കൃഷിയിൽ പുതുചരിത്രമെഴുതാൻ കടന്നപ്പള്ളി
text_fieldsകടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ പൗർണമി ജെ.എൽ.ജി പ്രവർത്തകർ കൃഷിയിടത്തിൽ
പയ്യന്നൂർ: മാറിവരുന്ന കൃഷി രീതികൾ പിന്തുടർന്ന് നൂതന കൃഷി സാമഗ്രികളുടെ സഹായത്തോടെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി കടന്നപ്പള്ളി കുടുംബശ്രീ സി.ഡി.എസ്. നിലവിൽ 56 ജെ.എൽ.ജി ഗ്രൂപ്പുകളിലെ 280 കർഷകർ 45 ഏക്കർ സ്ഥലത്താണ് വിവിധ പച്ചക്കറികൾ, നെല്ല്, ചെറുധാന്യങ്ങൾ, വാഴ, മരച്ചീനി എന്നിവ കൃഷി ചെയ്ത് വിപ്ലവമെഴുതുന്നത്.
കർഷകരെ ഉൾപ്പെടുത്തി പുതിയ കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കുന്ന രീതികളെപ്പറ്റിയും കാർഷിക മേഖലയിലെ മാറിവരുന്ന മാറ്റങ്ങളെപ്പറ്റിയും ക്ലാസുകൾ നൽകുന്നുണ്ട്. നിലവിൽ വിളവെടുക്കുന്ന പച്ചക്കറികൾ കുടുംബശ്രീ ആഴ്ചച്ചന്തകൾ വഴിയാണ് വിപണനം നടത്തുന്നത്.
ഈ വർഷം നടത്തിയ ഓണം വിപണന മേളകളിലൂടെ മാത്രം 1,43,375 രൂപയുടെ വരുമാനമാണ് സി.ഡി.എസിലെ കർഷകർ നേടിയത്. കുടുംബശ്രീ ഓക്സിലറി അംഗങ്ങളെകൂടെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ സി.ഡി.എസ്. ആദ്യ ഘട്ടമെന്നോണം സി.ഡി.എസിലെ 15 വാർഡുകളിലെയും അഞ്ച് വീടുകളിൽ ഗ്രോ ബാഗ് ഉപയോഗിച്ച് ടെറസിൽ കൃഷി തുടങ്ങാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ.
വായ്പയെടുത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് ഏരിയ ഇൻസെന്റിവ്, സബ്സിഡി എന്നീ ആനുകൂല്യങ്ങളും ഗ്രാമപഞ്ചായത്ത് നൽകുന്നുണ്ട്. കുടുംബശ്രീ സംരംഭമായ മുകുളം ജൈവിക നഴ്സറി വഴിയാണ് വിത്തുകളും പച്ചക്കറി തൈകളും വിതരണം ചെയ്യുന്നത്. കൂടാതെ, കൃഷിഭവൻ വഴി സൗജന്യമായും വിത്തുകൾ നൽകുന്നു. അത്യുൽപാദന ശേഷിയുള്ള വിത്തുകൾ ലഭ്യമാക്കി പുതിയ കാർഷിക വിദ്യകളുടെ സഹായത്തോടെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ് കടന്നപ്പള്ളി കുടുംബശ്രീ.