ഇന്ന് ദേശീയ മാമ്പഴദിനം: ഇവിടെ നാട്ടുമാവുകൾ ഓർമയല്ല; മധുരം വിളയുന്ന നന്മയാണ്
text_fieldsഓർമകളുടെ ചെറു മാന്തോപ്പിൽ നടാനുള്ള മാവിൻതൈകളുമായി പ്രവർത്തകർ
പയ്യന്നൂർ: പെരുമ്പ പാലം മുതൽ പിലാത്തറക്കടുത്തുവരെ ദേശീയപാത കടന്നുപോകുന്നത് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലൂടെയാണ്. പാത വികസനത്തോടെ ഇരുഭാഗങ്ങളിലും പടർന്നുപന്തലിച്ച നൂറുകണക്കിന് നാട്ടുമാവുകൾ കൂടിയാണ് വിടവാങ്ങിയത്. എന്നാൽ തണലും തണുപ്പും മധുരവും നഷ്ടപ്പെട്ട ഓർമകളിൽ പരിതപിച്ച് അടങ്ങിയിരുന്നില്ല കുഞ്ഞിമംഗലക്കാർ. അവർ പാതയിലെ മാവുകൾക്കുപകരം മാവിൻ തോട്ടങ്ങളൊരുക്കി നഷ്ടപ്പെട്ട നന്മ തിരിച്ചുപിടിക്കുകയാണിപ്പോൾ.
നൂറുകണക്കിന് മാവുകളുള്ള ചെറു നാട്ടുമാവിൻതോട്ടമൊരുക്കിയാണ് ഈ തിരിച്ചുപിടിക്കൽ. മാങ്ങാ കൂട്ടായ്മയുടെ ഇരുപതാമത്തെ മാവിൻ തോട്ടത്തിന് ദേശീയ മാമ്പഴദിനമായ ബുധനാഴ്ച വെള്ളൂർ പാലത്തറയിൽ തുടക്കം കുറിക്കും. കുഞ്ഞിമംഗലം മാങ്ങ, കടുക്കാച്ചി, ചെനയൻ മാങ്ങ, ചേരിയൻ മാങ്ങ, പഞ്ചാര മാങ്ങ, കപ്പക്കായ് മാങ്ങ, ഊമ്പിക്കുടിയൻ പത്മശ്രീ, കോട്ടൂർകോണം, ശർക്കരക്കട്ടി, കാലാപാടി, സിന്ദൂരം തുടങ്ങി വിവിധയിനത്തിൽപ്പെട്ട 60 മാവുകളാണ് പാലത്തറയിലെ തോട്ടത്തിൽ ഇന്ന് തളിരിടുന്നത്.
കുഞ്ഞിമംഗലത്തിന്റെ തനത് ഇനമായ കുഞ്ഞിമംഗലം മാവിനോടൊപ്പം രുചിയിലും നിറത്തിലും വലുപ്പത്തിലും മണത്തിലും ഏറെ വൈവിധ്യമുള്ളതും അന്യം നിന്നുകൊണ്ടിരിക്കുന്നതുമായ നാടൻ മാവുകളെ സംരക്ഷിക്കുന്നതിന് വേണ്ടി കുഞ്ഞ്യാങ്ങലം മാങ്ങാ കൂട്ടായ്മയും പയ്യന്നൂർ കോളജ് ബോട്ടണി പി.ജി വിഭാഗവും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ഓർമകളുടെ ചെറുമാന്തോപ്പ്. തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളജിൽ ഒരുക്കിയ മാവിൻതോട്ടത്തിൽനിന്ന് ഇക്കുറി മാങ്ങ പറിച്ചു എന്നത് കൂട്ടായ്മയുടെ പ്രവർത്തകർക്ക് ഏറെ സന്തോഷകരമായി.
വെള്ളൂർ പാലത്തരയിൽ കണ്ണൂർ സോഷ്യൽ ഫോറസ്ട്രി, പയ്യന്നൂർ റോട്ടറി ക്ലബ്, പയ്യന്നൂർ കോളജ് എൻ.എസ്.എസ് യൂനിറ്റ് 11 എന്നിവയുടെ നേതൃത്വത്തിൽ പാലത്തര റെസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ പഴയ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി വിവിധയിനത്തിൽപ്പെട്ട അറുപതോളം മാവുകൾ നട്ടുപിടിപ്പിക്കുന്നത്.


