Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകേരം തിങ്ങും കേരളമല്ല!...

കേരം തിങ്ങും കേരളമല്ല! രാജ്യത്തെ നാളികേര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ളത് ഈ സംസ്ഥാനം; കണക്കുകൾ പുറത്ത്

text_fields
bookmark_border
Coconut production
cancel

ന്യൂഡൽഹി: ഇന്ത്യയിലെ നാളികേര ഉത്പാദനത്തിന്റെ ആസ്ഥാനം എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുക സ്വന്തം നാടായ കേരളത്തിന്റെ പേരാകും. എന്നാൽ കാലം മാറിയതോടെ ആ കണക്കുകളും മാറിമറിഞ്ഞിരിക്കുകയാണ്. ‘കേരം തിങ്ങും കേരള’ത്തെ അടക്കം ബഹുദൂരം പിന്നിലാക്കി ഇന്ത്യയിലെ 'നാളികേര രാജാവ്' എന്ന പട്ടം ഇപ്പോൾ മറ്റൊരു സംസ്ഥാനം സ്വന്തമാക്കിയിരിക്കുന്നു.

കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള കോക്കനട്ട് ഡെവലപ്‌മെന്റ് ബോർഡ് പുറത്തുവിട്ട 2023-24 വർഷത്തെ കണക്കുകൾ പ്രകാരം കർണാടകയാണ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ നാളികേര ഉത്പാദകർ. 6,151 ദശലക്ഷം നാളികേരം ഉത്പാദിപ്പിച്ചാണ് കർണാടക ഈ നേട്ടം കൈവരിച്ചത്.

രാജ്യത്തെ ആകെ ഉത്പാദനത്തിന്റെ 28.78% വിഹിതവും കർണാടകയിൽ നിന്നാണ്. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട് 6,091 ദശലക്ഷം നാളികേരം ഉത്പാദിപ്പിച്ചപ്പോൾ, നാളികേരത്തിന്റെ സ്വന്തം നാടായ കേരളം 5,522 ദശലക്ഷം നാളികേരവുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പട്ടു.

നാളികേര ഉത്പാദന പട്ടിക

(സ്ഥാനം, സംസ്ഥാനം, ഉത്പാദനം എന്നീ ക്രമത്തിൽ)

1. കർണാടക 6,151 ദശലക്ഷം

2. തമിഴ്‌നാട് 6,091.98 ദശലക്ഷം

3. കേരളം 5,522.71 ദശലക്ഷം

4. ആന്ധ്രാപ്രദേശ് 1,707.08 ദശലക്ഷം

കർണാടകയിലെ തുമകുരു, ഹാസൻ, ചിക്കമഗളൂരു, മാണ്ഡ്യ എന്നീ ജില്ലകളിലെ ഉത്പാദന കുതിപ്പാണ് സംസ്ഥാനത്തെ ഒന്നാമതെത്തിച്ചത്. മികച്ച കാലാവസ്ഥയും കൃത്യമായ മഴയും ഇതിന് തുണയായി.

ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന മൂന്നിലൊന്ന് തേങ്ങയും (30.37%) ഇന്ത്യയിൽ നിന്നാണെന്നത് രാജ്യത്തിന് അഭിമാനകരമായ നേട്ടമാണ്. പ്രതിവർഷം ഏകദേശം 30,749.8 കോടി രൂപയാണ് നാളികേര കൃഷിയിലൂടെ ഇന്ത്യയുടെ ജി.ഡി.പിയിലേക്ക് എത്തുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവ ചേർന്നാണ് രാജ്യത്തെ ആകെ ഉത്പാദനത്തിന്റെ 90 ശതമാനത്തിലധികവും കൈകാര്യം ചെയ്യുന്നത്. ഒരു കോടിയോളം കർഷകരും 30 ദശലക്ഷം ജനങ്ങളും ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നുണ്ട്.

കയർ മേഖലയുമായി ബന്ധപ്പെട്ട 15000ലധികം വ്യവസായ യൂനിറ്റുകൾ വഴി ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകാനും നാളികേര കൃഷിക്ക് സാധിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Show Full Article
TAGS:coconut coconut production Karnataka South india coconut development board 
News Summary - Which State is the Largest Producer of Coconut in India
Next Story