പണം നൽകാതെ സപ്ലൈകോ; കൃഷി ഉപേക്ഷിച്ച് നെൽകർഷകർ
text_fieldsതൊടുപുഴ: സംഭരിച്ച നെല്ലിന്റെ പണം നൽകാത്ത സപ്ലൈകോ നിലപാടിൽ കൃഷി ഉപേക്ഷിച്ച് കർഷകർ. ഇളംദേശം ബ്ലോക്കിന് കീഴിലുളള ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി, കുറിച്ചിപ്പാടം പാടശേഖരങ്ങളിലെ കർഷകർ ഇക്കുറി നെൽകൃഷി ഉപേക്ഷിച്ചു. ഈ വർഷവും കഴിഞ്ഞ വർഷവുമായി സംഭരിച്ച 110 ടണ്ണിലധികം നെല്ലിന്റെ വിലയാണ് കുടിശ്ശികയായത്.
പതിറ്റാണ്ടുകളായി ഇരിപൂ കൃഷി ചെയ്തിരുന്ന രണ്ട് പാടശേഖരങ്ങളിലും ഇക്കുറി കൃഷിയിറക്കിയിട്ടില്ല. നെൽകൃഷിയിലേക്ക് പുതുതായി ആളുകൾ വരുന്നില്ലെന്ന പരാതികളുമായി അധികൃതർ തന്നെ രംഗത്തുളളപ്പോഴാണ് പതിവായി കൃഷിയിറക്കിയിരുന്ന കർഷകരെ സർക്കാർ സംവിധാനം തന്നെ കണ്ണുനീര് കുടിപ്പിക്കുന്നത്.
നൽകാനുള്ളത് ലക്ഷങ്ങൾ
രണ്ട് പാടശേഖരങ്ങളിലുമായി നൂറിലേറെ കർഷകരാണ് കൃഷിയിറക്കുന്നത്. ഇവരിൽ നിന്ന് കഴിഞ്ഞ വർഷം 60 ടണ്ണും ഈ വർഷം 50 ടൺ നെല്ലും സപ്ലൈകോ സംഭരിച്ചു. കിലോക്ക് 28 രൂപ ക്രമത്തിലായിരുന്നു സംഭരണം. ഈയിനത്തിൽ മാത്രം കർഷകർക്ക് ലഭിക്കാനുളളത് ലക്ഷങ്ങളാണ്.
തുക ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന കർഷകരാകട്ടെ സപ്ലൈകോ അധികൃതരുടെ അനാസ്ഥയിൽ നിരാശരായി. പലവട്ടം ഇതിനായി ശ്രമങ്ങൾ നടത്തിയെങ്കിലും പണം ലഭിച്ചില്ല. സർക്കാറിൽനിന്ന് പണം ലഭിക്കാത്തതാണ് പണം നൽകാത്തതിന് കാരണമെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം.
കൃഷിയിറക്കാൻ വൻ മുതൽമുടക്ക്
ആണ്ടിൽ രണ്ട് കൃഷിയാണ് ഈ പാടശേഖരങ്ങളിൽ കർഷകർ ഇറക്കിയിരുന്നത്. ഇതിനായി ത്രിതല സ്ഥാപനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നെങ്കിലും ഓരോ തവണയും കൈയിൽനിന്ന് വൻ തുക മുടക്കിക്കൊണ്ടിരുന്നു. എന്നാൽ, ഇവരിൽനിന്ന് സംഭരിച്ച നെല്ലിന്റെ തുക കുടിശ്ശികയായതോടെ ഇവർ പ്രതിസന്ധിയിലായി.
ഇതോടെ ഇക്കുറി ഒന്നാംഘട്ട കൃഷി അവർ ഉപേക്ഷിച്ചിരുന്നു. രണ്ടാംഘട്ട കൃഷിക്കായുളള നിലമൊരുക്കലും മറ്റും നടത്തേണ്ട ദിവസങ്ങളടുത്തെങ്കിലും പണം ലഭിക്കാതായതോടെ കർഷകർ അതും ഉപേക്ഷിച്ചമട്ടാണ്. ഇതോടെ ബ്ലോക്ക് പരിധിയിൽ തന്നെ ഇരിപൂ കൃഷിയിറക്കിയിരുന്ന അവശേഷിച്ച പാടശേഖരത്തിലെയും കൃഷി അവസാനിക്കുകയാണ്.