വേനലിൽ തണ്ണിമത്തൻ മധുരവുമായി കുടുംബശ്രീ
text_fieldsകുടുംബശ്രീയുടെ ‘വേനൽ മധുരം’ പദ്ധതിയുടെ ഭാഗമായി കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ കൃഷിയിറക്കിയ തണ്ണിമത്തൻ വിളവെടുത്തപ്പോൾ
പാലക്കാട്: വേനലിൽ മധുരമൂറും തണ്ണിമത്തൻ വിപണിയിലെത്തിക്കാൻ ഇത്തവണ കുടുംബശ്രീയും രംഗത്ത്. വിഷരഹിതമായ ഗുണമേന്മയുള്ള തണ്ണിമത്തൻ വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ല മിഷന്റെ ആഭിമുഖ്യത്തിലാണ് ‘വേനൽ മധുരം’ പദ്ധതിയുടെ ഭാഗമായി തണ്ണിമത്തൻ കൃഷി ചെയ്തത്. സംഘഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 27 ഏക്കറിലാണ് കൃഷിയിറക്കിയത്. വിളവെടുപ്പും നടത്തി.
ഒറ്റപ്പാലം ബ്ലോക്കിലെ വാണിയംകുളം സി.ഡി.എസിൽ പ്രവർത്തിക്കുന്ന പൗർണമി ജെ.എൽ.ജി മൂന്നേക്കറിൽ വിവിധ ഘട്ടങ്ങളായാണ് കൃഷി ചെയ്തത്. നാംധാരി, ജൂബിലി കിങ്, ഇറാനി യെല്ലോ മഞ്ച്, ഓറഞ്ച് മഞ്ച് എന്നിങ്ങനെ ചുവപ്പ്, മഞ്ഞ, ഓറഞ്ച് കാമ്പുകളുള്ള ഇനങ്ങളാണ് കൃഷി ചെയ്തത്.
കീടനിയന്ത്രണത്തിനായി വിവിധതരം കെണികൾ സ്ഥാപിച്ച് ഓപ്പൺ പ്രിസിഷൻ ഫാമിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൃഷി ചെയ്തത്. അഞ്ച് ടണ്ണോളം ആദ്യ വിളവെടുപ്പിൽ ലഭിച്ചു. നേരിട്ട് ആളുകൾ വാങ്ങുന്നുണ്ട്. നാട്ടുചന്തകൾ വഴിയും പ്രാദേശികമായി കടകളിലും വിൽപന നടത്തുന്നുണ്ട്.
ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കരിമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന മാതൃക ജെ.എൽ.ജിയുടെ തണ്ണിമത്തൻ കൃഷിയിൽ 2.5 ടൺ (2500 കിലോ ഗ്രാം) ആണ് വിളവെടുത്തത്. കുടുംബശ്രീ ജില്ല മിഷന്റെ ആഭിമുഖ്യത്തിൽ ജനുവരി മാസത്തിൽ നൽകിയ ഓപ്പൺ പ്രിസിഷൻ ഫാമിങ് ട്രെയിനിങ്ങിന്റെ ഭാഗമായാണ് മാതൃക ജെ.എൽ.ജി തണ്ണിമത്തൻ കൃഷി ആരംഭിച്ചത്.
60 സെന്റിൽ ചുവന്ന കാമ്പുള്ള പക്കീസ ഇനം തണ്ണിമത്തനാണ് കൃഷി ചെയ്തത്. ഈ വിളവെടുപ്പിന് ശേഷം കൂടുതൽ വിപുലമായി ഓപ്പൺ പ്രിസിഷൻ ഫാമിങ് രീതിയിൽ കൃഷി ചെയ്യാൻ തയാറെടുക്കുകയാണ് മാതൃക സംഘകൃഷി ഗ്രൂപ്പ് അംഗങ്ങൾ. ഒന്നര ടണ്ണോളം വിൽപന നടത്തി. ഒരെണ്ണത്തിന് 20 രൂപ നിരക്കിലാണ് വിൽപന. വിഷുച്ചന്തയിലും തണ്ണിമത്തൻ വിൽപനക്ക് വെക്കും.
മുൻവർഷങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷി വിജയമായതോടെയാണ് ഇത്തവണ കൂടുതൽ സംഘങ്ങൾ കൃഷിയിറക്കിയത്. മാതൃക ജെ.എൽ.ജിയുടെ കൃഷിയിൽ പ്രചോദനമുൾക്കൊണ്ട് പ്രദേശത്തെ കൂടുതൽ കർഷകർ ഓപ്പൺ പ്രിസിഷൻ ഫാമിങ് കൃഷി ചെയ്യാൻ താൽപര്യമറിയിച്ചിട്ടുണ്ടെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു. വിളവെടുപ്പ് ഉദ്ഘാടനം കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഹനീഫ നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജിറ അധ്യക്ഷത വഹിച്ചു. കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ വാർഡ് അംഗങ്ങൾ, ഫാം ലൈവ് ലിഹുഡ് ബ്ലോക്ക് കോഡിനേറ്റർ ഫസീല, അഗ്രി സി.ആർ.പി ഉഷാകുമാരി, സി.ഡി.എസ് അംഗങ്ങൾ എന്നിവർ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് രമ്യ സ്വാഗതവും ജെ.എൽ.ജി അംഗം ആബിദ നന്ദിയും പറഞ്ഞു.