ഇത് ചെന്ത്രാപ്പിന്നിയുടെ പത്തുമണി വസന്തം
text_fieldsപത്തു മണി പൂന്തോട്ടത്തിൽ ദിനേശ്
കയ്പമംഗലം: കത്തുന്ന വേനലിലും ദൃശ്യചാരുത പകരുകയാണ് ചെന്ത്രാപ്പിന്നിയിലെ പത്തുമണി പൂന്തോട്ടം. ദേശീയപാത 66 ചെന്ത്രാപ്പിന്നി 17ൽ റോഡരികിലാണ് ഈ വർണവസന്തം.
പച്ചക്കറി, പൂ കൃഷികളിൽ വർഷങ്ങളായി നൂറുമേനി സമ്മാനിക്കുന്ന മുളങ്ങാട്ട് പറമ്പിൽ ദിനേശാണ് ഇക്കുറി പത്തുമണിപ്പൂക്കളിൽ പത്തരമറ്റൊരുക്കിയത്. സിൻഡ്രല്ല, ജമ്പോ, പോട്ലാക്ക തുടങ്ങി കേട്ടു പരിചയിച്ചതും അല്ലാത്തതുമായ 270ൽപരം പത്തുമണി പൂക്കളുടെ വൻശേഖരമാണ് വീട്ടുമുറ്റത്തും വഴിയരികിലും വീടിനോട് ചേർന്ന 16 സെന്റ് സ്ഥലത്തും ദിനേഷ് കൃഷി ചെയ്യുന്നത്.
മഞ്ഞ, പീച്ച്, ഓറഞ്ച്, ചുവപ്പ്, തീ മഞ്ഞ, വയലറ്റ്, റോസ്, പിങ്ക് എന്നിങ്ങനെ എത്ര കണ്ടാലും മതിവരാത്ത എൺപതിലധികം നിറങ്ങളുണ്ട് ഇവിടെ.
പത്തു മണിക്കൊപ്പം വരിയും നിരയുമായി നാലു മണിയും, എട്ടു മണിയും ഈ പൂന്തോട്ടത്തിലുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി പൂ കൃഷിയിൽ സജീവമാണ് ദിനേശ്. പരീക്ഷണങ്ങൾക്കൊപ്പം യാത്ര ചെയ്യുന്ന ഇദ്ദേഹം സുഹൃത്തിന്റെ വീട്ടിലെ പത്തു മണിപ്പൂ കൃഷി കണ്ടതോടെയാണ് ഇതിൽ ആകൃഷ്ടനാകുന്നത്. ആദ്യം കുറച്ചു സ്ഥലത്ത് നട്ട ചെടിത്തണ്ടുകൾ മികച്ച പരിചരണം ലഭിച്ചതോടെ 20 ദിവസങ്ങൾക്ക് ശേഷം പൂവിടാൻ തുടങ്ങി. അതോടെ ദിനേശിന്റെ ആത്മവിശ്വാസവും വർധിച്ചു.
പത്തുമണിപ്പൂക്കൾക്ക് മികച്ച വിപണന സാധ്യതയുണ്ടെന്നറിഞ്ഞ ദിനേശ് കൃഷിയെക്കുറിച്ച് വിദഗ്ദോപദേശവും നേടി. തിരുവനന്തപുരത്ത് നിന്നാണ് സ്വദേശിയും, വിദേശിയുമായ കൂടുതൽ ഇനങ്ങൾ സ്വന്തമാക്കിയത്.
വീടിനോട് ചേർന്ന് സുഹൃത്തിന്റെ 16 സെന്റ് സ്ഥലത്തുകൂടി പൂകൃഷി തുടങ്ങിയതോടെ ചെടികൾക്കായി ആവശ്യക്കാർ ഏറി. ദേശീയപാതയോരമായതിനാൽ വാഹന യാത്രികർ ഉൾപ്പെടെ പത്തു മണിപ്പൂ കാഴ്ച കാണാൻ ദിനംപ്രതി നിരവധി പേരാണ് എത്തുന്നതെന്ന് ദിനേശ് പറയുന്നു. അഞ്ച് തണ്ടിന് 10 രൂപ നിരക്കിലാണ് വിൽപന.