ഇന്ന് കർഷക ദിനം; ആശങ്കകളും പ്രതീക്ഷകളുമായി കർഷകർ
text_fieldsപാലക്കാട്: ചിങ്ങം ഒന്നിന് കര്ഷകദിനമായി ആചരിക്കുമ്പോൾ നെല്ലറയിലെ കർഷകർക്ക് പങ്കുവെക്കാനുള്ളത് ആശങ്കകളും പരാതികളും മാത്രം. കാർഷികവൃത്തിക്കായി ജീവിതം സ്വയം സമർപ്പിച്ച കർഷകരെ പാലക്കാട്ടെ ഉൾനാടുകളിൽ ഇപ്പോഴും കാണാം. എന്തു പ്രതിസന്ധിയുണ്ടായാലും ഒന്നാം വിളയും രണ്ടാം വിളയും ഇറക്കിയിരിക്കും. അതിനായി എവിടെനിന്നും കടം വാങ്ങും. സ്വർണം പണയം വെക്കും. വട്ടിപ്പലിശക്കാരുടെ കഴുത്തറുപ്പൻ പലിശക്ക് ഇരയാകും. ഒരു ലക്ഷത്തോളം കർഷകരാണ് നെൽകൃഷിയിലുള്ളത്. രണ്ടു സീസണിലായി ഏകദേശം 80,000 ഹെക്ടറിൽനിന്ന് മൂന്ന് ലക്ഷത്തോളം മെട്രിക് ടൺ ജില്ലയിൽനിന്ന് ലഭിക്കുന്നുണ്ട്. 2003 മുതൽ നെല്ല് സംഭരണം സപ്ലൈകോ ഏറ്റെടുത്തങ്കിലും വറുതിക്ക് ആശ്വാസമുണ്ടായില്ല.
സർക്കാറുകൾ നടപ്പാക്കുന്ന പദ്ധതികൾ ആശ്വാസം നൽകുന്നതിനുപകരം കർഷകരെ വീണ്ടും കടക്കെണിയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ രണ്ടാംവിള നെല്ല് സംഭരിച്ച പണം ബഹുഭൂരിപക്ഷം കർഷകർക്കും ലഭിച്ചിട്ടില്ല. ഏതാനും ആഴ്ചകൾ കഴിഞ്ഞാൽ ഈ സീസണിലെ ഒന്നാം വിള നെല്ല് സംഭരണം തുടങ്ങാൻ സമയമായി. എന്നിട്ടും എപ്പോൾ പണം ലഭിക്കുമെന്ന് ഉറപ്പില്ല. ഈ മേഖലയിലെ ചില ജീവനക്കാരുടെ സ്വാർത്ഥ താൽപര്യം കർഷകരെ ദുരിതത്തിലാക്കുകയാണ്. സംഭരണം, വില വിതരണം എന്നിവയിലെ കെടുകാര്യസ്ഥത കർഷകരെ മാനസികമായി തളർത്തുകയും നെൽകൃഷയിൽനിന്ന് അകറ്റുകയും ചെയ്യുന്നു.
ബഹിഷ്കരണവുമായി പ്രതിപക്ഷ പാർട്ടികൾ
പാലക്കാട്: കർഷക ദിനത്തിൽ സർക്കാറിന്റെ ആഘോഷപരിപാടികളിൽനിന്ന് വീട്ടുനിൽക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ കർഷകസംഘടനകളും സന്നദ്ധ സംഘടനകളും. കഴിഞ്ഞ രണ്ടാം വിളക്ക് സംഭരിച്ച നെല്ലിന്റെ വില ഇതുവരെ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് വിവിധ കർഷക-സന്നദ്ധസംഘടനകൾ കർഷക ദിനാചരണത്തിൽനിന്ന് വിട്ടുനിൽക്കുന്നത്.


