രോഗ ബാധ; കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍
text_fieldsഅടിമാലി: കാലവര്‍ഷം പ്രതികൂലമായതോടെ കൊക്കോയ്ക്ക് രോഗം പടര്‍ന്ന് പിടിക്കുന്നു. ഹൈറേഞ്ചിലെ കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍. കാലവര്‍ഷം നേരത്തെ എത്തിയതാണ് രോഗം പടരാൻ കാരണം. മരത്തില്‍ തന്നെ കൊക്കോ പരിപ്പ് പൂപ്പല്‍ പോലുളള വൈറസ് പടര്‍ന്ന് കൊഴിഞ്ഞ് വീഴുകയാണ്.
ഉല്പാദനം കുറഞ്ഞു; വിലയും
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്പാദനം 60 ശതമാനത്തിലേറെ കുറയുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 1200 രൂപ വരെ വില ലഭിച്ച കൊക്കോ പരിപ്പിന് ഇപ്പോള്‍ 330 രൂപയില്‍ താഴെയാണ് വില. കൊക്കോ പള്‍പ്പിന്റെ വില കിലോയ്ക്ക് 75 ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി 90 രൂപ വില ഉണ്ടായിരുന്നു.എന്നാല്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതിനെതുടർന്ന് കോക്കോ പരിപ്പിന് കേട് വർധിക്കാന്‍ കാരണമായതാണ് പള്‍പ്പിന്റെ വില ത്തകര്‍ച്ചക്ക് കാരണം. ഇത് കൊക്കോ കര്‍ഷകരെ കടക്കെണിയിലാക്കുകയും ചെയ്തു. കാലവര്‍ഷം ശക്തമായി തുടരുന്നതിനാല്‍ ഉണക്കി വില്‍ക്കാനും കഴിയുന്നില്ല.
മറ്റ് കൃഷിയോടൊപ്പം ഇടവിളയായിട്ടാണ് പലരും കൊക്കോ കൃഷി ചെയ്തിട്ടുള്ളത്. തനിവിളയായി ചെയ്യുന്നവരുമുണ്ട്. ആഴ്ചതോറും വിളവെടുപ്പ് നടത്താമെന്നതിനാല്‍ മറ്റു വിളകള്‍ക്ക് വിലയിടിഞ്ഞപ്പോള്‍ കര്‍ഷകര്‍ക്ക് താങ്ങായി നിന്നത് കൊക്കോയാണ്. കഴിഞ്ഞ വര്‍ഷം ഒരു കിലോഗ്രാം പള്‍പ്പിന് 190 രൂപ വരെ ലഭിച്ചിരുന്നു. അതേസമയം ഇപ്പോഴിത് 75 രൂപയിലും താഴെയാണ്. 90 രൂപയെങ്കിലും ലഭിച്ചാലേ മെച്ചമുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു.
തളിരിട്ട പൂക്കള്‍ കനത്ത മഴയില്‍ പിടിക്കുന്നില്ല . ഇത് വിളവിനെ ബാധിക്കും. ഇതിന് പുറമെ കായ് ചീയുകയും ഫംഗസ് ബാധിക്കുകയും ചെയ്തതോടെ ഉല്പാദനം ഗണ്യമായി കുറഞ്ഞു.
കൊക്കോ പരിപ്പിന് ഗുണമേന്മ കുറഞ്ഞതാണ് വിലയിടിവിന് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കാഡ്ബറിസ് കമ്പനി മാത്രമാണ് ഇപ്പോള്‍ കൊക്കോ ശേഖരിക്കുന്നത് ഇവര്‍ മനപ്പൂർവം വില ഇടിക്കുന്നതായും ആരോപണമുണ്ട്.
ജലസേചന സൗകര്യമൊരുക്കിയാല്‍ വര്‍ഷം മുഴുവന്‍ വിളവ് ലഭിക്കുന്ന ഏക കൃഷിയാണിത്. ഉൽപാദന ചെലവ് കുറവായതിനാല്‍ മറ്റു വിളകള്‍ക്ക് വിലയിടിഞ്ഞപ്പോള്‍ ജില്ലയിലെ നിരവധി പേർ കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. മഴയും തണുപ്പും ആവശ്യമാണെങ്കിലും അധികമായി മഴ ലഭിച്ചതാണ് ഇത്തവണ വിനയായത്.
അമിത മഴ ലഭിച്ചതിനാല്‍ ചെടികളില്‍ പുതിയ പൂവ് വിരിയുന്നില്ല. 30 ദിവസത്തിനിടെ മൂന്നുതവണ മരുന്ന് തളിക്കണം. എന്നാല്‍ മഴ കൂടുതലായതിനാല്‍ ചെടികളില്‍ ഇത്തവണ ഒരുതവണ മാത്രമാണ് ബോര്‍ഡോ മിശ്രിതം തളിക്കാന്‍ സാധിച്ചത്.
ഇന്ത്യയില്‍ മൊത്തം ഉല്പാദിപ്പിക്കുന്ന കൊക്കോയുടെ 82 ശതമാനവും കേരളത്തിലാണ്. ഇതില്‍ 70 ശതമാനവും ഇടുക്കി ജില്ലയിലാണ്. അടിമാലി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജാക്കാട്, തങ്കമണി, വാത്തികുടി, വാഴത്തോപ്പ്, കഞ്ഞിക്കുഴി തുടങ്ങിയ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കൃഷി ഉള്ളത്. ചോക്ലേറ്റ് നിര്‍മാണത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത്. കാര്യമായ പ്രോത്സാഹനം ലഭിക്കാതിരുന്നിട്ടും സംസ്ഥാനത്ത് മെച്ചപ്പെട്ട ഉല്പാദനം നടക്കുന്നുണ്ട്. എന്നിട്ടും വില ലഭിക്കാത്ത സ്ഥിതിയാണ്.
കാമറൂണ്‍, നൈജീരിയ, ഐവറി കോസ്റ്റ്, ഇന്ത്യോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും കൊക്കോ ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ ഉല്പാദനം വര്‍ധിപ്പിച്ചുകൊണ്ട് ഇറക്കുമതി കുറച്ച് കര്‍ഷകര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കാൻ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കര്‍ഷകര്‍ പറയുന്നു. ഭൂരിഭാഗംപേരും ദുരിതത്തിലായിട്ടും കൃഷി വകുപ്പ് അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.