Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightഭക്ഷ്യ എണ്ണ ഇറക്കുമതി;...

ഭക്ഷ്യ എണ്ണ ഇറക്കുമതി; ചെലവ് ഏറ്റവും ഉയർന്ന നിലയിലെത്തും, എട്ടുമാസത്തിനിടെ വർധന 20 ശതമാനമെന്ന് എസ്.ഇ.എ

text_fields
bookmark_border
ഭക്ഷ്യ എണ്ണ ഇറക്കുമതി; ചെലവ് ഏറ്റവും ഉയർന്ന നിലയിലെത്തും, എട്ടുമാസത്തിനിടെ വർധന 20 ശതമാനമെന്ന് എസ്.ഇ.എ
cancel

ന്യൂഡൽഹി: 2025-26 നടപ്പ് എണ്ണ വർഷത്തിൽ ഇന്ത്യയുടെ ഭക്ഷ്യാവശ്യങ്ങൾക്കുള്ള എണ്ണ ഇറക്കുമതി ചെലവ് ഏറ്റവും ഉയർന്ന തോതിലെത്തുമെന്ന് സോൾവെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 1.75 ലക്ഷം കോടി രൂപയിലെത്തുമെന്ന് മുന്നറിയിപ്പ്. എണ്ണ വർഷത്തിലെ ആദ്യ എട്ടു മാസങ്ങളിൽ (നവംബർ-ജൂൺ) ഇറക്കുമതി ചെലവിൽ 20 ശതമാനത്തിലധികം വർധനയുണ്ടായ സാഹചര്യത്തിലാണ് വ്യവസായ സംഘടനയുടെ പുതിയ വിലയിരുത്തൽ.

കഴിഞ്ഞ എണ്ണ വർഷത്തിൽ ആകെ 1.61 ലക്ഷം കോടി രൂപയായിരുന്നു ഇറക്കുമതി ചെലവ്. ഈ വർഷം നവംബർ മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം 104 ലക്ഷം ടണ്ണിലധികം ഭക്ഷ്യഎണ്ണ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തു. കഴിഞ്ഞവർഷം ഇതേകാലയളവിൽ 99,000 കോടി രൂപയായിരുന്ന ഇറക്കുമതി ചെലവ് ഇത്തവണ 1.19 ലക്ഷം കോടിയായാണ് വർധിച്ചത്. 20.20 ശതമാനത്തിന്റെ (ഏകദേശം 20,000 കോടി രൂപ) വർധനവാണിത്.

ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ഇറക്കുമതി ചെലവേറ്റാൻ പ്രധാന കാരണമായെന്നും എസ്.ഇ.എ വ്യക്തമാക്കി. പാം ഓയിൽ അധിഷ്ഠിത ബയോഡീസൽ ഉൽപാദനം ഇന്തോനേഷ്യ വിപുലീകരിച്ചതോടെ ആഗോള വിപണിയിൽ ഭക്ഷ്യാവശ്യത്തിനുള്ള പാം ഓയിൽ ലഭ്യത കുറഞ്ഞുവരികയും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഉയർന്ന ഇൻഷുറൻസ്-ചരക്കുകൂലികൾ എന്നിവയും അന്താരാഷ്ട്ര തലത്തിൽ ഭക്ഷ്യഎണ്ണ വില വർധിക്കാൻ ഇടയാക്കി.

അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധികൾക്ക് പുറമെ, ആഭ്യന്തര തലത്തിൽ കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രാജ്യത്തെ പ്രധാന എണ്ണക്കുരു ഉൽപാദന മേഖലകളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ വൈകിയതും വിതയ്ക്കൽ കുറഞ്ഞതും ഉൽപാദനത്തെ ബാധിക്കും.

ജൂലൈ 17 വരെയുള്ള കണക്കുകൾ പ്രകാരം എണ്ണക്കുരു കൃഷി വിസ്തൃതി 147 ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങിയിട്ടുണ്ട്. പ്രധാന വിളകളായ നിലക്കടല, സോയാബീൻ, സൂര്യകാന്തി എന്നിവയുടെ വിതയ്ക്കലിലാണ് കാര്യമായ കുറവുണ്ടായത്. എണ്ണക്കുരുക്കൾ പൂക്കുന്ന ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിൽ മഴ കുറഞ്ഞാൽ അത് വിളവിനെയും വരാനിരിക്കുന്ന റാബി സീസണിനെയും ദോഷകരമായി ബാധിച്ചേക്കാമെന്നും വ്യവസായ സംഘടന ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളെ ആശ്രയിച്ച് വിദേശനാണ്യം വൻതോതിൽ പുറത്തേക്ക് ഒഴുക്കുന്നതിന് പകരം ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുക മാത്രമാണ് ശാശ്വത പരിഹാരമെന്ന് എസ്.ഇ.എ പ്രസിഡന്റ് സഞ്ജീവ് അസ്താന വ്യക്തമാക്കി.

Show Full Article
TAGS:India agricultrue Edible oil imports oil price finance 
News Summary - Import of edible oil; Costs will reach record high, increase by 20 percent in eight months, SEA says
Next Story