.
(3) 0.5 ശതമാനം സിങ്ക് സൾഫേറ്റ് + 0.3 ശതമാനം ബോറിക് ആസിഡ്+ 0.5 ശതമാനം ഫെറസ് സൾഫേറ്റ് + 1 ശതമാനം യൂറിയ മിശ്രിതം നിർണായക ഘട്ടങ്ങളിൽ ഇലകളിൽ തളിക്കുക.
സ്വയം നിയന്ത്രിത ജലസേചന രീതികൾ
ടെറസ് കൃഷി ചെയ്യുന്ന വീടുകളിൽ സാധാരണ രീതിയിലുള്ള ജലസേചനം കാരണം ഉണ്ടാവുന്ന ജല നഷ്ടം ഏകദേശം 60 ശതമാനം വരെ ആണ് . ഇതു തടയുന്നതിനായും ജലത്തിന്റെ ഉപയോഗശേഷി വർധിപ്പിക്കുന്നതിനായും ആധുനിക രീതിയിലുള്ള ഓട്ടോമാറ്റിക് ഡ്രിപ് സിസ്റ്റം ഉപയോഗിക്കാവുന്നതാണ്. പച്ചക്കറി വിളകൾക്ക് ഒരു ദിവസം ആവശ്യമായ ജലം മാത്രം ഡ്രിപ് സംവിധാനത്തിലൂടെ ചെടികളുടെ വേര് പടലത്തിലേക്ക് നൽകുന്നതാണ് രീതി .
ജലസേചന ഇടവേളകൾ ടൈമറിൽ ക്രമീകരിച്ച് തവണകളായി ജലസേചനം നൽകാവുന്നതാണ്. തിരുവനന്തപുരം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയ ടെക്നീഷ്യന്മാർ ഈ ജനസേചന സിസ്റ്റം ടെറസ് കൃഷിയുടെ ഡിസൈനിങ് അനുസരിച്ച് ഇൻസ്റ്റാൾ ചെയ്തു നൽകുന്നതാണ്. 50 ചാക്ക് പച്ചക്കറി കൃഷിക്ക് ഓട്ടോമാറ്റിക് ഡ്രിപ് സിസ്റ്റം ചെയ്യുന്നതിന്റെ ഏകദേശം ചെലവ് 4500 രൂപയാണ്.
ചെടികൾക്ക് വെള്ളം കാപ്സൂൾ രൂപത്തിൽ
മണ്ണിലെ ജലാംശം സംഭരിച്ചുവെച്ച് വരൾച്ച അനുഭവപ്പെടുന്ന ഘട്ടങ്ങളിൽ ചെടികളുടെ വേരു പടലങ്ങളിൽ നൽകുന്ന സംവിധാനമാണ് ഹൈഡ്രോജൽ എന്ന കാപ്സ്യൂൾ നിർവഹിക്കുന്നത്. ഭാരതീയ കാർഷിക ഗവേഷണ കേന്ദ്രമാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
വിത്ത് /തൈകൾ നടുന്നതിനോടൊപ്പം അഞ്ച്-10 ഗ്രാം ഹൈഡ്രോജെൽ പൊടി രൂപത്തിൽ / ക്യാപ്സ്യൂൾ രൂപത്തിൽ ഉള്ളത് മണ്ണിൽ ചേർത്ത് കൊടുക്കാവുന്നതാണ്. പട്ടാമ്പിയിലെ കൃഷിവിജ്ഞാനകേന്ദ്രം വഴി ഇത് കർഷകർക്ക് ലഭിക്കുന്നതാണ്.
വരൾച്ചക്കെതിരെ ഇൻഷുറൻസ് പരിരക്ഷയും
വരൾച്ച ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങൾ കാരണം സംഭവിക്കുന്ന കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകുന്നതിനായി സംസ്ഥാന സർക്കാറിന്റെ കാർഷിക വിള ഇൻഷുറൻസ് പദ്ധതിയും നിലവിലുണ്ട്.
വരുമാന ഭദ്രത ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ അംഗങ്ങളായി മുഴുവൻ കാർഷിക വിളകളെയും കർഷകർ ഇൻഷ്വർ ചെയ്യേണ്ടതാണ്.
ചാണക സ്ലറി -വരൾച്ച പ്രതിരോധത്തിന് ഉത്തമം
വളരെ നേർപ്പിച്ച് ചാണക സ്ലറി ഇലകളിൽ തളിക്കാവുന്നതാണ്
തയാറാക്കുന്ന വിധം: ചാണകവും ശർക്കരയും ചേർത്താണ് ഈ കൂട്ട് നിർമിക്കുന്നത്. 40 കിലോ ചാണകവും നാലു ലിറ്റർ കഞ്ഞിവെള്ളവും രണ്ട് കിലോ ശർക്കരയും നന്നായി കലർത്തി ഒരു ചണച്ചാക്കിൽ നിറച്ച് 200 ലിറ്റർ ശേഷിയുള്ള ബാരലിൽ മുക്കാൽഭാഗം വെള്ളം നിറച്ച് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വിധത്തിൽ തൂക്കിയിടുക.
48 മണിക്കൂർ പുളിപ്പിച്ച ശേഷം ലായനി അരിച്ചെടുത്ത് 10 ശതമാനം വീര്യത്തിൽ ചെടികളിൽ തളിക്കാനായി ഉപയോഗിക്കാവുന്നതാണ്. സ്യൂഡോമോണാസ് ഇതോടൊപ്പം കലർത്തി പ്രയോഗിക്കുന്നത് അത്യുത്തമം( 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ).