കൃഷിപ്പെരുമയുടെ മീനങ്ങാടി
text_fieldsഓക്സിജൻ പാർക്കിൽ മുളത്തൈ നടൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്യുന്നു
കാർഷിക വികസന ക്ഷേമ വകുപ്പ് കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനത്തിനു നൽകുന്ന സി. അച്യുതമേനോൻ സ്മാരക പുരസ്കാരം നേടിയ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കാർഷിക വിശേഷങ്ങളിലേക്ക് ഒരെത്തിനോട്ടം. 10 ലക്ഷം രൂപയും ഫലകവും പ്രശംസപത്രവും അടങ്ങുന്ന പുരസ്കാരം ഏറ്റുവാങ്ങിയ പഞ്ചായത്തിന്റെ സാരഥികൾ കാർഷിക വിജയത്തിന്റെ ഇന്നലെകൾ പങ്കുവെക്കുന്നു
‘‘ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി....’’
ഭൂമിക്കൊരു ചരമഗീതമെഴുതി ഒ.എൻ.വി. കുറുപ്പ് മൺമറഞ്ഞിട്ട് വർഷങ്ങളായി. അദ്ദേഹം ഈ കവിത കുറിച്ചിട്ട് നാലര പതിറ്റാണ്ട് കഴിഞ്ഞു. ഭൂമിയെ അകാല മൃത്യുവിന് വിട്ടുകൊടുക്കാത്ത ചില തുരുത്തുകളിലെ മനുഷ്യരുടെ ഇച്ഛാശക്തിയാണ് ചില ഭൂമി ഗീതങ്ങൾ. അതിന് തങ്ങളുടേതായ പങ്ക് മികച്ച രീതിയിൽ വഹിക്കുന്നൊരു പഞ്ചായത്തുണ്ട് വയനാട്ടിൽ-മീനങ്ങാടി.
ഭൂമി ഇനിയും നിലനിൽക്കണമെന്ന ആഗ്രഹത്തിന് പലതാണ് ഇവരുടെ പങ്ക്. ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമന തോത് കുറക്കുന്നതിനുള്ള ഇടപെടലിലൂടെ അന്താരാഷ്ട്ര പ്രശസ്തമായ മോഡൽ അവതരിപ്പിച്ചതാണ് അതിൽ പ്രധാനം. അതുവഴി രാഷ്ട്രപതിയുടെ ഒരു കോടി രൂപയുടെ സവിശേഷ പുരസ്കാരം ഇവിടെത്തി. പ്രഥമ കാർബൺ ന്യൂട്രൽ വിശേഷാൽ പുരസ്കാരമാണത്. ഗ്ലാസ്ഗോ ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മീനങ്ങാടി മോഡലിനെ പ്രകീർത്തിച്ചു.
നമുക്കു പാർക്കാൻ...
പാർക്കുകൾ പലത് കേട്ടുപരിചയമുണ്ട് നമുക്ക്. എന്നാൽ, അത്ര പരിചിതമല്ലാത്ത ഓക്സിജൻ പാർക്കാണ് മീനങ്ങാടിയുടെ മറ്റൊരു മാതൃക. സത്യത്തിൽ, ഭൂമിയുടെ മനുഷ്യ നിർമിത ഹരിത ശ്വാസകോശമാണത്. കാക്കവയൽ പുഴങ്കുനി ആരോഗ്യ ഉപ കേന്ദ്രത്തിന് സമീപത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാണ് മുളങ്കാടുകൾ നട്ട് ഓക്സിജൻ പാർക്ക് ആക്കി മാറ്റിയത്. 12 ഇനങ്ങളിൽ പെട്ട 144 മുളന്തൈകൾ വളരുന്നതോടെ 43,200 കിലോഗ്രാം ഓക്സിജൻ ഇവിടെ ഉൽപാദിപ്പിക്കപ്പെടും. 11,520 ടൺ കാർബൺ ഡയോക്സൈഡ് സ്വാംശീകരിച്ചാണ് ഈ ഓക്സിജൻ ഉൽപാദനം.
