Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightമുട്ട പോയ പോക്ക്;...

മുട്ട പോയ പോക്ക്; സംസ്ഥാനത്ത് കുതിച്ചുയർന്ന് മുട്ടവില

text_fields
bookmark_border
egg
cancel

തിരുവനന്തപുരം: ഭക്ഷണക്രമത്തിലെ താളംതെറ്റിച്ച് കുതിച്ചുയർന്ന് മുട്ടവില. കുടുംബ ബജറ്റിനെത്തന്നെ താറുമാറാക്കുന്ന വർധനയാണ് മാസങ്ങൾക്കിടെ കോഴി, താറാവ് മുട്ടകളുടെ വിലയിൽ സംഭവിച്ചിരിക്കുന്നത്. താറാവുമുട്ടയ്ക്ക് 15 രൂപയും നാടൻ കോഴിമുട്ടയ്ക്ക് 10 രൂപയുമാണ് ഇപ്പോൾ വിപണി വില. 6 മാസം മുമ്പ് വരെ 11 രൂപയുണ്ടായിരുന്ന താറാവുമുട്ട കഴിഞ്ഞ മാസം 2 രൂപ കൂടി ഉയർന്നിരുന്നു. അതേസമയം, കോഴിമുട്ട വില 7 രൂപയിൽ നിന്നാണ് 10 രൂപയിലെത്തിയത്. അന്യ സംസ്ഥാനങ്ങളിൽനിന്നും മറ്റും എത്തുന്ന സാധാരണ മുട്ടയ്ക്ക് പോലും വിപണിയിൽ 9 രൂപയാണ് വില. ചില്ലറ വിപണിയിൽ 8.5 മുതൽ 9 രൂപ വരെയുമാണ്.

മുട്ട വില ഉയർന്നതോടെ ഹോട്ടലുകളിൽ മുട്ട വിഭവങ്ങൾക്കും വില കൂട്ടിയിരിക്കുകയാണ്. തീറ്റ വില ഉയർന്നതും പാടശേഖരങ്ങളിൽ നിന്നുള്ള തീറ്റ ലഭിക്കാതെ വന്നതും കാരണം പലരും കൃഷി അവസാനിപ്പിക്കുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. പാടശേഖരങ്ങളിൽ നിന്ന് യഥേഷ്ടം തീറ്റ ലഭിച്ചിരുന്നപ്പോൾ ഒരു താറാവുമുട്ടയ്ക്ക് 68 മുതൽ 70 ഗ്രാം വരെ തൂക്കമുണ്ടായിരുന്നു. എന്നാൽ തീറ്റക്ഷാമം ഉണ്ടായതോടെ മുട്ടയുടെ തൂക്കം 48 മുതൽ 50 ഗ്രാം വരെയായി ചുരുങ്ങി. അതുകൊണ്ട് തന്നെ മുട്ട ബിസിനസ്സും ഫാമിങ്ങും വളരെ പ്രതിസന്ധിയിലാമെന്ന് കർഷകർ പറയുന്നു.

തീറ്റയ്ക്കും പൊള്ളുന്ന വില

മുട്ടയ്ക്ക് മാത്രമല്ല, കോഴിക്കുഞ്ഞുങ്ങൾക്കും പൊള്ളുന്ന വിലയാണ്. കോഴിത്തീറ്റയ്‌ക്ക് ചാക്കിന് 500 രൂപയിലധികമാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ വർധിച്ചത്. 25 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞിന്റെ വില 45 രൂപയായി ഉയരുകയും ചെയ്തു. ഈ വില വർധന സംസ്ഥാനത്തെ കോഴിവളർത്തൽ ഉപജീവനമാക്കിയ കർഷകർക്ക് താങ്ങാനാവാത്ത തിരിച്ചടിയാണ് നൽകിയത്.

അതിനിടെ, ഈ മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കണമെന്നും കോഴി വളർത്തൽ കാർഷിക മേഖല പരിധിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ ആവശ്യപ്പെട്ടു. ലൈസൻസ് നിയമങ്ങൾ ലഘൂകരിച്ച്, മൃഗസംരക്ഷണ വകുപ്പിന് കീഴിൽ നേരിട്ട് ലൈസൻസ് നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. തീറ്റവില വർധന കാരണം വിപണിയിലെത്തുന്ന തീറ്റയുടെ ഗുണനിലവാരം കുറക്കുന്നെന്നും പരാതിയുണ്ട്. ഇത് ഉൽപ്പാദനച്ചെലവ് കുത്തനെ കൂട്ടിയ സാഹചര്യത്തിൽ, കോഴിയിറച്ചി വില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും കർഷകർ പറയുന്നു.

Show Full Article
TAGS:Latest News Egg famine agriculture Foods Egg price Kerala 
News Summary - Egg prices skyrocket in the state due to the price hike
Next Story