വിലയുണ്ട്, വിൽക്കാനില്ല
text_fields‘കറുത്ത പൊന്നെന്ന’ ചെല്ലപ്പേരിനെ അന്വർഥമാക്കി കുരുമുളക് വില റെക്കോഡ് തിളക്കത്തിലാണെങ്കിലും കർഷകരുെട കളപ്പുരകൾ കാലി. കേരളത്തിലെ കുരുമുളക് ഉൽപാദനത്തില് ഏറ്റക്കുറച്ചിലുകള്‍ പുതുമയല്ലെങ്കിലും, വില സര്‍വകാല റെക്കോഡിലേക്ക് കുതിക്കുമ്പോൾ ചരിത്രത്തിെല ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഉൽപാദനം കൂപ്പുകുത്തിയതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. ഇതോടെ ഉയർന്ന വിലക്ക് വിറ്റഴിക്കാൻ ചരക്കില്ലാത്തതിന്റെ നിരാശയിലാണ് സാധാരണ കർഷകർ.
2013ലെ 42,490 ടണ്ണായിരുന്നു സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഉൽപാദനം. ഇതിനുശേഷം രണ്ടുതവണ 40,000 ടണ്‍ കടക്കുകയും ചെയ്തു- 2015ലും 2017ലും. എന്നാൽ, ഇത്തവണ റെക്കോഡ് ഇടിവാണ് ഉൽപാദനത്തിൽ സംഭവിച്ചിരിക്കുന്നത്. 2024-25ലെ കുരുമുളക് വിളവെടുപ്പ് സീസണ് അവസാനിച്ചപ്പോഴുള്ള പ്രാഥമികകണക്ക് പ്രകാരം 21,941 ടൺ മാത്രമാണ് ഉൽപാദനം. 2023-24ൽ 30,798 ടണ്ണായിരുന്നു വിളവ്.
അടുത്തിടെ കുരുമുളക് കൃഷിയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, കേരളത്തിൽ എട്ടു മുതൽ പത്ത് ശതമാനംവരെ കൃഷിയിലും ഉൽപാദനത്തിലും കുറവുണ്ടായെന്നാണ് ലോക്സഭയിൽ കേന്ദ്ര കൃഷി സഹമന്ത്രി രാംനാഥ് ഠാക്കൂർ വ്യക്തമാക്കിയിരുന്നു. 2014-15ൽ 85,431 ഹെക്ടറിൽ കൃഷി ചെയ്തിരുന്ന കുരുമുളക് 2023-24 ആയപ്പോഴേക്ക് 72,699 ഹെക്ടർ സ്ഥലത്തേക്ക് ചുരുങ്ങിയതായും ഉൽപാദനം 40,690 ടൺ ആയിരുന്നത് 30,798 ടണ്ണായി കുറഞ്ഞതായും മന്ത്രി അറിയിച്ചു. കീടങ്ങളും രോഗങ്ങളുമാണ് ഇടിവിന് കാരണമെന്നും മന്ത്രി പറഞ്ഞിരുന്നു.
വില ഉയരാൻ ഉൽപാദനത്തിലെ ഇടിവും കാരണമാണെങ്കിലും വിൽക്കാൻ കുരുമുളകില്ലാത്തത് കർഷകർക്ക് നൊമ്പരമാവുകയുമാണ്. സീസണ് അവസാനിച്ചപ്പോള്‍ വന്‍കിട കര്‍ഷകരുടെ കൈയില്‍ മാത്രമാണ് കുരുമുളകുള്ളത്. ചെറുകിട കര്‍ഷകരിൽ ഭൂരിഭാഗവും ഉള്ള കുരുമുളകെല്ലാം വിറ്റൊഴിച്ചുകഴിഞ്ഞു. അതേസമയം, കൂടുതല്‍ വില പ്രതീക്ഷിച്ച് സ്റ്റോക്ക് ചെയ്ത വൻകിടക്കാർക്ക് ലോട്ടറിയാണ് വിലയിലെ കുതിപ്പ്.