ഇതടക്കമുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് കാർബൺ ന്യൂട്രൽ പഞ്ചായത്തെന്ന സവിശേഷ അംഗീകാരം ഈ മലയോര പഞ്ചായത്തിനെ തേടിയെത്തിയത്. ഇതോടെ പഞ്ചായത്തിന്റെ ഉത്തരവാദിത്തം ഇരട്ടിച്ചെന്ന് പ്രസിഡന്റ് കെ.ഇ. വിനയൻ പറഞ്ഞു. അതോടെ ഭൂവിടം അടിമുടി കാർബൺ രഹിതമാക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടങ്ങി. പുഞ്ചപ്പാടങ്ങളിൽ പയർ വിതച്ച് കാർബൺ സ്വാംശീകരണ തോത് കൂട്ടാനും മണ്ണിലെ ജൈവ കാർബണിന്റെ അളവ് കൂട്ടാനും നൈട്രജൻ ലഭ്യത ഉറപ്പാക്കാനും കഴിഞ്ഞു. ഇതിന് വലിയ തോതിൽ കർഷക പങ്കാളിത്തമുണ്ടായി.
നഴ്സറികളിലെ കാപ്പിത്തൈകളുടെ പരിചരണം
ഇതോടെ മണ്ണിനെ അറിഞ്ഞ് കൃഷിയിറക്കാനായി അടുത്ത നീക്കം. സമ്പൂർണ മണ്ണ് പരിശോധനയായിരുന്നു ആദ്യ ഘട്ടം. അതിന്റെ അടിസ്ഥാനത്തിൽ മണ്ണിലെ പോഷക ഗുണത്തിന്റെ അടിസ്ഥാനത്തിൽ ക്ലസ്റ്റർ തിരിച്ച് ഭൂപടം തയാറാക്കി. അതിനനുസരിച്ച് വളപ്രയോഗം നിശ്ചയിച്ചു. ജൈവവളത്തിന് ഊന്നൽ നൽകി. ന്യൂട്രി ഫിഷ് വളങ്ങൾ കർഷകർക്ക് നൽകി. പരിസ്ഥിതി സൗഹൃദ കൃഷിക്ക് ഊന്നൽ നൽകി 500 കർഷകരെ കണ്ണിചേർത്തു. സൂഷ്മാണു വളങ്ങളും തൈകളും അടങ്ങിയ കിറ്റുകൾ കർഷകർക്ക് നൽകി. കർഷകരുടെ നിലനിൽപ് ലക്ഷ്യം വെച്ച് അവരുടെ സാമ്പത്തിക നില പഠനവിധേയമാക്കി. അത് പുസ്തകമാക്കി.
പ്രതിവർഷം ഉൽപാദന മേഖലയിൽ നിർബന്ധിതമായി വകയിരുത്തേണ്ട തുകയേക്കാൾ ഇരട്ടി തുക വകയിരുത്തി. അത് കൂടുതലും കാർഷിക മേഖലയിലാക്കിയെന്ന് വൈസ് പ്രസിഡന്റ് കെ.പി. നുസ്രത്ത് പറഞ്ഞു. മണിവയലിൽ പച്ചത്തുരുത്ത് എന്ന പേരിൽ ജൈവ പാർക്കൊരുക്കി. പഞ്ചായത്തിലെ പ്രവർത്തനങ്ങൾക്കെല്ലാം തൊഴിൽ സേനയുടെ സേവനം ഉറപ്പാക്കി. വനിതാ കർഷക കൂട്ടായ്മകൾക്ക് ജൈവ കൃഷിക്കായി സൗരോർജത്തെ ആശ്രയിച്ചുള്ള പദ്ധതിയും ഫലം കണ്ടു. കുളം കുഴിച്ച് സൗരോർജ മോട്ടോർ ഉപയോഗിച്ച് നനച്ചാണ് എട്ടേക്കർ കൃഷിയോഗ്യമാക്കിയത്. ഇവിടെ ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾക്ക് ഡിമാൻഡേറെയാണെന്ന് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബേബി വർഗീസ് പറഞ്ഞു.
