സബ്സിഡി വാഗ്ദാനത്തിലൊതുങ്ങി; യുവ ക്ഷീര കർഷകർ പ്രതിസന്ധിയിൽ
text_fieldsഅടൂർ: ക്ഷീര വികസന വകുപ്പിന്റെ വാഗ്ദാനം വിശ്വസിച്ച് പശു ഫാം തുടങ്ങിയ യുവകർഷകർ വെട്ടിൽ. സ്മാർട്ട് ഡയറി യൂനിറ്റ് എന്ന പേരിലായിരുന്നു പദ്ധതി. ക്ഷീരവികസന വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് ക്ഷീരശ്രീ പോർട്ടലിൽ അപേക്ഷിച്ചവരിൽനിന്ന് സംസ്ഥാനത്ത് 17 യുവകർഷകരെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തത്. 10 പശു, ബയോഗ്യാസ് പ്ലാൻറ്, കറവയന്ത്രം എന്നിവ അടങ്ങുന്നതാണ് സ്മാർട്ട് ഡയറി യൂനിറ്റ്. ഇതിന് 11,60,000 രൂപയാണ് ചെലവ് കണക്കാക്കിയത്. ഇതിൽ 4,60000 രൂപ സബ്സിഡി നൽകുമെന്നായിരുന്നു വാഗ്ദാനം.
തെരഞ്ഞെടുത്ത കർഷകരോട് 60 ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കണമെന്നും അറിയിച്ചിരുന്നു. ഇതനുസരിച്ച് പലരും വായ്പയെടുത്ത് ഫാം സജ്ജമാക്കി. വായ്പ എടുക്കാനായി ക്ഷീര വികസന വകുപ്പിന്റെ കത്തും ബാങ്കുകൾക്ക് കൈമാറി. പിന്നാലെ പദ്ധതിയിൽ പ്രകാരം പശുക്കളെ വാങ്ങി മറ്റു സൗകര്യങ്ങൾ ഒരുക്കി. എന്നാൽ, സബ്സിഡിക്ക് അപേക്ഷിച്ചപ്പോൾ പദ്ധതി മാറ്റിവെച്ചുവെന്ന അറിയിപ്പാണ് ഡയറക്ടറേറ്റിൽനിന്ന് ലഭിച്ചത്.
പ്രതിഷേധിച്ചപ്പോൾ 2025-26ൽ പദ്ധതിയുടെ ആനുകൂല്യം നൽകുമെന്ന് അധികൃതർ ഉറപ്പു നൽകി. തുടർന്ന് അടൂർ സ്വദേശി അശ്വതി അടക്കമുള്ളവർ ഈ വർഷം ഇതേ സ്കീമിന് അപേക്ഷിച്ചു. എന്നാൽ, മുൻ ഉറപ്പ് ‘മറന്ന’ അധികൃതർ കഴിഞ്ഞവർഷം അപേക്ഷിച്ചതിനാൽ ഈ വർഷം പദ്ധതിയുടെ ഭാഗമാകാൻ കഴിയില്ലെന്ന നിലപാട് എടുക്കുകയായിരുന്നു. സർക്കാറിൽ വിശ്വസിച്ച തങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്ന് അശ്വതി പറഞ്ഞു. ക്ഷീര വികസന മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് ഈ യുവ കർഷക. സർക്കാർ പ്ലാൻ ഫണ്ട് തുക കുറച്ചതിനാലാണ് സബ്സിഡി നൽകാൻ കഴിയാതെ പോയതെന്ന് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ശാലിനി പറഞ്ഞു.