Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകാപ്പി കര്‍ഷകര്‍ക്ക്...

കാപ്പി കര്‍ഷകര്‍ക്ക് അഭിമാനം; വയനാടൻ റോബസ്റ്റ കാപ്പിക്ക് ദേശീയ അംഗീകാരം

text_fields
bookmark_border
കാപ്പി കര്‍ഷകര്‍ക്ക് അഭിമാനം; വയനാടൻ റോബസ്റ്റ കാപ്പിക്ക് ദേശീയ അംഗീകാരം
cancel

കൽപറ്റ: വയനാട്ടിലെ കാപ്പി കര്‍ഷകര്‍ക്ക് അഭിമാനമായി വയനാടൻ റോബസ്റ്റ കാപ്പിക്ക് ദേശീയ അംഗീകാരം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിൽ 'വണ്‍ ഡിസ്ട്രിക്ട് വണ്‍ പ്രൊഡക്റ്റ്‌' പദ്ധതിയിലാണ് വയനാടന്‍ കാപ്പിക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചത്. കൃഷി-എ വിഭാഗത്തിലാണ് റോബസ്റ്റ കാപ്പി അംഗീകരിക്കപ്പെട്ടത്. രാജ്യാന്തര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ള വയനാടന്‍ റോബസ്റ്റ കാപ്പിക്ക് ഭൗമ സൂചിക പദവി ലഭിച്ചിട്ടുണ്ട്.

വയനാടൻ മണ്ണില്‍ യഥേഷ്ടം വളരുന്ന റോബസ്റ്റ കാപ്പി ചെടിയില്ലാത്ത വീടുകള്‍ ജില്ലയിൽ വിരളമാണ്. പൊതുവെ കടുപ്പം കൂടിയ കാപ്പിയിനമാണ് റോബസ്റ്റ. അത് കൊണ്ട് തന്നെ മണവും രുചിയും കൂടുതലുള്ള അറബിക്കയുമായി ബ്ലെന്‍ഡ് ചെയ്താണ് കാപ്പി ഉപയോഗിക്കുന്നത്. കൃത്യമായ അളവിലെ ബ്ലെന്‍ഡിങ് രുചിയിലും മണത്തിലും കടുപ്പത്തിലും റോബസ്റ്റ കോഫിയെ അനന്യമാക്കുന്നു.


ഇറ്റലി, ബെല്‍ജിയം, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ റോബസ്റ്റ കോഫി ഏറെ പ്രിയപ്പെട്ടതാണ്. നെസ്കഫേ പോലുള്ള ബ്രാന്‍ഡഡ് കോഫികള്‍ ബ്ലെന്‍ഡ് ചെയ്യാന്‍ ഉപയോഗിക്കുന്നതും വയനാടന്‍ റോബസ്റ്റയാണ്. സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന 70 ശതമാനം കാപ്പിയും കൃഷി ചെയ്യുന്നത് വയനാട്ടിലാണ്. 6000 പേരാണ് കാപ്പി കൃഷി കര്‍ഷകരായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ 95 ശതമാനവും ചെറുകിട കര്‍ഷകരാണ്.

രോഗപ്രതിരോധ ശേഷിയും വയനാടന്‍ മണ്ണിന് യോജിച്ചതുമായ പെരിഡിനിയ റോബസ്റ്റ, അറബിക്ക എന്നീ കാപ്പിയിനങ്ങളാണ് നൂറുമേനി വിളയുന്നത്. ചോല മരങ്ങള്‍ക്കിടയില്‍ വളര്‍ത്തുന്ന വയനാടന്‍ കാര്‍ബണ്‍ ന്യൂട്രല്‍ കാപ്പി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുകയാണ് സര്‍ക്കാര്‍. വയനാടന്‍ റോബസ്റ്റ കാപ്പിക്ക് ഭൗമസൂചിക പദവി പദവി ലഭിച്ചതോടെ രാജ്യാന്തര-ആഭ്യന്തര വിപണികളില്‍ ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. പ്രാദേശിക വിപണികളിലും ആഭ്യന്തര-കയറ്റുമതി രംഗത്തും സാധ്യതകള്‍ വർധിക്കുകയാണ്. വയനാടന്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥക്ക് റോബസ്റ്റ കാപ്പിയുടെ വിപണന സാധ്യതകളില്‍ വന്‍ പുരോഗതി നേടാന്‍ സഹായകമാവും.

ദേശീയ സമ്മേളനത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ് പി, വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ ബി. ഗോപകുമാര്‍, അസിസ്റ്റന്റ് ഡയറക്റ്റര്‍ അശ്വിന്‍ പി. കുമാര്‍ എന്നിവര്‍ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

Show Full Article
TAGS:Robusta Coffee Wayanad News Coffee farmers Kerala News 
News Summary - Wayanad Robusta coffee gets national recognition
Next Story