അണ്ണാൻകുഞ്ഞും തന്നാലായത്
മാറ്റം കുട്ടികളിൽനിന്ന് തുടങ്ങുന്നത് സുസ്ഥിരത നൽകും എന്ന് മനസ്സിലാക്കി വിദ്യാർഥികളെയും കാർഷിക മൃഗ സംരക്ഷണ പ്രവർത്തനങ്ങളുടെ പങ്കുകാരാക്കി. സ്കൂൾ പൗൾട്രി പദ്ധതി വഴിയാണ് അതിന് നാന്ദി കുറിച്ചത്. ഓരോ വിദ്യാർഥിക്കും പത്ത് മുട്ടക്കോഴികളെ നൽകി, മുട്ട അവരിൽനിന്ന് വില കൊടുത്ത് തിരിച്ചുവാങ്ങുന്നതായിരുന്നു പദ്ധതി.
ഈ മുട്ട പോഷകക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് സ്കൂൾ ഉച്ചഭക്ഷണത്തിലുൾപ്പെടുത്തി. വിദ്യാർഥികൾക്ക് ചെറിയൊരു വരുമാനവും പോഷകാഹാരവും ഇതുവഴി ഉറപ്പാക്കാനായി. ആ തുക സ്കൂൾ സമ്പാദ്യ പദ്ധതിയായ സഞ്ചയികയിൽ നിക്ഷേപിച്ച് സമ്പാദ്യ ശീലത്തിന് ഹരിശ്രീ കുറിച്ചതായി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഉഷ രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
കൂട്ടങ്ങൾ നേട്ടങ്ങൾ
കൃഷി വകുപ്പുമായി സഹകരിച്ച് കാർഷിക ഉൽപാദന മേഖലയെയും മൂല്യവർധിത മേഖലയെയും പോഷിപ്പിക്കാൻ പദ്ധതി തയാറാക്കി. അതിന് കണ്ടെത്തിയ വിള കറ്റാർ വാഴയാണ്. ഉൽപാദന മേഖലയിലുള്ള കൃഷിക്കൂട്ടം ഇതിന്റെ കൃഷി ഏറ്റെടുത്തപ്പോൾ ജെല്ലും ഫേസ് വാഷും അടക്കമുള്ള ഉൽപന്നങ്ങൾ നിർമിക്കാൻ സജ്ജരായി മൂല്യവർധിത കൃഷിക്കൂട്ടം രംഗത്തെത്തി. പരസഹായത്തിന്റെയും പരസ്പരാശ്രയത്തിന്റെയും പര്യായമായി ഇവർ അതത് മേഖലയിൽ തെളിഞ്ഞു നിൽക്കുന്നു. സാങ്കേതിക സഹായവും നടത്തിപ്പിനുള്ള മേൽനോട്ടവും ഒരുക്കിയത് സന്നദ്ധ സംഘടനയായ തണലാണ്. അവരുടെ സഹകരണം ഏറെ വിലമതിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി കെ. അഫ്സത്ത് പറഞ്ഞു.
കരുത്തായി കർമസേന
കൃഷിയിൽ കർമസേനയുടെ പങ്ക് തിരിച്ചറിഞ്ഞ്, നിലച്ചുപോയ അവരുടെ പ്രവർത്തനം വീണ്ടെടുക്കുന്നതായിരുന്നു മറ്റൊരു പ്രവർത്തനം. പവർ സ്പ്രേയർ, ബ്രഷ് കട്ടർ അടക്കമുള്ള ഉപകരണങ്ങൾ നൽകിയാണ് അവരെ പുനഃസംഘടിപ്പിച്ചത്. റെഡി ടു പ്ലാന്റ് പോട്ടിങ് മിശ്രിതം നിർമിച്ച് വിതരണം ചെയ്യുന്നത് കാർഷിക കർമസേനയാണ്. കുരുമുളകിന്റെ ദ്രുതവാട്ടത്തിനുള്ള പോംവഴിയായ ട്രൈക്കോഡെർമ ജീവാണു വളം ചാണകപ്പൊടിയിൽ ചേർത്ത് സമ്പുഷ്ടീകരിച്ച് കർഷകരിൽ എത്തിക്കുന്നതും കാർഷിക കർമസേന വഴിയാണ്. പത്ത് ടൺ ജൈവവളം ഈ തരത്തിൽ കൃഷിയിടത്തിൽ എത്തുന്നുണ്ട്. കാർഷിക സേനയുടെ സേവനത്തിനുള്ള കൂലിയിൽ പകുതി പഞ്ചായത്താണ് നൽകുന്നത്. അതോടെ കൂലിച്ചെലവ് കൂടിയതിനാൽ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥക്ക് ശാശ്വത പരിഹാരം കണ്ടു. ഇതുവഴി കർഷകരെ കൃഷിയിൽ ഉറപ്പിച്ച് നിർത്താനുള്ള ഊന്നുകാലാകാൻ പഞ്ചായത്തിന് സാധിച്ചു.
