Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightവേനൽ മഴ: പ്രതീക്ഷയിൽ...

വേനൽ മഴ: പ്രതീക്ഷയിൽ കാപ്പി കർഷകർ

text_fields
bookmark_border
വേനൽ മഴ: പ്രതീക്ഷയിൽ കാപ്പി കർഷകർ
cancel

വേനൽ മഴയുടെ കുളിര്‌ ദക്ഷിണേന്ത്യൻ കാപ്പി കർഷകർക്ക്‌ നവോന്മേഷം പകർന്നു. പുതിയ സാഹചര്യത്തിൽ അടുത്ത സീസണിൽ കേരളത്തിലും കർണാടകത്തിലും കാപ്പി ഉൽപാദനം കുതിച്ചുയരുമെന്ന പ്രതീക്ഷയിലാണ്‌ ഉൽപാദന മേഖല. കനത്ത വേനലിൽ ഇരു സംസ്ഥാനങ്ങളും കടുത്ത വരൾച്ചയിലേക്ക്‌ നീങ്ങിയ സന്ദർഭത്തിലാണ്‌ അപ്രതീക്ഷിതമായി മഴ മേഘങ്ങളുടെ കടന്നുവരവ്‌. ഉൽപാദന മേഖലയുടെ പ്രതീക്ഷയെ കവച്ചുവെച്ച്‌ മികച്ച മഴ ലഭ്യമായത്‌ കണക്കിലെടുത്താൽ ഒക്‌ടോബറിൽ തുടങ്ങുന്ന പുതിയ സീസണിൽ വിളവ്‌ ഉയരുക തന്നെ ചെയ്യും.

നിലവിലെ വേനൽ മഴ കാപ്പിച്ചെടികൾ പുഷ്‌പിക്കാൻ സഹായകരമാവും. ഇനി ജൂണിൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ കരുത്തിനെ ആസ്‌പദമാക്കിയാവും കാപ്പിത്തോട്ടങ്ങളിൽ നിന്നുള്ള വിളവ്‌ എത്രമാത്രം ഉയരാമെന്നത്‌ വിലയിരുത്താൻ. വയനാട്ടിൽ വിളവ്‌ ഉയരുമെന്നാണ്‌ ആദ്യ കണക്കുകൂട്ടൽ.

ജില്ലയിൽ വേനൽ മഴ പതിവിലും കൂടുതൽ ലഭിച്ചു. അയൽ സംസ്ഥാനമായ കർണാടകത്തിലെ തോട്ടം മേഖലയിലും ആവശ്യമായ മഴ ലഭ്യമായതായാണ്‌ വിവരം. 2023-24 വർഷം രാജ്യം മൊത്തം 3.60 ലക്ഷം ടൺ കാപ്പി ഉൽപാദിപ്പിച്ചു. കാപ്പിക്ക്‌ ആഭ്യന്തര വിദേശ ഡിമാൻഡ് ശക്തമാണ്‌. കൽപറ്റയിൽ കാപ്പിപ്പരിപ്പ്‌ കിലോ 460 രൂപയിലും കട്ടപ്പനയിൽ 450 രൂപയിലുമാണ്‌.

*** *** ***

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിളവെടുപ്പ്‌ വേളയിൽ പച്ചത്തേങ്ങക്കും കൊപ്രക്കും ക്ഷാമം നേരിടുന്നത്‌ കാൽനൂറ്റാണ്ടിനിടയിൽ ആദ്യമാണ്‌. പല മില്ലുകൾക്കും അവർക്കുള്ള ഡിമാൻഡിന്‌ ആനുസൃതമായി വെളിച്ചെണ്ണ ഉൽപാദിപ്പിക്കാനാവുന്നില്ല. കേരളത്തിൽ നാളികേര ഉൽപാദനം ഇക്കുറി 50 ശതമാനം കുറഞ്ഞതായി ഒരു വിഭാഗം മില്ലുകാർ. എന്നാൽ, ഈ കണക്കുകൾ ശരിയാണോയെന്ന്‌ വ്യക്തമാക്കാൻ ഉൽപാദനം സംബന്ധിച്ച്‌ കണക്കെടുപ്പുകളൊന്നും സംസ്ഥാന കൃഷി വകുപ്പ്‌ നടത്തിയിട്ടില്ല.

