മട്ടുപ്പാവിൽ ഡ്രാഗൺ ഫ്രൂട്ട് വിളയിച്ച് ഉമ്മർ ഹാജി
text_fieldsഉമ്മർ ഹാജി മട്ടുപ്പാവിലെ കൃഷിയിടത്തിൽ
വാടാനപ്പള്ളി: സംസ്ഥാനത്ത് കാര്യമായി കണ്ടുവരാത്തതും വിളയാത്തതുമായ വിവിധയിനം പഴവർഗങ്ങൾ ഉമ്മർ ഹാജിയുടെ വീട്ടിലെ മട്ടുപ്പാവ് കൃഷിയിടത്തിൽ തളിർത്ത് കായ്ച്ച് വളരുകയാണ്.
ഗണേശമംഗലം കിഴക്ക് ടിപ്പു സുൽത്താൻ റോഡിന് സമീപമുള്ള വീടിന്റെ ടെറസിലാണ് ഉമ്മർഹാജിയുടെ കൃഷി. കോവിഡ് കാലത്ത് പുറത്തിറങ്ങാനാകാതെ വീട്ടിൽ കഴിയുമ്പോഴാണ് കൃഷിയിലേക്ക് ഇറങ്ങിയത്. കോവിഡിന് ശമനമായതോടെ മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നാണ് നമ്മുടെ നാട്ടിൽ കാണപ്പെടാത്ത ഡ്രാഗൺ ഫ്രൂട്ടിന്റെ അടക്കം വിവിധ ഇനം പഴവർഗങ്ങളുടെ തൈകൾ വാങ്ങി പത്ത് സെന്റ് സ്ഥലം വരുന്ന വീടിന്റെ ടെറസിൽ കൃഷി ആരംഭിച്ചത്.
ഡ്രാഗൺ ഫ്രൂട്ടിന് പുറമെ പാഷൻ ഫ്രൂട്ട്, ലൂബിക്ക, വെള്ള ഞാവൽ, റംബൂട്ടാൻ, വാഴ, മുരിങ്ങ എന്നിവയും കൃഷി ആരംഭിച്ചു. ജൈവവള പ്രയോഗമാണ്. ഡ്രാഗൺ ഫ്രൂട്ട് തീരദേശ മേഖലയിൽ കണ്ടുവരാറില്ല. ഇതാണ് ഉമ്മർ ഹാജിയുടെ മട്ടുപ്പാവ് കൃഷിയിടത്തിൽ കായ്ച്ച് നിൽക്കുന്നത്. മറ്റ് വിവിധ ഇനം പഴവർഗങ്ങളുടെ തൈകളും കായ്ച്ചു. പഴവർഗങ്ങൾ സമീപ വാസികൾക്കും ബന്ധുക്കൾക്കുമാണ് നൽകുന്നതെന്നും ഉമ്മർ ഹാജി പറഞ്ഞു.