ഈന്തുകൾ നശിച്ചുതീരുന്നു; രക്ഷിക്കാൻ സർക്കാർ പദ്ധതികളൊന്നുമില്ല
text_fieldsരോഗം വന്ന് നശിച്ച ഈന്ത്
കുറ്റ്യാടി: അപൂർവ ഇനം സസ്യമായ ഈന്തുകൾ രോഗം ബാധിച്ച് നശിച്ച് നാമാവശേഷമായിട്ടും രക്ഷിക്കാൻ കൃഷി വകുപ്പിനോ സർക്കാറിനോ പദ്ധതികളൊന്നുമില്ല. രണ്ടുകൊല്ലം മുമ്പാണ് നാട്ടിൽ വ്യാപകമായി ഇൗന്തുകൾക്ക് ഓല വാട്ടം കണ്ടു തുടങ്ങിയത്. ആളുകൾ കൃഷിഭവനുകളുമായി ബന്ധപ്പെട്ടപ്പോൾ ഉണങ്ങിയ ഓലകൾ വെട്ടിമാറ്റി കരിച്ചുകളയാനായിരുന്നു നിർദേശം. എന്നാൽ, വെട്ടിനശിപ്പിച്ച ശേഷം കിളിർത്തുവരുന്ന ഓലകൾ വീണ്ടും ഉണങ്ങുന്ന സ്ഥിതിയായിരുന്നു. നാടൊട്ടുക്കും രോഗം വ്യാപിച്ചതോടെ വിഷയം കുറ്റ്യാടി എം.എൽ.എ കുഞ്ഞമ്മദ്കുട്ടി നിയമ സഭയിലും ഉന്നയിച്ചിരുന്നതായും പറയുന്നു.
എന്നാൽ, പ്രതിവിധിയൊന്നും ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു. ഒരു ഈന്ത് മരം കായ്ക്കാൻ ഇരുപുതു കൊല്ലം വേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്. നൂറ്റാണ്ടിലേറെ മരം നിലനിൽക്കുകയും ചെയ്യും. കോഴിക്കോട് ജില്ല പൈതൃക മരമായി തിരഞ്ഞെടുത്തത് ഈന്തിനെയാണ്. ഏത് കാലാവസ്ഥയെയും അതിജീവിക്കാൻ കഴിയും. കാട്ടുതീയുണ്ടായ സ്ഥലങ്ങളിൽ നശിച്ചുപോയ ഈന്ത് ഒടുവിൽ കിളിർത്തുവരാറുണ്ടെന്ന് പറയുന്നു. എന്നാൽ, ഈന്തുകളെ ഇപ്പോൾ പിടികൂടുന്ന ശൽക്ക കീടങ്ങളെ നശിപ്പിച്ച് മരത്തെ രക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ.


