മലയോരത്തെ കമുകിൻ തോട്ടങ്ങളിൽ മഹാളി രോഗം വ്യാപകം
text_fieldsപേരാവൂർ: ശക്തമായ മഴയെ തുടർന്ന് കമുകിൻ തോട്ടങ്ങളിൽ മഹാളി രോഗം വ്യാപകമാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പെയ്ത കനത്ത മഴയാണു രോഗ വ്യാപനത്തിനു ഇടയാക്കിയത്. രോഗം ബാധിക്കുന്നതോടെ ഞെട്ടികൾ ചീഞ്ഞ് അടക്കകൾ പാകമാകും മുമ്പുതന്നെ പൂർണമായും കൊഴിഞ്ഞുപോകുകയാണ്. പകർച്ച രോഗമായതിനാൽ ഒരു മരത്തിൽ രോഗം ബാധിച്ചാൽ മറ്റു മരങ്ങളിലേക്കും സമീപ തോട്ടങ്ങളിലേക്കും രോഗം വ്യാപി ക്കും.
തുരിശും ചുണ്ണാമ്പും ചേർത്ത ബോർഡോ മിശ്രിതം തളിക്കുകയാണ് രോഗത്തിനുള്ള പ്രതിവിധി. രോഗം പിടിപെട്ട അടക്കകൾ പൂർണമായും കൊഴിഞ്ഞുപോകും. രോഗം വരാതിരിക്കാനായി മുൻകൂട്ടി മരുന്ന് തളിക്കുകയാണ് വേണ്ടതെങ്കിലും ഇടതടവില്ലാതെ മഴപെയ്യുന്നത് മരുന്ന് തെളിക്കുന്നതിന് പ്രതികൂലമാകുന്നുണ്ട്.
ബഹുഭൂരിപക്ഷം കമുകിൻ തോട്ടങ്ങളിലും രോഗബാധ നിമിത്തം പാകമാകാത്ത അടക്കകൾ കൊഴിഞ്ഞുവീഴുകയാണ്. കായ്കളിലും പൂവിലും വെള്ള നിറത്തിലെ പാടുകളുമായാണ് രോഗം ആദ്യം പ്രത്യക്ഷപ്പെടുന്നത്. ക്രമേണ അഴുകി കൊഴിഞ്ഞുവീഴും. നല്ല വില അടക്കക്ക് ലഭിക്കുന്നത് കർഷകർക്ക് ആശ്വാസമായിരിക്കെയാണ് മഞ്ഞളിപ്പ്, മഹാളി രോഗങ്ങൾ വ്യാപകമായത്.


