ഈത്തപ്പനകളും മാന്തോട്ടങ്ങളും പൂത്തുലയും കാലം
text_fieldsറാസൽഖൈമയിലെ മാന്തോട്ടങ്ങൾ
യു.എ.ഇയുടെ വടക്കൻ എമിറേറ്റുകളിലെ തോട്ടങ്ങളിൽ നിന്ന് വീശുന്ന കാറ്റിനിപ്പോൾ മാമ്പൂവിന്‍റെ മണം. മൂവാണ്ടനെയും കിളിച്ചുണ്ടനെയും വിട്ട് പുറവാസിയായ മലയാളിക്ക് ഗൃഹാതുരത പകരുന്നതാണ് ഈ മാവു പൂക്കും കാലം. യു.എ.ഇയിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നിരവധി മാന്തോപ്പുകളുണ്ട്. മാമ്പഴ വർഗത്തിലെ മഹാരാജാവായ അൽഫോൻസ മുതൽ മൂവാണ്ടൻ വരെ ഇവിടെ ധാരാളമായി കൃഷിചെയ്യുന്നു. ദിബ്ബ, മസാഫി, ഖോർഫക്കാൻ, റാസൽഖൈമ, അൽ ദൈദ്, ഹീലിയോ, ഹത്ത, മസ്ഫൂത്ത് തുടങ്ങിയ വടക്കൻ പ്രദേശങ്ങളിലെല്ലാം തന്നെ ധാരാളം മാന്തോട്ടങ്ങൾ പ്രവർത്തിക്കുന്നു. മരുഭൂമിയിലെ കാലാവസ്ഥയെ മെരുക്കിയെടുത്താണ് കൃഷി. മാന്തോട്ടങ്ങളിൽ ചീരയും ജർജീലും വഴുതനയും വെണ്ടയും പച്ചമുളകും സമാന്തരമായി കൃഷി ചെയ്യുന്നു. മാവിന് പിറകെ മരുഭൂമിയുടെ മധുരമായ ഈത്തപ്പനകളും കുലയിടാൻ തുടങ്ങി. വടക്കൻ മേഖലയിൽ പൂങ്കുലകളിൽ പരാഗണം നടത്തുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. വെവ്വേറെ പനകളിൽ ഉണ്ടാകുന്ന ആൺ–പെൺ പൂവുകൾ കൃത്രിമമായി പരാഗണം നടത്തുന്ന ജോലികൾ കൃത്യസമയത്ത് തന്നെ നടത്തിയിരിക്കണമെന്നാണ് ശാസ്ത്രം. വൈകിയാൽ പഴങ്ങൾക്ക് വലുപ്പവും രുചിയും കുറയും.
ആൺപൂവ് പെൺപൂവിൽ കെട്ടിയുള്ള പരാഗണം അതീവ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറഞ്ഞു. സീസണിൽ നാലു വ്യത്യസ്ത പാകത്തിലെ പഴങ്ങൾ യു.എ.ഇ വിപണിയിൽ ലഭ്യമാകും. കിമ്രി (പഴുക്കാത്തവ), ഖലാൽ (പകുതി പഴുപ്പ്, കടിച്ചു മുറിച്ച് തിന്നാം), റുത്താബ് (പഴുത്ത്, വെണ്ണപോലെ മൃദുലമായ പഴം), തമർ (ഉണക്കിയ ഈത്തപ്പഴം). ഇതിൽ റുത്താബ് ആണ് ഏറ്റവും മാധുര്യമുള്ളത്. വെണ്ണപോലെ നനുത്ത റുത്താബ് ഈത്തപ്പഴങ്ങൾക്ക് മധുരവും രുചിയും കൂടും. ഇവക്ക് വിലയും കൂടുതലാണ്. ഒമാനിലാണ് റുത്താബ് ആദ്യം വിളവെടുക്കുന്നത്. അത് യു.എ.ഇ ചന്തകളിൽ എത്തിയാൽ കിലോക്ക് 150 ദിർഹം വരെ നൽകണം. എന്നാൽ ഇവിടെ റുത്താബ് വിളവെടുക്കുന്നതോടെ വില കുത്തനെ കുറയലാണ് പതിവ്.
