മരുന്നുമാറി; ഏത്തവാഴത്തോട്ടം നശിച്ചു
text_fieldsചെറുതോണി: വാഴക്കുണ്ടായ കുമിൾ രോഗത്തിനു വളക്കടയില്‍ മരുന്നു വാങ്ങാൻ ചെന്ന കർഷകന് മരുന്ന് മാറി നല്കിയതു മൂലം കര്‍ഷകന്റെ 300 ഏത്തവാഴകള്‍ നശിച്ചതായി പരാതി. കഞ്ഞിക്കുഴി പഞ്ചായത്തിലെ വാഴ കര്‍ഷകനായ ചുള്ളിക്കല്‍ ഫ്രാന്‍സിസിന്റെ അഞ്ച് മാസം പ്രായമായ ഏത്ത വഴകളാണ് നശിച്ചത്. വാഴക്കുമിള് രോഗം വന്നതോടെ കഞ്ഞിക്കുഴി കൃഷി ഓഫിസിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്ന് കൃഷി ഓഫിസര്‍ നിർദേശിച്ച മരുന്ന് കഞ്ഞിക്കുഴിയിലെ സ്വകാര്യ വളക്കടയില്‍ നിന്ന് വാങ്ങി തളിക്കുകയായിരുന്നു.
തുടര്‍ന്നാണ് വാഴകള്‍ പഴുത്തുണങ്ങിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ കടയില്‍ നിന്ന് മരുന്ന് മാറി നല്കിയതെണന്ന് കണ്ടെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് കൃഷിഭവനിലും, കഞ്ഞിക്കുഴി പൊലീസിലും ഫ്രാന്‍സിസ് പരാതി നല്കി. ഓണ വിപണി ലക്ഷ്യമിട്ട് പലരില്‍ നിന്നും കടം വാങ്ങിയും ലോണെടുത്തുമാണ് ഫ്രാന്‍സിസ് കൃഷി ഇറക്കിയത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കര്ഷകന് പറഞ്ഞു. തനിക്കുണ്ടായ നഷ്ടം കുറ്റക്കാരില്‍ നിന്ന് ഈടാക്കണമെന്ന് ഫ്രാന്‍സിസ് ആവശ്യപ്പെട്ടു.