കൊച്ചിയിൽ സർവകാല റെക്കോഡ്‌ വിലയിലാണ്‌ ഇടപാടുകൾ നടക്കുന്നത്‌. കൊപ്ര 17,300ലും വെളിച്ചെണ്ണ 25,900 രൂപയിലും. തമിഴ്‌നാട്ടിൽ കൊപ്ര 17,900ലേക്ക്‌ കയറി. ഇവിടെ ഉൽപാദനം കുറയുമെന്ന്‌ കർഷകരെ സീസൺ ആരംഭത്തിൽ ബോധ്യപ്പെടുത്തുന്നതിൽ കൃഷി വകുപ്പിന്‌ സാധിച്ചില്ല. അവർ സ്ഥിതിഗതികൾ വേണ്ടവിധം പഠിച്ചിരുന്നെങ്കിൽ റെക്കോഡ്‌ വിലയുടെ നേട്ടം കർഷകർക്ക്‌ ഉറപ്പുവരുത്താൻ കഴിയുമായിരുന്നു.

*** *** ***

ആഭ്യന്തര വിദേശ വാങ്ങലുകാർ ഏലക്ക സംഭരിക്കാൻ മത്സരിച്ചു. ഉത്സവ ദിനങ്ങൾ മുന്നിൽക്കണ്ടുള്ള ചരക്ക്‌ സംഭരണമാണ്‌ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ലേല കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നത്‌. ഇതിനിടയിൽ വരൾച്ച മൂലം ഏലക്ക ഉൽപാദനം അഞ്ചിൽ ഒന്നായി ചുരുങ്ങിയെന്ന റിപ്പോർട്ടുകൾ വാരത്തിന്റെ രണ്ടാം പകുതിയിൽ വിലക്കയറ്റം സൃഷ്‌ടിച്ചു. മികച്ചയിനങ്ങൾ കിലോ 3099 രൂപയിലും ശരാശരി ഇനങ്ങൾ 2804 രൂപയിലുമാണ്‌.

*** *** ***

കുരുമുളക്‌ വില ഇടപാടുകളുടെ ആദ്യ പകുതിയിൽ തളർന്നെങ്കിലും പിന്നീട്‌ നിരക്ക്‌ ഉയർന്നു. ടെർമിനൽ മാർക്കറ്റിൽ വരവ്‌ 195 ടണ്ണിൽ ഒതുങ്ങിയതാണ്‌ തളർച്ചയിൽ നിന്നുള്ള തിരിച്ചുവരവിന്‌ അവസരം ഒരുക്കിയത്‌. സാമ്പത്തിക വർഷാന്ത്യമായതിനാൽ വിപണിയിൽ പണത്തിന്‌ കടുത്ത ക്ഷാമം നേരിട്ടത്‌ ഉത്തരേന്ത്യൻ വാങ്ങലുകാരെ പുതിയ ഇടപാടുകളിൽനിന്നും പിന്തിരിപ്പിച്ചു. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില 69,000 രൂപയായി ഉയർന്നു.

*** *** ***

അന്താരാഷ്‌ട്ര വിപണിയിൽ സ്വർണം സർവകാല റെക്കോഡിൽ. വിദേശത്തെ വിലക്കയറ്റത്തിന്റെ ചുവടുപിടിച്ച്‌ കേരളത്തിൽ പവന്റെ നിരക്ക്‌ 65,840 രൂപയിൽ നിന്നും 66,880 ലേക്ക്‌ ഉയർന്നു. ന്യൂയോർക്കിൽ മഞ്ഞലോഹം ട്രോയ് ഔൺസിന്‌ 3003 ഡോളറിൽ നിന്നും 3084 ഡോളറിലേക്ക്‌ കുതിച്ചു.

Show Full Article
TAGS:summer rain Coffee farmers Agriculture Sector 
News Summary - Summer rains: Coffee farmers hopeful
Next Story