മാന്തോട്ടങ്ങൾ പൂക്കാൻ തുടങ്ങിയതോടെ വിവിധ ചന്തകളിൽ നിന്ന് കച്ചവടക്കാരെത്തി. മാവിലെ പൂക്കാലം നോക്കിയാണ് കച്ചവടം ഉറപ്പിക്കുക. ബംഗ്ലാദേശുകാരാണ് ഇത്തരം കാര്യങ്ങളിൽ മുന്നിൽ. മാവ് ചുറ്റി നടന്ന് കണ്ടാണ് വില പറയുക. തനി നാട്ട് നടപ്പ് തന്നെയാണ് ഇവിടെയും കണ്ട് വരുന്നത്. വില ഉറപ്പിക്കുന്നതോടെ പിന്നെ തോട്ടങ്ങളിൽ കച്ചവടക്കാരുടെ ശ്രദ്ധയുണ്ടാകും. വിവിധ ഘട്ടങ്ങളിലുള്ള മാങ്ങകൾ പറിച്ച് അവർ ചന്തകളിൽ എത്തിക്കും. ഫുജൈറയുടെ മസാഫിയും ബിത്ത്നയും ഫ്രൈഡേ മാർക്കറ്റുമാണ് മാമ്പഴ ചന്തകളിൽ മുന്നിൽ. മാമ്പഴ കാലം ഇവിടെ തീരാറില്ല. വിവിധ രാജ്യങ്ങളിൽ നിന്ന് മാങ്ങകൾ ഇവിടെ എത്തുന്നു. എന്നാൽ സ്വദേശ തോട്ടങ്ങളിൽ നിന്ന് എത്തുന്ന മാങ്ങക്ക് ആവശ്യക്കാരേറെയാണ്.
വിവിധ എമിറേറ്റുകളിൽ നിന്ന് സ്വദേശികളും വിനോദ സഞ്ചാരികളും പ്രവാസികളും മാങ്ങ വാങ്ങാനെത്തും. തോട്ടത്തിന്‍റെ മതിലിന് പുറത്തേക്ക് വീഴുന്ന മാങ്ങകൾ യാത്രക്കാർക്കുള്ളതാണ്. മാവുകൾ പൂത്ത് തുടങ്ങുന്നതോടെ തന്നെ പക്ഷികളെത്തും. ഇവയെ തുരത്താൻ ഏറെ പാടാണെന്ന് ബിദിയയിലെ മാന്തോട്ട കാവൽക്കാരൻ പറഞ്ഞു. പകലെത്തുന്നവയെ ഓടിക്കാനെളുപ്പമാണ്. എന്നാൽ രാത്രിയിൽ എത്തുന്നവയെ കാണാൻ പോലും സാധിക്കില്ല. മാമ്പൂക്കൾ തിന്നാൻ വരുന്ന കിളികളെ കച്ചവടക്കാരന്‍റെ ശത്രുവെന്നാണ് വിളിക്കുക. മാവിലെ കീടങ്ങളെ തിന്നാൻ എത്തുന്ന ചിലതുണ്ട്, അവ മിത്രങ്ങളാണ്. കേരളത്തിന്‍റെ അഭിമാനമായ കുറ്റ്യാട്ടൂർ മാവുകളെ പോലെയാണ് ഇവിടെത്തെ മിക്ക മാവിനങ്ങളും. ഇവ അധികം ഉയരം വെക്കാറില്ല. എന്നാൽ മറ്റ് മാമ്പഴങ്ങളെക്കാൾ വലുപ്പവും രുചിയും കൂടുതലാണ്.