കൊയ്യാൻ ആളില്ല; പുല്ലമ്പാറ ഏലായില്‍ ഇത്തവണ കൊയ്ത്തിനും മെതിക്കും യന്ത്രമിറക്കി
text_fieldsപുല്ലമ്പാറ ഏലായില്‍ കൊയ്ത്തിനും മെതിക്കും എത്തിയ യന്ത്രത്തിന്റെ പ്രവര്‍ത്തനം കാണാനെത്തിയവര്‍
വെഞ്ഞാറമൂട്: കൊയ്ത്ത് പാട്ടിന്റെ ഈണവും താളവും ഒന്നുമില്ലാതെ ആദ്യമായി പുല്ലമ്പാറ ഏലായില്‍ ഇത്തവണ കൊയ്ത്തിനും മെതിക്കും യന്ത്രമിറക്കി. ഇതോടെ മാനം കറക്കുമ്പോള്‍ മനസ്സില്‍ ആധികേറിയിരുന്ന കര്‍ഷകനും ആശ്വാസമായി.
നെല്‍കൃഷിക്ക് ഇക്കാലമത്രയും പാരമ്പര്യ രീതികള്‍ വിട്ടൊരു മാര്‍ഗ്ഗവും അവലംബിക്കാത്ത പുല്ലമ്പാറയിലെ കര്‍ഷകര്‍ക്കാണ് അവസാനം കൊയ്ത്തിനും മെതിക്കും യന്ത്രത്തെ ആശ്രയിക്കേണ്ടി വന്നത്. ഈവര്‍ഷം അഞ്ചേക്കര്‍ സ്ഥലത്താണ് വിത്തിറക്കിയത്. എന്നാല്‍, വിള പാകമായിട്ടും കൊയ്ത്തിന് ആളെ കിട്ടാതെ വന്നതോടെ കൃഷിഭവന്റെയും എക്കോ ഷോപ്പിന്റെയും പിന്തുണയോടെ കൊയ്ത്ത് മെതി യന്ത്രം എത്തിക്കുകയായിരുന്നു. ഇതൊക്കെയാണങ്കിലും ആചാരങ്ങള്‍ പൂര്‍ണമായും വലിച്ചെറിയാന്‍ മനസ്സില്ലാതിരുന്ന കര്‍ഷകനായ വിജയന് നായര്‍ വെറ്റിലയും പാക്കും 101 രൂപയും ഡ്രൈവര്‍ക്ക് നല്‍കിയതിന് ശേഷമാണ് കൊയ്ത്ത് ആരംഭിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ്, വാര്‍ഡംഗം മുത്തിപ്പാറ ശ്രീകണ്ഠന് നായര്‍, പുല്ലമ്പാറ ദിലീപ്, ഹരിത കര്‍മസേന കെയര്‍ടേക്കര്‍ ജയകുമാര്‍, ശ്രീകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിളവെടുപ്പ്. സാധാരണ കൊയ്ത്തിനും മെതിക്കും ഒരുലക്ഷം രൂപ ചെലവാകുന്ന സ്ഥാനത്ത് അതിന്റെ നാലിലൊന്ന് തുക മാത്രമാണ് യന്ത്രത്തിനായതെന്ന് കൃഷിക്കാരും പറഞ്ഞു.