കത്രിക പുല്ല് നിറഞ്ഞ് കൂത്താളി, ചങ്ങരോത്ത് പാടശേഖരങ്ങൾ നശിക്കുന്നു
text_fieldsകത്രികപ്പുല്ല് നിറഞ്ഞു കിടക്കുന്ന പാടശേഖരം
പേരാമ്പ്ര: കത്രിക പുല്ല് നിറഞ്ഞ് കൂത്താളി, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തുകളിലെ 30 ഏക്കറിൽ അധികം വരുന്ന പാടശേഖരം നെൽകൃഷി ഇറക്കാൻ കഴിയാതെ നശിക്കുന്നു. വിളയാട്ട് കണ്ടി മുക്ക് മുതൽ പന്തിരിക്കര വരെയുള്ള പാടശേഖരങ്ങളിലാണ് വർഷങ്ങളായി കത്രിക പുല്ല് നിറഞ്ഞിരിക്കുന്നത്. നെൽവയൽ തരിശായതോടെ റോഡരികിലുള്ള ഭാഗങ്ങൾ മണ്ണിട്ട് നികത്താൻ തുടങ്ങിയിട്ടുണ്ട്.
കത്രിക പുല്ല് മാത്രമല്ല വില്ലൻ. വയലിലെ വെള്ളക്കെട്ടും നെൽകൃഷിയില്ലാതാക്കി. വെള്ളക്കെട്ട് ഒഴിവാക്കാൻ 2015ൽ വയലിന്റെ മധ്യത്തിലൂടെ തോട് നിർമിച്ചിരുന്നു. എന്നാൽ, ഇത് പൂർത്തീകരിക്കാൻ ഇതുവരെ കഴിഞ്ഞില്ല. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷന്റെ ഒരു കോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടത്തിയത്. കൂത്താളി, ചങ്ങരോത്ത് പഞ്ചായത്തുകളിൽ 300 മീറ്റർ വീതം തോട് നിർമാണ പ്രവൃത്തി നടത്തിയാൽ മാത്രമേ ലക്ഷ്യം കാണൂ.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാലിന്റെ മാണിക്കോത്ത് താഴെയുള്ള വാൽവിന് ചോർച്ച സംഭവിച്ച് വേനൽക്കാലത്തും ഈ പാടശേഖരങ്ങളിൽ വെള്ളമെത്തുന്നതുകൊണ്ട് പുഞ്ച കൃഷിയും നടത്താൻ സാധിക്കാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. കത്രിക പുല്ല് നീക്കം ചെയ്തും തോട് നിർമാണം പൂർത്തീകരിച്ചും കനാൽ ചോർച്ച അടച്ചും ഈ പാടശേഖരങ്ങളിൽ നെൽകൃഷിയിറക്കിയില്ലെങ്കിൽ സമീപഭാവിയിൽ തന്നെ ഏക്കർ കണക്കിന് നെൽ വയലുകൾ വിസ്മൃതിയിലാവും. സർക്കാർ സഹായമുണ്ടെങ്കിൽ നെൽകൃഷിയിറക്കാൻ തയാറാണെന്ന് ആവടുക്ക പാടശേഖര സമിതി പ്രസിഡന്റ് സുരേന്ദ്രൻ മുന്നൂറ്റൻ കണ്ടി, സെക്രട്ടറി ടി. എസ്. ദേവരാജൻ എന്നിവർ പറഞ്ഞു.