ഇടിഞ്ഞ് ഇറക്കുമതി; ഉൽപാദനം
സ്വർണവിലയുടെ കുതിപ്പിനിടെ കുരുമുളക് വിലയും റെേക്കാഡിലേക്കാണ് നീങ്ങുന്നത്. 2014-15 സീസണിൽ കുരുമുളക് വില കിലോക്ക് 740 രൂപ വരെയായി ഉയർന്ന് റെക്കോഡ് സൃഷ്ടിച്ചിരുന്നു. ഇതിനുശേഷം തുടർച്ചയായി വില ഇടിഞ്ഞു. 2020 ജൂണിൽ 316 രൂപയായി കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ആദ്യം 550-600 രൂപ നിരക്കിൽ കച്ചവടം ആരംഭിച്ചതിനൊടുവിൽ ജനുവരിയിൽ 640 രൂപയായി. ഇത്തവണ വിളവെടുപ്പ് സീസണിന്റെ ആരംഭത്തിൽ 650 രൂപയായിരുന്നു വില. പിന്നീട് കർഷകമുഖങ്ങളിൽ സന്തോഷം നിറച്ച് കുരുമുളക് വില കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞദിവസം ഇത് 715രൂപയിലെത്തി നിൽക്കുന്നു.
യു.എസ് ഡോളർ ശക്തിപ്പെട്ടതിനെതുടർന്ന് ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര-വിദേശ ഉൽപാദനത്തിൽ വൻ ഇടിവുണ്ടായതുമാണ് കുരുമുളക് വില ഉയരാൻ കാരണമായത്. പ്രധാന ഉൽപാദക രാജ്യങ്ങളായ വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, ബ്രസീൽ എന്നിവിടങ്ങളിലെല്ലാം വിളവിൽ വലിയതോതിലാണ് കുറവുണ്ടായത്. വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ കയറ്റുമതി ചെയ്യാന്‍ ആവശ്യമായത്ര കുരുമുളകില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടെ, നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കള്ളക്കടത്തായി വന്നിരുന്ന കുരുമുളകിന്റെ വരവ് കുറഞ്ഞതും ആഭ്യന്തര മാർക്കറ്റിൽ വില ഉയരാൻ ഇടയാക്കി.
ഇതിനൊപ്പം ഡോളർ വിലയിലെ ചാഞ്ചാട്ടംമൂലം ഇറക്കുമതിക്കാർ മാറിനിൽക്കുന്നതും വിപണിയിൽ പ്രതിഫലിച്ചു. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞുനിൽക്കുന്നതിനാൽ ഇറക്കുമതിക്ക് ചെലവ് വർധിപ്പിക്കും. ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ ഏറിയതും കുരുമുളകിന് ഇപ്പോൾ മെച്ചപ്പെട്ട വില ലഭിക്കാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. മറ്റ് ഉൽപാദക രാജ്യങ്ങളേക്കാൾ ഉയർന്ന വിലയാണ് കുരുമുളകിന് ഇന്ത്യയിലുള്ളത്. വില ഇനിയും കൂടുമെന്നാണ് വിപണികേന്ദ്രങ്ങൾ നൽകുന്ന സൂചന.
കാലാവസ്ഥ വ്യതിയാനവും രോഗബാധയും തിരിച്ചടി
സംസ്ഥാനത്തെ കുരുമുളക് ഉൽപാദനം ഇടിഞ്ഞതിന് പ്രധാന കാരണം കാലാവസ്ഥ വ്യതിയാനവും രോഗബാധയുമാണെന്ന് കര്‍ഷകര്‍ പറയുന്നു. വൻ രോഗബാധയാണ് വയനാട്ടിൽ വ്യാപിച്ചത്. ഇലകൾ പഴുത്തുണങ്ങി തണ്ട് കരിഞ്ഞ് കുരുമുളക് മൂപ്പെത്താതെ പൊള്ളായി കൊഴിഞ്ഞ് വീഴുകയായിരുന്നു.
ഇടുക്കിയിൽ കഴിഞ്ഞ വർഷത്തെ വേനലിൽ വലിയതോതിൽ കൃഷി ഉണങ്ങി നശിച്ചിരുന്നു. പിന്നീട് മുളക് പിടിക്കുന്ന സമയത്ത് വേണ്ടത്ര മഴയും ലഭിച്ചില്ല. ഇതോടെ പൂക്കളും തിരികളും െകാഴിഞ്ഞുപോയതായി കർഷകർ പറയുന്നു. അവശേഷിച്ച ചെടികളെ ദ്രുതവാട്ടം അടക്കമുള്ള രോഗങ്ങളും ബാധിച്ചു. താങ്ങുമരങ്ങൾക്ക് കേട് സംഭവിച്ചതും വള്ളികൾ നശിക്കാൻ ഇടയാക്കി. ഒരു ഹെക്ടറിൽനിന്ന് ഏകദേശം 2800 കിലോയോളം ഉണക്ക കുരുമുളകാണ് മുൻ വർഷങ്ങളിൽ ലഭിച്ചിരുന്നത്. എന്നാൽ, ഇത്തവണ 40 ശതമാനം വരെ കുറഞ്ഞതായി കർഷകർ പറയുന്നു.