പലതുള്ളി പെരുവെള്ളം
സുൽത്താൻ ബത്തേരിയുടെ ചുവടുപിടിച്ച് തൊട്ടടുത്ത നഗരമായ മീനങ്ങാടിയും നഗര പാതയോരങ്ങൾ പൂവാടിയാക്കി. ബഹുമുഖ കാർഷിക പദ്ധതികൾ പരിഗണിച്ചാണ് സംസ്ഥാനത്തെ മികച്ച കൃഷി ഭവനായി മീനങ്ങാടി തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ കൃഷി ഓഫിസറുടെ പുരസ്കാരം നേടിയ കൃഷി ഓഫിസർ ജ്യോതി സി. ജോർജിന്റെ നേതൃത്വത്തിൽ ക്ലീൻ മീനങ്ങാടി പദ്ധതിക്കുവേണ്ടി ഒരു കാർഷിക കർമസേന രംഗത്തുണ്ട്.
പുഴ കൈയേറ്റവും തീരമിടിച്ചിലും തടഞ്ഞ് ജല സംരക്ഷണം ഉറപ്പാക്കാൻ കയർ ഭൂവസ്ത്രം വിരിച്ച് നടപ്പാക്കിയ പുഴയൊഴുകും പദ്ധതി
നല്ല നടീൽ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കൽ ഒരു കാർഷിക പഞ്ചായത്തിനെ സംബന്ധിച്ച് പ്രധാനമാണ്. അതിനുള്ള പദ്ധതികളും സുഗമമായി മുന്നോട്ടുപോകുന്നു. മികച്ചയിനം കാപ്പിത്തൈകളും തെങ്ങിൻ തൈകളും നാരക തൈകളും അടക്കം ഉൽപാദിപ്പിക്കാൻ അഞ്ച് നഴ്സറികളുടെ സേവനമാണ് ഇവർ തേടുന്നത്. രണ്ടുലക്ഷം കാപ്പിത്തൈകളും പതിനായിരം കുറ്റ്യാടി തെങ്ങിൻ തൈകളും അത്രതന്നെ നാരക തൈകളും പഞ്ചായത്തിൽ വിതരണം ചെയ്തു. ഇവ നട്ടുപരിപാലിക്കാൻ 17,460 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കി. കാർഷിക- സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട് ഡോ. എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷന്റെ ഒരു ഗവേഷണ നിരീക്ഷണ പഞ്ചായത്തു കൂടിയാണ് മീനങ്ങാടി.
മൈനർ ഇറിഗേഷൻ വകുപ്പിൽ ഗ്രാമപഞ്ചായത്ത് പണം നിക്ഷേപിച്ച് പുഴകളുടെ വീണ്ടെടുപ്പിനായി നടപ്പിലാക്കിയ ‘ഇനിയും പുഴയൊഴുകും’ പദ്ധതിയടക്കം ഇനിയുമുണ്ട് മീനങ്ങാടിയുടെ ഗരിമക്ക് പെരുമ കൂട്ടുന്ന ഒട്ടേറെ പദ്ധതികൾ. പഞ്ചായത്ത് പ്രസിഡന്റായ ഒരു എം.ബി.എക്കാരന്റെ പഠിച്ചറിവുകളും പഞ്ചായത്തിലെ ജനകീയ ആവശ്യങ്ങളും ചേരുംപടി ചേർന്നപ്പോഴാണ് മീനങ്ങാടി മികവിന്റെ വലിയങ്ങാടിയായത്.