വിളവ് പകുതിയായി
മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിളവ് പകുതിയായി കുറഞ്ഞു. എല്ലാ മേഖലകളിലും ഉൽപാദനം ഇടിഞ്ഞു. ദ്രുതവാട്ടം, സാവധാനവാട്ടം അടക്കമുള്ള രോഗങ്ങൾ വലിയതോതിൽ ചെടികളെ ബാധിച്ചു. കഴിഞ്ഞ വർഷം മഴയും ചതിച്ചു. പഴയതുപോലെ ചെടികൾ പിടിക്കാത്തതും പ്രശ്നമാണ്
ദിപിൻ വലുമ്മേൽ.കർഷകൻ
ഇറക്കുമതിയിൽ വലിയ കുറവ്
ഇറക്കുമതി കുറഞ്ഞതാണ് മാർക്കറ്റിനെ ബാധിച്ചത്. ഡോളറിന്റെ വിലയിലുണ്ടായ ചാഞ്ചാട്ടംമൂലം ഇറക്കുമതിക്കാർ മടിച്ചുനിൽക്കുകയാണ്. വിയറ്റ്നാമിൽനിന്നും ശ്രീലങ്കയിൽ നിന്നുമാണ് കൂടുതലായി ഇറക്കുമതി നടന്നിരുന്നത്. ഇരുരാജ്യങ്ങളിലും ഉൽപാദനം ഇടിഞ്ഞു. ചരക്ക് കുറഞ്ഞതോടെ അടുത്തിടെ ശ്രീലങ്ക 30രൂപ തീരുവയും കൂട്ടി.
വില ഉയർന്നുനിൽക്കുന്നത് വിൽപനയെയും ബാധിക്കുന്നുണ്ട്. അത്യാവശ്യക്കാർ മാത്രമാണ് ഉൽപന്നം വാങ്ങുന്നത്. ചില്ലറയായി വാങ്ങുന്നവർ അളവും കുറക്കുന്നുണ്ട്. കർണാടകയിൽ അടുത്ത മാസത്തോെട വിളവെടുപ്പ് ആരംഭിക്കും. ഇതിന്റെ പ്രതിഫലനം വിപണിയിലുണ്ടായേക്കാം.
കെ.കെ. സുനീർ, സംസ്ഥാന പ്രസിഡന്റ് കേരള സ്പൈസസ് വർക്കേഴ്സ് കോൺഗ്രസ്
‘രോഗബാധ രൂക്ഷമായി ബാധിച്ചു’
കുരുമുളക് ഉൽപാദനം ഇടിയാൻ പ്രധാനകാരണം രോഗബാധയാണ്. ഹൈറേഞ്ചിലടക്കം കുരുമുളക് ഉൽപാദനത്തെ സാവധാനവാട്ടം വലിയ തോതിൽ ബാധിച്ചു. രോഗത്തെ തുടർന്ന് ചെടികൾ പൂർണമായി നശിച്ചുപോയി. നിമാ വിരകളുടെയും മണ്ണിലെ കുമിളുകളുടെയും ആക്രമണമാണ് രോഗത്തിന് കാരണം. നിമാവിരകൾ ആക്രമിച്ച വേരിന്റെ മുറിപ്പാടിൽ കുമിളുകൾ പ്രവേശിക്കുകയും വേരിൽ ചീയലുണ്ടാക്കുകയും ചെയ്യും.
ത് മൂലം ചെടിക്ക് മണ്ണിൽ നിന്ന് വെള്ളവും പോഷകമൂലകങ്ങളും വലിച്ചെടുക്കാനുള്ള ശക്തി ക്ഷയിച്ച് ചെടികളിൽ വാട്ടത്തിന്റെ ലക്ഷണം കണ്ടുതുടങ്ങും. സാവധാനവാട്ടത്തെ തുടർന്ന് ചെടികൾ വലിയതോതിൽ നശിച്ചു. പലരും കൃഷിയിൽനിന്ന് പിന്മാറി. കഴിഞ്ഞ തവണ ആവശ്യമായ സമയത്ത് മഴ ലഭിക്കാത്തതും പോരായ്മയായി. തിരികൾ ഇടാൻ കൃത്യമായ സമയത്ത് മഴ ലഭിക്കണം.
ധന്യ ജോൺസൺ, കൃഷി ഓഫിസർ, ഉപ്പുതറ